Mamangam » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ തിരുനാവായയിൽ ഭാരതപ്പുഴയുടെ തീരത്ത് വെച്ച് പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഈ ഉത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഭിന്നാഭിപ്രായമാണെങ്കിലും ചാവേറുകളുടെ തുടക്കത്തെക്കുറിച്ച് ഏകാഭിപ്രായമാണ് ഉള്ളത്. ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പ് മൂപ്പീന്നും രക്ഷാധികാരിയായി നിന്ന മാമാങ്കത്തിന്റെ രക്ഷാകർത്ത്വം ചേരസാമ്രാജ്യത്തിന്റെ പതനത്തോടെ തിരുനാവായ ഉൾപ്പെടുന്ന നാട്ടുരാജ്യമായ വള്ളുവനാടിന്റെ രാജാവായ വള്ളുവക്കോനാതിരിയുടെ പക്കലെത്തുകയായിരുന്നു. മാമാങ്കത്തിന് രക്ഷാധികാരിയാവുക എന്നത് പ്രൗഢിയുടെ അടയാളമായി കണ്ടിരുന്ന കോഴിക്കോട് സാമ്രാജ്യത്തിന്റെ രാജാവ് സാമൂതിരി തന്റെ സൈന്യബലം കൊണ്ട് വള്ളുവക്കോനാതിരിയെ യുദ്ധം ചെയ്തു തോൽപ്പിച്ചു തന്റെ കൈപ്പിടിയിലാക്കി. പിന്നീടിങ്ങോട്ട് സാമൂതിരി രാജവംശമായിരുന്നു മാമാങ്കത്തിന് രക്ഷാധികാരിയായി നിലപാട് നിന്നിരുന്നത്. തന്റെ കൈയ്യിൽ നിന്നും തട്ടിയെടുത്ത മാമാങ്കത്തിന്റെ രക്ഷാധികാരി എന്ന അംഗീകാരം സാമൂതിരിയിൽ നിന്നും തിരിച്ചുപിടിക്കാൻ വള്ളുവക്കോനാതിരി ശ്രമിച്ചിരുന്നുവെങ്കിലും വമ്പൻ സൈന