Mamangam » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ തിരുനാവായയിൽ ഭാരതപ്പുഴയുടെ തീരത്ത് വെച്ച് പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഈ ഉത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഭിന്നാഭിപ്രായമാണെങ്കിലും ചാവേറുകളുടെ തുടക്കത്തെക്കുറിച്ച് ഏകാഭിപ്രായമാണ് ഉള്ളത്. ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പ് മൂപ്പീന്നും രക്ഷാധികാരിയായി നിന്ന മാമാങ്കത്തിന്റെ രക്ഷാകർത്ത്വം ചേരസാമ്രാജ്യത്തിന്റെ പതനത്തോടെ തിരുനാവായ ഉൾപ്പെടുന്ന നാട്ടുരാജ്യമായ വള്ളുവനാടിന്റെ രാജാവായ വള്ളുവക്കോനാതിരിയുടെ പക്കലെത്തുകയായിരുന്നു. മാമാങ്കത്തിന് രക്ഷാധികാരിയാവുക എന്നത് പ്രൗഢിയുടെ അടയാളമായി കണ്ടിരുന്ന കോഴിക്കോട് സാമ്രാജ്യത്തിന്റെ രാജാവ് സാമൂതിരി തന്റെ സൈന്യബലം കൊണ്ട് വള്ളുവക്കോനാതിരിയെ യുദ്ധം ചെയ്തു തോൽപ്പിച്ചു തന്റെ കൈപ്പിടിയിലാക്കി. പിന്നീടിങ്ങോട്ട് സാമൂതിരി രാജവംശമായിരുന്നു മാമാങ്കത്തിന് രക്ഷാധികാരിയായി നിലപാട് നിന്നിരുന്നത്. തന്റെ കൈയ്യിൽ നിന്നും തട്ടിയെടുത്ത മാമാങ്കത്തിന്റെ രക്ഷാധികാരി എന്ന അംഗീകാരം സാമൂതിരിയിൽ നിന്നും തിരിച്ചുപിടിക്കാൻ വള്ളുവക്കോനാതിരി ശ്രമിച്ചിരുന്നുവെങ്കിലും വമ്പൻ സൈന്യബലമുള്ള സാമൂതിരിയെ നേരിട്ടൊരു യുദ്ധത്തിൽ തോൽപ്പിക്കുക എന്നത് യുക്തിയല്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അങ്ങനെ മാമാങ്ക മഹോത്സവത്തിന് നിലപാട് നിൽക്കുന്ന സാമൂതിരിയെ വധിക്കാനായി മരണം വരെയും പോരാടാൻ സന്നദ്ധരായ ധീരയോദ്ധാക്കളെ വള്ളുവക്കോനാതിരി തെരഞ്ഞെടുത്ത് അയക്കാൻ തുടങ്ങി. ഇവരാണ് കേരളചരിത്രത്തിലെ ആദ്യത്തെ ചാവേറുകൾ. ചന്ദ്രോത്ത് പണിക്കർ, പുതുമന പണിക്കർ, കോവിൽക്കാട്ട് പണിക്കർ, വേർക്കോട്ട് പണിക്കർ എന്നീ നാല് പടനായർ കുടുംബങ്ങളെയായിരുന്നു പ്രധാനമായും വള്ളുവക്കോനാതിരി ചാവേറുകളുടെ നേതൃത്വം ഏൽപ്പിച്ചിരുന്നത്. ഇവരുടെ ബന്ധുക്കൾ സാമൂതിരിയുമായുള്ള യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരായിരുന്നു എന്നുള്ളത് കൊണ്ട് തന്നെ ഇവരെല്ലാം സാമൂതിരിയുടെ കുടിപ്പക മനസ്സിൽ സൂക്ഷിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ അന്നത്തെ സാമൂതിരി മാമാങ്ക മഹോത്സവത്തിൽ ആർക്കുവേണമെങ്കിലും തന്നെ വധിക്കാൻ ശ്രമിക്കണമെന്നും അത് നിയമവിധേയമാണെന്നും വിധിക്കുകയുണ്ടായി. നിരവധി സൈനികരെ പോരാടിത്തോൽപ്പിച്ചതിനു ശേഷം മാത്രമേ സാമൂതിരിയുടെ അടുക്കലെത്താൻ ചാവേറുകൾക്കാവുമായിരുന്നുള്ളൂ. ഇതാണ് മാമാങ്കത്തിന്റെയും ചാവേറുകളുടെയും ചരിത്രം. ചരിത്രം ബിഗ് സ്‌ക്രീനിലേക്കെത്തുമ്പോൾ, അതിലെ നായകൻ, ഒരുപാട് ചരിത്രപുരുഷന്മാർക്ക് ജീവൻ നൽകിയിട്ടുള്ള മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കൂടിയാവുമ്പോൾ തീ പറക്കും എന്ന പ്രതീക്ഷയുമായിട്ടാവും പ്രേക്ഷകർ തീർച്ചയായും തിയറ്ററിലെത്തുന്നത്. പ്രതീക്ഷകൾ എത്രത്തോളം മാമാങ്കം സംരക്ഷിച്ചു എന്നതിലേക്ക്..
