Schindler's List » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച സംവിധായകൻ ആരാണ് എന്ന ചോദ്യത്തിന് പലർക്കും പല ഉത്തരങ്ങൾ കാണാമെങ്കിലും എനിക്ക് ഒരേയൊരു ഉത്തരമേ പറയാനുണ്ടാവൂ. ആ പേരാണ് സ്റ്റീവൻ സ്പീൽബർഗ്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. നോളനാണെങ്കിലും ടാറന്റീനോയാണെങ്കിലുമൊക്കെ അവരുടേതായ ജോണറുകളിൽ പ്രതിഭ തെളിയിച്ചവരാണ് എന്ന സത്യം നിലനിൽക്കെ സ്റ്റീവൻ സ്പീൽബെർഗിന്റേതായൊരു ജോണർ കാണിച്ചു തരാൻ പറഞ്ഞാൽ ഉത്തരം മുട്ടും എന്നുള്ളത് നൂറ് ശതമാനം ഉറപ്പാണ്. കാരണം സ്പീൽബർഗ് ഏതൊക്കെ ജോണറുകളിൽ കൈവെച്ചിട്ടുണ്ടോ അതെല്ലാം തന്നെ പൊന്നാക്കിയ മനുഷ്യനാണ്. ജുറാസിക് പാർക്കും JAWSഉം ഒക്കെയെടുത്ത് വിസ്മയിപ്പിച്ച സ്പീൽബർഗ് തന്നെയാണ് ദി അഡ്വഞ്ചേഴ്സ് ഓഫ് ടിൻടിൻ എന്ന അനിമേഷൻ ചിത്രവും എടുത്തത് എന്നറിയുമ്പോൾ മനസ്സിലാക്കേണ്ടത് സ്പീൽബർഗ് എന്ന ഇതിഹാസത്തെയാണ്. ജോണറുകളിലെ വൈവിദ്ധ്യം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച വേറൊരു സംവിധായകൻ ഉണ്ടോ എന്നുള്ളത് തന്നെ സംശയമാണ്. ഏതൊരു ജോണർ എടുത്ത് നോക്കിയാലും അതിലെ ബെസ്റ്റ് ലിസ്റ്റിൽ സ്പീൽബെർഗിന്റെ ഒരു സിനിമയെങ്കിലും കാണും. 1971ൽ ഡ്യുവൽ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ സ്പീൽബർഗിന്റെ സിനിമകളുടെ ലിസ്റ്റ് ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. സ്പീൽബർഗ് സിനിമകളിൽ ഏറ്റവും ബെസ്റ്റ് എന്ന് ഞാൻ വിലയിരുത്തുന്ന വിശ്വവിസ്മയ ചിത്രമായ ഷിൻലേഴ്‌സ് ലിസ്റ്റിനെക്കുറിച്ചാണ് ഇപ്പോൾ പറയാൻ ഉദ്ദേശിക്കുന്നതും. പണ്ടൊരിക്കൽ ബ്ലാക്ക് & വൈറ്റ് പടമാണെന്നും പറഞ്ഞു മാറ്റി വെച്ചത് ഒരു അമൂല്യ രത്നത്തിനെയാണെന്നോർത്ത് ഞാനിപ്പോഴും കുറ്റബോധത്തിന്റെ നെറുകയിലാണ്. ജർമ്മൻ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്‌ലർ ജൂതന്മാരോട് ചെയ്ത കൊടുംപാതകത്തിന്റെ നേർചിത്രമാണ് സ്പീൽബർഗ് ഇവിടെ വരച്ചിടുന്നത്. ജൂതർ അനുഭവിച്ച സഹനത്തിന്റെയും ത്യാഗത്തിന്റെയും കൊടുംക്രൂരതകളുടെയും കഥ ഒരു പക്ഷേ ഇന്ന് മറ്റൊരു ഭരണാധികാരിയെ ഓർമിപ്പിക്കുന്നു. അയാൾ ഒരു ജനതയെ വലിച്ചിടാൻ പോകുന്നത് ഹിറ്റ്ലറുടെ അതേ വഴിയിലേക്കാണോ എന്ന സംശയത്തിൽ നിൽക്കുമ്പോൾ അന്ന് ഹിറ്റ്ലറുടെ കൊടുംക്രൂരതകളിൽ എരിഞ്ഞു തീർന്ന പല ജൂതരിലും ഞാൻ എന്നെത്തന്നെ കാണുന്നു. അന്ന് ജൂതർക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ലയെങ്കിലും ഇവിടെ "ആസാദി"യായി മുഴങ്ങുന്ന സഹോദരന്മാരുടെ ശബ്ദങ്ങൾ പ്രതീക്ഷകളുടേതാണ്. ഷിൻലറെപ്പോലെയുള്ള ഒരായിരക്കണക്കിന് ഷിൻലർമാർ ജീവിച്ചിരിക്കുന്ന മണ്ണിലാണ് ഞാനുമെന്നതിൽ അഭിമാനിക്കുകയാണ്..
■ തോമസ് കീനെല്ലിയുടെ ബുക്കർ പ്രൈസ് നേടിയ നോവലായ ഷിൻലേഴ്‌സ് ആർക്ക് എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി സ്റ്റീവൻ സൈലിയനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജാനുസ് കമിൻസ്കി ഛായാഗ്രഹണവും മൈക്കൽ കാൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. 99%വും ബ്ലാക്ക് & വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത് എങ്കിലും ക്യാമറാ ഫ്രയിംസിന്റെ കാര്യത്തിലോ ടെക്നിക്കുകളിലോ യാധൊരു വിധ വിട്ടുവീഴ്ച്ചയ്ക്കും ജാനുസ് തയ്യാറായിട്ടില്ല. ജാനുസിന്റെയും മാസ്റ്റർപീസുകളിൽ ഒന്നായി തന്നെ ഇത് വിലയിരുത്തപ്പെടും. ജോൺ വില്യംസിന്റെ മനോഹരമായ പശ്ചാത്തല സംഗീതത്തിന്റെയും കൂടി അകമ്പടിയായപ്പോൾ ഷിൻലേഴ്‌സ് ലിസ്റ്റ് ലോകസിനിമാ ചരിത്രത്തിലെ ഒരു ക്ലാസ്സിക് വർക്കുകളിൽ ഒന്നായി ഉയർത്തപ്പെട്ടു..
✍sʏɴᴏᴘsɪs
■ രണ്ടാം ലോകമഹായുദ്ധ കാലത്ത്, ഹോളോകോസ്റ്റ് എന്ന ഹിറ്റ്ലറുടെ കിരാത നടപടിയുടെ ഭാഗമായി നാസി ജർമ്മൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പോളണ്ടിലെ ജൂതന്മാർ മുഴുവനും ക്രാക്കോവ് ഗെറ്റോയിലേക്ക് പോവണമെന്ന് ഉത്തരവുണ്ടായി. അതുവരെ ജർമ്മനിയിലെ സകലമേഖലയിലും തങ്ങളുടെ അധീശത്വം സ്ഥാപിച്ചിരുന്ന ജൂതന്മാരുടെ കഷ്ടകാലം തുടങ്ങുകയായിരുന്നു അവിടെ. ജനിച്ച മണ്ണിലെ രണ്ടാംതരം പൗരന്മാരാകാൻ വിധിക്കപ്പെട്ട അവർക്ക് എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുകയായിരുന്നു പിന്നീട്. എന്തിന്, ജീവിക്കാനുള്ള അവകാശം പോലും. ഈ സമയത്താണ് ഓസ്കാർ ഷിൻലർ എന്ന ബിസിനസ്സുകാരൻ തന്റെ ബിസിനസ്സ് ഉദ്ദേശ്യത്തോടെ ക്രാക്കോവിലേക്ക് വരുന്നത്. അത്യാഗ്രഹങ്ങളും സ്വാർത്ഥതയും എല്ലാമുള്ള ഒരു സാധാരണ മനുഷ്യൻ തന്നെയായിരുന്നു ഷിൻലെർ. സ്വന്തമായി ബിസിനസ്സ് നടത്താനുള്ള അവകാശം നഷ്ടപ്പെട്ടിരുന്ന ജൂതരിലെ സമ്പന്നരിൽ നിന്നും പണം സ്വരൂപിച്ച് അയാൾ ക്രാക്കോവിൽ ഒരു അലുമിനിയം ഫാക്ടറി സ്ഥാപിച്ചു. എല്ലാ മേഖലയിൽ നിന്നും തുടച്ചുനീക്കപ്പെടുകയായിരുന്ന