ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Diriliş: Ertuğrul



Diriliş: Ertuğrul » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വീരേതിഹാസം. വെറും രണ്ടായിരത്തോളം അംഗങ്ങളുള്ള ഒരു നാടോടി ഗോത്രം ലോകം മുഴുവൻ അടക്കി ഭരിക്കാൻ കെൽപ്പുള്ള ഓട്ടോമൻ സാമ്രാജ്യമായ കഥ. ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഖാസിയുടെ പിതാവ് എർതൂറുൽ ഖാസിയുടെ ചരിത്രം. തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന ദിറിലിഷ് എർതൂറുൽ അഥവാ എർതൂറുൽ പുനരുത്ഥാനം. പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഒരു സീരീസ് മിഡിൽ ഈസ്റ്റിൽ വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കാരണമാകുമോ എന്ന് ഭയന്ന് സൗദിയും ഈജിപ്തും യുഎഇയുമൊക്കെ ബാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇതിന്റെ ഒരു റെയ്ഞ്ച് ഊഹിക്കാൻ സാധിക്കുന്നതേയുള്ളൂ. തുർക്കിയുടെ പ്രസിഡന്റ് ത്വയ്യിബ് എർദ്ദോഖാന്റെ തീവ്ര ദേശീയതയുടെ അതിപ്രസരവും അവരെ ഭയപ്പെടുത്തിയിരിക്കാം. സീരീസിന് ഫണ്ട് ചെയ്തത് അദ്ദേഹമാണെന്ന ഭാഷ്യം പറന്നു നടന്നിരുന്നു. എർദ്ദോഖാനും കുടുംബവും ഒന്നിലേറെ തവണ ചിത്രീകരണ സ്ഥലം സന്ദർശിച്ചതും ഈ ആരോപണത്തിന്റെ മൂർച്ച കൂട്ടുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ വരെ ഫാൻ ആയിട്ടുള്ള എർതൂറുലിന് ഏഷ്യയിലും യൂറോപ്പിലും എന്ന് വേണ്ട, നോർത്ത് - ലാറ്റിൻ അമേരിക്കകളിലും ആഫ്രിക്കയിലും വരെ വലിയ ഫാൻ ബേസ് ആണുള്ളത്. പ്രേക്ഷക ബാഹുല്യം കാരണം പല ഭാഷകളിലായി ഡബ്ബ് ചെയ്ത് സംപ്രേക്ഷണം ചെയ്യപ്പെടുന്നു. 


