Memento » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ക്രിസ്റ്റഫർ നോളന്റെ തല തിരിഞ്ഞ ബുദ്ധിയിൽ വിരിഞ്ഞ തല തിരിഞ്ഞ വിസ്മയ ചിത്രം. ഒറ്റവാക്കിൽ മെമെന്റോ എന്ന സിനിമയെക്കുറിച്ച് പറയാവുന്നത് അതാണ്. നോൺ ലീനിയർ കഥാവതരണത്തിലൂടെ പ്രേക്ഷകരുടെ മനംകവർന്നെടുത്ത നോളൻ ആ രീതി ഇവിടെയും പിന്തുടരുന്നു. പക്ഷേ, ഇവിടെ അതിലും വ്യത്യസ്തത കണ്ടെത്തിയിരിക്കുകയാണ് അദ്ദേഹം. ആകെയുള്ള ഒൻപത് സീനുകളിൽ നാലെണ്ണം കളറും നാലെണ്ണം ബ്ലാക്ക് & വൈറ്റിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള ഒരു സീൻ പകുതി ബ്ലാക്ക് & വൈറ്റിലും പകുതി കളറിലും ചെയ്തിരിക്കുന്നു. കളർ സീനുകൾ എല്ലാം റിവേഴ്‌സ് ഓർഡറിലും ബ്ലാക്ക് & വൈറ്റ് സീനുകളെല്ലാം സ്ട്രൈറ്റ് ഓർഡറിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഏറ്റവും നടുക്കുള്ള അഞ്ചാമത്തെ സീൻ ബ്ലാക്ക് & വൈറ്റിൽ നിന്നും കളറിലേക്ക് രൂപാന്തരം പ്രാപിക്കുന്നു. ഇതൊക്കെ എങ്ങനെ, എന്തിന് എന്നൊക്കെ.. അല്ലെങ്കിൽ നോളൻ ഒളിപ്പിച്ചു വെച്ച ബ്രില്യൻസുകളെക്കുറിച്ച് എക്സ്പ്ലനേഷനിൽ കൃത്യമായിപ്പറയാം. ഇതിലെ കഥയും കഥാപാത്രങ്ങളുമായി ഗജിനി എന്ന സിനിമയ്ക്ക് വല്ല സാമ്യവും തോന്നിയാൽ യാദൃശ്ചികം മാത്രമല്ല. ഇൻസ്പിരേഷനാണ് ഇൻസ്പിരേഷൻ. കോപ്പിയടിക്ക് ഞങ്ങളുടെ നാട്ടിൽ ഇൻസ്പിരേഷൻ എന്നാണ് പറയാറ്. പക്ഷേ, ഒന്ന് പറയാം. ഗജിനിയിൽ മെമെന്റൊയുണ്ടെങ്കിലും ഗജിനിയല്ല മെമെന്റോ..
■ ജോനാഥൻ നോളന്റെ മെമെന്റോ മോറി എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ക്രിസ്റ്റഫർ നോളൻ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച നിയോ നോയിർ സൈക്കോളജിക്കൽ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് മെമെന്റോ. വാലി ഫിസ്റ്റർ ഛായാഗ്രഹണവും ഡോഡി ഡോൺ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഡേവിഡ് ജൂലിയനും മൈക്കൽ കാമനും ചേർന്നാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ ലിയനാർഡ് ഷെൽബി ഒരു ഇൻഷുറൻസ് കമ്പനിയുടെ ക്ലെയിം ഇൻവെസ്റ്റിഗേറ്ററായിരുന്നു. ഒരു ദിവസം രാത്രി അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നപ്പോൾ അയാളുടെ ഭാര്യ കാതറിൻ കിടക്കയിലുണ്ടായിരുന്നില്ല. അവളെ അന്വേഷിച്ചു ചെല്ലുന്ന ലിനി കാണുന്നത് തന്റെ ഭാര്യയെ ഒരു മുഖംമൂടിധാരി ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുന്നതായിട്ടായിരുന്നു. ഭാര്യയെ രക്ഷിക്കാനായി വെടിയുതിർക്കുന്ന ലിനി സംഭവസ്ഥലത്ത് വെച്ച് തന്നെ അക്രമിയെ കൊലപ്പെടുത്തി. പക്ഷേ, ഒളിച്ചിരുന്ന കൂട്ടാളിയുടെ മാരകമായ പ്രഹരത്തിൽ ലിനി ഒരു കണ്ണാടിച്ചില്ലിൽ ഇടിച്ച് ബോധരഹിതനായി താഴെ വീഴുന്നു. അപ്പോഴേക്കും അയാളുടെ ഭാര്യ കൊല്ലപ്പെട്ടിരുന്നു. ആ സംഭവത്തിനു ശേഷം, ഇടിയുടെ ആഘാതത്തിൽ തലച്ചോറിനേറ്റ മാരക ക്ഷതം കാരണം ലിനിക്ക് Anterograde Amnesia എന്ന പുതിയ ഓർമ്മകൾ അഞ്ച് മിനിറ്റിലേറെ സൂക്ഷിക്കാൻ കഴിയാതിരിക്കുന്ന അവസ്ഥ വരുന്നു. ഇതിനെ Short Term Memory Lose എന്നും പറയും. ഇടിയുടെ ആഘാതത്തിനു മുൻപ് തന്റെ ഭാര്യ കൊല്ലപ്പെടുന്നത് വരെയുള്ള കാര്യങ്ങൾ ലിനിക്ക് സ്പഷ്ടമായി ഓർമ്മയുണ്ടായിരുന്നു. തന്റെ ഭാര്യയെ കൊന്നത് രണ്ടുപേരാണ് എന്ന ലിനിയുടെ വാദം പോലീസ് അംഗീകരിക്കുന്നില്ല. ലിനി രണ്ടാമത്തെ അക്രമിയെ കണ്ടെത്തി പ്രതികാരം ചെയ്യാൻ തയ്യാറെടുക്കുന്നു. അയാളുടെ പേര് ജോൺ ജി. എന്നാണെന്ന് ലിനിക്ക് അറിയാം. Short Term Memory Lose കാരണം പുതിയതായി കണ്ടെത്തുന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ, അല്ലെങ്കിൽ അയാളുടെ ബലഹീനതയെ മറികടക്കാൻ അയാൾ അയാളുടെ ശരീരം തന്നെ ഒരു പുസ്തകമാക്കി മാറ്റുന്നു. ആറു പോക്കറ്റുകളുള്ള ഒരു ജാക്കറ്റ്, ഒരു ഇൻസ്റ്റന്റ് ക്യാമറ എന്നിവ അയാൾ തന്റെ മുന്നോട്ടുള്ള ജീവിതത്തിനു വേണ്ടി ശീലമാക്കുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ലിനി എന്ന ലിയനാർഡ് ഷെൽബിയായി വേഷമിട്ടിരിക്കുന്ന ഗയ് പിയേഴ്സ് അദ്ദേഹത്തിന്റെ വേഷം ഗംഭീരമാക്കി. ഗയ് പിയേഴ്‌സിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രം എന്ന് പറയാം ലിയനാർഡ് ഷെൽബിയെ. ടെഡി എന്ന രഹസ്യ പോലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ച ജോ പാന്റോലിയാനോയും നന്നായിരുന്നു. കാരി ആൻ മോസാണ് നതാലി എന്ന മറ്റൊരു പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ലിയനാർഡിന്റെ ഭാര്യ കാതറിനായി അഭിനയിച്ചിരിക്കുന്നത് ജോർജ ഫോക്‌സാണ്. സമ്മി ജങ്കിസായി വേഷമിട്ട സ്റ്റീഫൻ ടൊബലോവ്സ്കിയെയും ജങ്കിസിന്റെ ഭാര്യയായി അഭിനയിച്ച ഹാരിയറ്റ് സാൻസം ഹാരിസിനെയും വിട്ടുകളയുന്നത് ശരിയല്ല. മാർക്ക് ബൂൺ ജൂനിയർ (ബർട്ട്), കാലം കീത്ത് റെന്നി (ഡോഡ്), ലാറി ഹോൾഡൻ (ജിമ്മി ഗ്രാന്റ്സ്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ മികച്ച തിരക്കഥ, മികച്ച ഫിലിം എഡിറ്റിംഗ് എന്നിവക്കുള്ള ഓസ്കാർ നാമനിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. മെമെന്റോ എന്ന ഈ സിനിമ വെറും 25 ദിവസങ്ങൾ കൊണ്ട് ചിത്രീകരിച്ചതാണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇളയദളപതി വിജയിയെ ചിലർ കളിയാക്കി വിളിക്കുന്ന "രക്ഷകൻ വിജയ്"യെപ്പോലെ ചില നടന്മാരുടെയോ സംവിധായകരുടെയോ സിനിമകളിൽ ക്ലീഷേയായി ആവർത്തിച്ചു വരുന്ന ചില യാദൃശ്‌ചിതകളുണ്ട്, ചിലപ്പോൾ മനപ്പൂർവ്വമാകാം. ഉദാഹരണത്തിന് 'ദുൽഖറിന്റെ നാടുവിട്ടു പോകൽ', പ്രിത്വിരാജിന്റെ 'പ്രസവത്തിൽ മരിക്കുന്ന ഭാര്യ' തുടങ്ങിയവയെപ്പോലെ തന്നെ നോളന്റെയൊരു യാദൃശ്ചികതയുടെ തുടക്കം മെമെന്റോയിൽ നിന്നാണ്. മരിച്ചു പോയ ഭാര്യയുടെ ഓർമ്മകളിൽ ജീവിക്കുന്ന മെമെന്റോയിലെ നായകനെ നമുക്ക് ദി പ്രെസ്റ്റീജിലും ഇൻസെപ്‌ഷനിലും ഇന്റെർസ്റ്റല്ലാറിലുമൊക്കെ കാണാൻ സാധിക്കും.
8.5/10 . IMDb
92% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