■ എം. പദ്മകുമാർ സംവിധാനം നിർവഹിച്ച പീരിയോഡിക് ആക്ഷൻ ത്രില്ലർ മലയാള ചിത്രമാണ് മാമാങ്കം. ഫസ്റ്റ് സ്കെഡ്യൂളിൽ മാമാങ്കത്തിന്റെ സംവിധായക കസേരയിലിരുന്ന സജീവ് പിള്ളയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനോജ് പിള്ള ഛായാഗ്രഹണവും രാജാ മുഹമ്മദ് എഡിറ്റിംഗും നിർവച്ചിരിക്കുന്നു. ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം. ജയചന്ദ്രനും പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ബൽഹാര സഹോദരന്മാരുമാണ്.
✍sʏɴᴏᴘsɪs
■ മാമാങ്കത്തിന്റെ ചരിത്രം പറയുന്നതുപോലെ തന്നെ സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചന്ദ്രോത്ത് പണിക്കർ കുടുംബത്തിലെ ചാവേറുകളിൽ നിന്നാണ് തുടങ്ങുന്നത്. ചാവേറുകളെ യാത്രയാകുന്ന ചന്ദ്രോത്ത് കുടുംബത്തിന്റെ ഇമോഷണലുകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ചന്ദ്രോത്ത് പണിക്കർ കുടുംബത്തിലെ വല്യമ്മാവനായ മമ്മൂട്ടിയുടെ കഥാപാത്രം. ഇൻട്രൊയൊക്കെ തീ പാറിച്ചു. പിന്നീട് വന്ന മമ്മൂട്ടിയുടെ സ്ത്രീ വേഷം തിയറ്റർ ഇളക്കി മറിച്ചു എന്നതാണ് സത്യം. ഫൈറ്റിൽ നിന്നുള്ള തുടക്കം പടത്തിന് നൽകിയ ഓളം വളരേ വലുതായിരുന്നു. ഫസ്റ്റ് ഹാഫ് പ്രതീക്ഷയ്‌ക്കും അപ്പുറമായിരുന്നു. രോമാഞ്ചം. ഫസ്റ്റ് ഹാഫിന്റെ അതിചടുലത കാരണമാണോ എന്നറിയില്ല, സെക്കന്റ് ഹാഫ് പ്രതീക്ഷയ്‌ക്കൊത്തുയർന്നോ എന്നത് സംശയം. മമ്മൂട്ടിയുടെ കഥാപാത്രത്തിന് വേണ്ടത്ര സ്‌പെയ്‌സ് സെക്കന്റ് ഹാഫിൽ കിട്ടിയില്ല എന്നതും പ്രേക്ഷകരെ നിരാശരാക്കിയേക്കാം. ഫസ്റ്റ് ഹാഫിൽ സൈഡ് റോളിലായിപ്പോയിരുന്ന ഉണ്ണി മുകുന്ദന്റെ ചന്ദ്രോത്ത് അനിയൻ കുട്ടൻ സ്ക്രീൻ കയ്യേറാൻ തുടങ്ങിയതും സെക്കന്റ് ഹാഫിലായിരുന്നു. ഉണ്ണിയുടെ മികച്ച പ്രകടനം കാണാനായി. പക്ഷേ, മാമാങ്കത്തിലെ ഹീറോ മമ്മൂട്ടിയോ ഉണ്ണിയോ ഒന്നുമായിരുന്നില്ല. എണ്ണയിലേക്ക് എടുത്തിട്ട കടുകുമണിപോലെ പൊട്ടിത്തെറിക്കുന്ന ചന്ദ്രോത്ത് ചന്തുണ്ണിയായി തകർത്താടിയ അച്യുതൻ എന്ന ബാലൻ തന്നെയായിരുന്നു. രണ്ടാം പകുതി ഒരു അൻപത് ശതമാനമെങ്കിലും സിനിമയെ തോളിലേറ്റി കൊണ്ടുനടന്നത് അച്യുതനായിരുന്നു. ക്ലൈമാക്സിലെ ഫൈറ്റ് തുടക്കത്തിലേതിന്റെ അടുത്തെത്തിയില്ലെങ്കിലും പടത്തെ രക്ഷിച്ചു നിർത്തിയത് അതുതന്നെയാണെന്ന് പറയേണ്ടി വരും.