ജൂതന്മാരെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യിച്ച് പണമുണ്ടാക്കുക തന്നെയായിരുന്നു അയാളുടെ ലക്ഷ്യം. അങ്ങനെ ഓസ്കാർ ഷിൻലർ അതിസമ്പന്നനായി വളർന്നു. നാസികളുടെ ജൂത ഉന്മൂലനം തുടങ്ങാൻ പോകുന്നെയുണ്ടായിരുന്നുള്ളൂ. ഒരു ചരിത്ര നിയോഗം പോലെ ഓസ്കാർ ഷിൻലറെന്ന അത്യാഗ്രഹിയായ മനുഷ്യനിലെ മനുഷ്യസ്നേഹി ഉണർന്നു തുടങ്ങുകയായിരുന്നു. ജൂതന്മാർക്ക് ആരായിരുന്നു ഷിൻലർ എന്നതിന്റെ ചരിത്രത്തിലേക്കുള്ള വാതിൽ ഇവിടെ തുറക്കുകയാണ്..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ലിയാം നീസനാണ് ഓസ്കാർ ഷിൻലർ എന്ന ചരിത്രപുരുഷനായി അഭിനയിച്ചിരിക്കുന്നത്. ഓസ്കാർ ഷിൻലർ എന്ന മനുഷ്യന്റെ പരിണാമം അങ്ങനെയായിരുന്നുവെന്ന് അതിഗംഭീരമായി തന്നെ അഭിനയിച്ചു ഫലിപ്പിക്കുന്നുണ്ട് നീസൺ. ഷിൻലറുടെ വലംകൈയ്യായി പ്രവർത്തിച്ച ഇസ്‌ഹാഖ് സ്‌റ്റേൺ എന്ന ജൂതന്റെ വേഷം ബെൻ കിങ്‌സ്‌ലിയിൽ ഭദ്രമായിരുന്നു. നാസി ക്രൂരതയുടെ പര്യായമായിരുന്ന കമാന്റന്റ് ആമോൻ ഗോത്തായി അഭിനയിച്ച റാൽഫ് ഫെയ്ൻസിനെ ആരും മറക്കാനിടയില്ല. അത്രമേൽ പ്രേക്ഷക വെറുപ്പ് സമ്പാദിച്ച കഥാപാത്രമായിരുന്നു ആമോൻ ഗോത്ത്. മറ്റൊരു പ്രധാന കഥാപാത്രമായ ഹെലൻ ഹീർശിനെ അവതരിപ്പിച്ചിരിക്കുന്നത് എംബെത് ഡേവിഡ്‌സാണ്. ഷിൻലറുടെ ഭാര്യ എമിലിയായി അഭിനയിച്ചിരിക്കുന്നത് കരോളിൻ ഗുഡാലാണ്.
📎 ʙᴀᴄᴋwᴀsʜ
■ മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം എന്നിവയ്ക്കടക്കം ഏഴ് ഓസ്കാറുകളാണ് ഷിൻലേഴ്‌സ് ലിസ്റ്റ് വാരിക്കൂട്ടിയത്.
ആരായിരുന്നു ചുവന്ന ഉടുപ്പിട്ട ആ കൊച്ചുപെൺകുട്ടി? എന്തിന് സ്റ്റീവൻ സ്പീൽബർഗ് ഷിൻലേഴ്‌സ് ലിസ്റ്റ് എന്ന സിനിമ ബ്ലാക്ക് & വൈറ്റിലെടുത്തു? എന്നിങ്ങനെ ഷിൻലേഴ്‌സ് ലിസ്റ്റ് എന്ന സിനിമ കണ്ടുതീർത്ത പ്രേക്ഷകർക്ക് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങളുണ്ടായിരിക്കും. അതിലേക്ക് വരാം. പക്ഷേ, ഷിൻലേഴ്‌സ് ലിസ്റ്റ് കാണാത്തവർ ഇത് കാണാതിരിക്കാൻ ശ്രമിക്കുക. Maybe Spoiler..
ആരായിരുന്നു ചുവന്നയുടുപ്പിട്ട ആ കൊച്ചു പെൺകുട്ടി? എന്തിന് ആ പെൺകുട്ടിക്ക് മാത്രം സ്പീൽബർഗ് നിറമുള്ള ഉടുപ്പ് നൽകി..?