■ അഞ്ച് സീസണുകളിലായി രണ്ട് മണിക്കൂറോളമുള്ള 179 എപ്പിസോഡുകളായിട്ടായിരുന്നു തുർക്കിഷ് ചാനലായ TRT1ൽ ഇത് സംപ്രേക്ഷണം ചെയ്യപ്പെട്ടതെങ്കിലും നെറ്റ്ഫ്ലിക്സിലേക്കെത്തിയപ്പോൾ മുക്കാൽ മണിക്കൂറോളമുള്ള 448 എപ്പിസോഡുകളായി. എർതൂറുൽ എന്ന സീരീസിനെ മലയാളികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മലയാളം പരിഭാഷ എന്ന ആശയം എന്റെയൊരു സുഹൃത്ത് മുന്നോട്ട് വെച്ചപ്പോൾ അതിന്റെ എണ്ണമറ്റ എപ്പിസോഡുകൾ ഒരു പ്രഹേളികയായി മുന്നിൽ നിന്നു. പക്ഷേ, മലയാളികൾക്ക് അന്യഭാഷാ ചിത്രങ്ങളിലേക്കുള്ളൊരു കിളിവാതിലായി നിലകൊള്ളുന്ന എംസോൺ കൂടെ നിന്നപ്പോൾ അതൊരു അസാധ്യമായ ലക്ഷ്യമല്ലെന്ന് ബോധ്യമായി. ഷിഹാസ് പരുത്തിവിളയുടെ നേതൃത്വത്തിൽ ഞാനും ഇരുപതോളം വരുന്ന പരിഭാഷകരുടെ സംഘവും ഒരുമിച്ചപ്പോൾ അവിടെയൊരു ചരിത്രം പിറക്കുകയായിരുന്നു. എംസോണിലെ തന്നെ ഏറ്റവും വലിയൊരു പരിഭാഷകരുടെ ടീം വർക്കിന്‌ അവിടെ അരങ്ങൊരുങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ ദിറിലിഷ് എർതൂറുലിനെക്കുറിച്ച് പറഞ്ഞു തുടങ്ങും മുൻപ് എംസോണിനെക്കുറിച്ച് പറയാം. വിദേശ സിനിമകളെ മലയാളി പ്രേക്ഷകർക്ക് കൈയ്യെത്തിപ്പിടിക്കാവുന്ന അകലത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2012 ഒക്ടോബറിലാണ് എംസോൺ എന്ന കൂട്ടാഴ്മ പിറക്കുന്നത്. അങ്ങനെ ശ്രീജിത് പരിപ്പായിയുടെയും ഗോകുൽ ദിനേഷിന്റെയും പരിഭാഷയിൽ മാജിദ് മജീദിയുടെ ചിൽഡ്രൻ ഓഫ് ഹെവൻ എന്ന ക്ലാസ്സിക് പേർഷ്യൻ ചിത്രം പുറത്തു വന്നു. ആദ്യ കാലങ്ങളിൽ വിദേശ ക്ലാസ്സിക് ചിത്രങ്ങളുടെ മാത്രം പരിഭാഷകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എംസോൺ പിന്നീട് വർദ്ധിച്ച പ്രേക്ഷക പിന്തുണ കാരണം ഇന്ത്യയിലെ തന്നെ ഇത്ര ഭാഷാ ചിത്രങ്ങളുടെയും പരിഭാഷകൾ ഒരുക്കാൻ തുടങ്ങി. എംസോണിലേക്ക് പരിഭാഷകരുടെ ഒഴുക്കും അതിനൊരു കാരണമായി. നിലവിൽ എംസോണിലുള്ള പരിഭാഷകരുടെ എണ്ണം 320ന് മുകളിലാണ്. അതിൽത്തന്നെ ഫഹദ് അബ്ദുൽ മജീദിനെയും ശിഹാബ് എ. ഹസനെയും ശ്രീധറിനെയും പോലുള്ള സെഞ്ച്വറി കടന്ന പ്രഗത്ഭരും. ഇതുവരെ1600ൽ പരം സിനിമകൾക്ക് ലാഭേച്ഛയില്ലാതെ സബ്ടൈറ്റിൽ ഒരുക്കിയ ചാരിതാർഥ്യമാണ് എംസോണിനുള്ളത്. അതിൽ ഒരാളാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യവും. 


■ മെഹ്‌മെദ് ബോസ്‌ദാഗ്‌ സൃഷ്ടിച്ചു മെത്തിൻ ഗുനൈ സംവിധാനം നിർവഹിച്ച ഹിസ്റ്റോറിക്കൽ ഫിക്ഷൻ ടർക്കിഷ് സീരീസാണ് ദിറിലിഷ് എർതൂറുൽ. വെയ്‌സൽ തെക്സാഹിൻ, ഒമർ ഫാറൂഖ്, തുഞ്ചായ് സെറ്റിൻസോയ്, തുർഗായ് അക്സോയ്, വെയ്സൽ സാഹിൻ എന്നിവർ ഛായാഗ്രഹണവും ആകിഫ് ഓസ്ക്കാൻ, യാർക്കിൻ സാൻ, ഹൈദർ യെൻമേസ്, ഹാറൂൺ ഒസ്‌ദെമീർ എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഗെയിം ഓഫ് ത്രോൺസിന്റെ ടൈറ്റിൽ ബിജിഎം ഞാനടക്കം പലരും ഒരുപാട് പ്രാവശ്യം ഇരുന്ന് ആസ്വദിച്ചവരാകും. ഗോട്ടിന് ശേഷം എന്നെ ഇത്രയധികം പിടിച്ചിരുത്തിയ ഒരു സീരീസിന്റെ ബിജിഎം എന്നത് എർതൂറുലിന്റേത് തന്നെയാണ്. സൈനപ് അലാസ്യയാണ് എർതൂറുലിന്റെ അതിമനോഹരമായ പശ്ചാത്തല  സംഗീതം ഒരുക്കിയിരിക്കുന്നത്. 


