മരക്കാർ : അറബിക്കടലിന്റെ സിംഹത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിവീലായതോടെ " സുനിൽ ഷെട്ടിയുടെ ചന്ദ്രോത്ത് പണിക്കരും മാമാങ്കത്തിലെ ഉണ്ണി മുകുന്ദന്റെ ചന്ദ്രോത്ത് പണിക്കരും ഒന്നാണോ..? ഈ പേര് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ..? ഇതെന്ത് കഥ..? " എന്ന മട്ടിൽ ഒരുപാട് പോസ്റ്റുകൾ കണ്ടു. കാര്യം മനസ്സിലാകാത്തവർക്ക് വേണ്ടി ഒരു കഥ പറയാം.. ഒന്നല്ല.. രണ്ട് കഥ.. ആദ്യം കുഞ്ഞാലി മരക്കാരുടെ കഥ സാമൂതിരി ഒരാളല്ല, ഒരു രാജവംശമാണ് എന്ന പോലെ തന്നെ കുഞ്ഞാലി മരക്കാരും ഒരാളല്ല. ഒരു വംശ പരമ്പരയാണ്, അല്ലെങ്കിൽ സ്ഥാനപ്പേരാണ്. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യം മുതൽ ഏതാണ്ട് അന്ത്യം വരെ കുഞ്ഞാലി മരക്കാരുടെ വംശ പരമ്പരയാണ് സാമൂതിരിമാരുടെ നാവികസേനയെ നയിച്ചിരുന്നത്. കടൽ വഴിയുള്ള വ്യവസായങ്ങളിൽ നിപുണനായ മുസ്ലിം വംശജരെയായിരുന്നു മരക്കാന്മാർ എന്ന് വിളിച്ചിരുന്നത്. മരവ്യാപാരികളെന്നും അരയന്മാർ എന്നും ചിലയിടത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പ്രധാനമായും നാല് മരക്കാന്മാരെക്കുറിച്ചാണ് ചരിത്രത്തിൽ എടുത്ത് പറയുന്നത്. 1. മുഹമ്മദ് മരക്കാർ (കുഞ്ഞാലി മരക്കാർ ഒന്നാമൻ) കൊച്ചിയിലെ പ്രമുഖ അരി വ്യാപാരിയായിരുന്ന കുട്ടിയാലി മരക്...