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ നമ്മൾ കണ്ടുവളർന്ന ചരിത്രകഥാപാത്രങ്ങളുടെയൊക്കെ മുഖം മമ്മൂട്ടിയുടേതാകുന്നതാണ് ആ താരത്തിന്റെ പ്രതിഭ. അങ്ങനെ ചന്ദ്രോത്ത് വല്യമ്മാവനായി എത്തിയ മമ്മൂട്ടിയും പ്രേക്ഷകരുടെ പ്രതീക്ഷ ഒട്ടും തെറ്റിക്കുന്നില്ല. ഇമോഷണൽ സീനുകളിലും സ്ത്രൈണ വേഷത്തിലുമൊക്കെ മമ്മൂട്ടി തകർത്താടുക തന്നെയായിരുന്നു. ചന്ദ്രോത്ത് പണിക്കർ എന്ന അനിയൻ കുട്ടനായി വന്ന ഉണ്ണി മുകുന്ദനും തന്റെ റോൾ ഗംഭീരമാക്കി. പക്ഷെ, കൊണ്ടാടപ്പെടുക തീർച്ചയായും ചന്ദ്രോത്ത് ചന്തുണ്ണിയുടെ വേഷം ചെയ്ത അച്യുതൻ എന്ന ബാലനെ തന്നെയായിരിക്കും. അത് അങ്ങനെ തന്നെയാവണം. കാരണം, അച്യുതൻ അത് അർഹിക്കുന്നുണ്ട്. സിദ്ദീഖും പതിവ് പോലെ കഥാപാത്രമായി ജീവിച്ചു കാണിച്ചു. പടത്തിൽ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ച പ്രാച്ചി തെഹ്‌ലാൻ, അനു സിതാര, ഇനിയ, കനിഹ തുടങ്ങിയവർക്കൊന്നും ഓർമ്മിക്കാനുതകുന്ന ഒരുസീൻ പോലും സമ്മാനിക്കാൻ കഴിഞ്ഞില്ല എന്നത് ഒരു കുറവായി കാണുന്നു. മാത്രവുമല്ല, കാലഘട്ടത്തോട് നീതിപുലർത്താത്ത വേഷവും കല്ലുകടി സൃഷ്ടിച്ചു. മോയിനായി വന്ന മണിക്കുട്ടൻ ആദ്യം പതർച്ചയിലായിരുന്നെങ്കിലും അവസാനത്തിൽ ട്രാക്കിലേക്ക് വന്നു. സുദേവിന്റെ രാരിച്ചനും സുരേഷ് കൃഷ്ണയും ദേ വന്നു ദാ പോയി എന്ന് പറഞ്ഞപോലെയായി.
📎 ʙᴀᴄᴋwᴀsʜ
■ ഒരു ചരിത്ര സിനിമ എന്ന നിലയിൽ മാമാങ്കം എത്രത്തോളം നീതിപുലർത്തി എന്നുള്ളതിന് പൂർണ്ണമായും എന്ന് പറയാൻ കഴിയില്ലെങ്കിലും തിയറ്റർ എക്സ്പീരിയൻസിന്റെ കാര്യത്തിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്തും. ആദ്യ പകുതിയിലെ ഹൈ പേസ് രണ്ടാം പകുതിയെ ദോഷകരമായി ബാധിച്ചെന്ന് ഞാൻ കരുതുന്നു. രണ്ടാം പകുതിക്ക് അൽപ്പം വലിച്ചിൽ അനുഭവപ്പെട്ടത് അതുകൊണ്ടാവാം. സംവിധാനത്തിലും വിഎഫ്എക്‌സിലുമൊക്കെ ഒരുപാട് പോരായ്മകൾ പ്രകടമായിരുന്നു. സംവിധായകരെ തുടരെ മാറ്റിയതാവാം ഇങ്ങനെയൊരു പ്രശ്നം സംഭവിക്കാൻ കാരണം. എങ്കിലും എം പദ്മകുമാർ തനിക്ക് കിട്ടിയ അവസരം തരക്കേടില്ലാതെ തന്നെ നിർവഹിച്ചു എന്ന് വേണം കരുതാൻ. അവസാന റിസൾട്ടിലേക്കെത്തുമ്പോൾ ആവറേജിനും കുറച്ച് മുകളിൽ നിൽക്കുന്ന സിനിമ, അതാണ് മമ്മൂട്ടിയുടെ മാമാങ്കം. അല്ല, അച്യുതന്റെ മാമാങ്കം..
MyRating 3.25/5
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