ഈയൊരു ചോദ്യം സിനിമയിറങ്ങിയ ഉടനെ സ്പീൽബെർഗിനോടും ചോദിക്കപ്പെട്ടിട്ടുണ്ട്. അതിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു. "ജർമ്മനിയിൽ ജൂതർക്കെതിരെ ഹോളോകോസ്റ്റ് എന്ന കിരാത പ്രക്രിയ നടക്കുന്നുണ്ടെന്ന് അറിവുണ്ടായിട്ടും അമേരിക്കൻ ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്ന ഉന്നതരിൽ ഒരാള് പോലും ഒരു ചെറുവിരൽ അനക്കിയില്ല. അതുകൊണ്ട് തന്നെയാണ് ചുവന്നയുടുപ്പിട്ട് ഒരു കൊച്ചുപെൺകുട്ടി തെരുവിലൂടെ നടന്നു വരുന്നത് കണ്ടിട്ടും ജർമ്മൻ റെയിലിലേക്ക് ബോംബ് വെക്കാൻ മടിക്കാത്ത സൈന്യത്തെ ഞാൻ ഇതിൽ ചിത്രീകരിച്ചത്." ആ ചുവന്നയുടുപ്പിട്ട പെൺകുട്ടി നിഷ്കളങ്കതയുടെയും ഹോളോകോസ്റ്റിൽ ജൂതന്മാർ ചിന്തിയ രക്തത്തിന്റെയും പര്യായമാണ്. ചിത്രത്തിന്റെ തുടക്കത്തിൽ ചുവന്നയുടുപ്പിട്ട ഈ പെൺകുട്ടിയെ ഓസ്കാർ ഷിൻലർ കാണുന്നുണ്ട്. അപ്പോൾ അയാൾ എല്ലാവരെയും പോലെ 'ഇതെന്നെ ബാധിക്കുന്ന പ്രശ്നമല്ല' എന്ന മട്ടിൽ തിരിച്ചു പോവുകയായിരുന്നു. രണ്ടാമത് ഷിൻലർ കാണുന്നത് അവളുടെ ജീവനറ്റ ശരീരമായിരുന്നു. അവിടെ നിന്നാണ് ഓസ്കാർ ഷിൻലർ എന്ന മനുഷ്യസ്നേഹി പിറവിയെടുക്കുന്നത്, അയാൾ മാനസാന്തരപ്പെടുന്നത്. ഒലിവിയ ഡബ്രോവ്സ്ക എന്ന അന്നത്തെ മൂന്ന് വയസ്സുകാരിയായിരുന്നു ആ പെൺകുട്ടിയെ അവതരിപ്പിച്ചത്.
എന്തിനായിരുന്നു സ്പീൽബർഗ് ഷിൻലേഴ്‌സ് ലിസ്റ്റ് ബ്ലാക്ക് & വൈറ്റിൽ ചിത്രീകരിച്ചത്?
ഇതിന് സ്പീൽബെർഗ്ഗ് പറയുന്ന കാരണം, ഹോളോകോസ്റ്റ് പ്രകാശമയമില്ലാത്ത ജീവിതമായിരുന്നു എന്നതാണ്. "എനിക്ക് ജീവന്റെ പര്യായം നിറങ്ങളാണ്" എന്നദ്ദേഹം പറയുന്നു. കളർഫുളായി തുടങ്ങുന്ന ആദ്യത്തെ സീനിലെ മെഴുകുതിരി വെളിച്ചം അണയുമ്പോൾ നിറങ്ങളും ചിത്രത്തിൽ നിന്നും മായ്ക്കപ്പെടുന്നു. അവസാനം മെഴുകുതിരി കൊളുത്തുമ്പോഴാണ് പിന്നീട് ചിത്രത്തിലേക്ക് നിറങ്ങൾ തിരിച്ചു വരുന്നത്. ജൂതരുടെ ഇരുൾ നിറഞ്ഞ ജീവിതമാണ് കാണിക്കാൻ പോകുന്നത് എന്നുള്ളതുകൊണ്ടാണ് സ്പീൽബർഗ് ഷിൻലേഴ്‌സ് ലിസ്റ്റിൽ നിന്നും നിറങ്ങൾ എടുത്തു കളഞ്ഞത് എന്നും അഭിപ്രായങ്ങളുണ്ട്..
8.9/10 . IMDb
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