✍sʏɴᴏᴘsɪs                

■ സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി കുരിശുയുദ്ധക്കാരെ പരാജയപ്പെടുത്തി ജറുസലേം പിടിച്ചെടുത്തതിന് ശേഷമുള്ള പതിമൂന്നാം നൂറ്റാണ്ട് കാലഘട്ടം. തുർക്കിയിലെ അമാനോസ് അഥവാ നൂർ പർവ്വതത്തിലുള്ള കോട്ട കേന്ദ്രമാക്കി കുരിശുസൈന്യം മറ്റൊരു യുദ്ധത്തിന് കോപ്പ് കൂടിക്കൊണ്ടിരിക്കുന്നു. നാടോടികളായ കയി ഗോത്രം മംഗോളുകളുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു പുതിയൊരു ഇടത്താവളം കണ്ടെത്താനുള്ള അതീവ ശ്രമത്തിൽ. ഗോത്രത്തലവനായ സുലൈമാൻ ഷാ അതിനുള്ള ദൗത്യം തന്റെ മൂത്ത പുത്രനായ ഗുന്തോദുവിനെ ഏൽപ്പിക്കുന്നു. സുലൈമാൻ ഷായുടെ മൂന്നാമത്തെ പുത്രനായ എർതൂറുൽ ഈ സമയം തന്റെ മൂന്ന് കൂട്ടുകാർക്കൊപ്പം കാട്ടിൽ വേട്ടയ്ക്ക് പോയതായിരുന്നു. ഒരു മാൻ കിടാവിനെ പിന്തുടർന്ന എർതൂറുലിന്റെ കാതിൽ ഒരു പെൺകുട്ടിയുടെ കരച്ചിൽ വന്നു പതിക്കുന്നു. അങ്ങനെ കുരിശു യോദ്ധാക്കളുടെ തടവിലുള്ള ഹലീമെയെയും അവളുടെ സഹോദരൻ യിഇറ്റിനെയും പിതാവ് നൂമാനെയും എർതൂറുലും കൂട്ടുകാരും രക്ഷിച്ചു സ്വന്തം ഗോത്രത്തിലേക്ക് കൊണ്ടുവരുന്നു. പക്ഷേ, നൂമാന്റെയും കുടുംബത്തിന്റെയും സാന്നിധ്യം കാരണം കയി ഗോത്രത്തിന് പല ഭാഗത്തു നിന്നുമുള്ള ആക്രമണങ്ങളെ നേരിടേണ്ടി വരുന്നു. വ്യാപാരി എന്ന് പരിചയപ്പെടുത്തിയ നൂമാനും കുടുംബവും യഥാർത്ഥ യഥാർത്ഥത്തിൽ ആരാണ്. എന്തിന് അവർ വേട്ടയാടപ്പെടുന്നു എന്നതിലേക്ക് സീരീസ് പ്രവേശിക്കുകയാണ്. 


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs        

■ ദിറിലിഷ് എർതൂറുൽ എന്ന സീരീസ് ഇത്രയ്ക്കും ഹിറ്റായിട്ടും എർതൂറുലിനെ അവതരിപ്പിച്ച ടർക്കിഷ് നടന്റെ പേര് പലർക്കും അറിയില്ല. എൻകിൻ അൽത്താൻ ദുസിയത്താനാണ് എർതൂറുൽ ഖാസിയെ അവതരിപ്പിച്ചിരിക്കുന്നത്. എസ്രാ ബിൽഗിജാണ് ഹലീമെയായി വേഷമിട്ടിരിക്കുന്നത്. എർതൂറുലിന്റെ പിതാവ് സുലൈമാൻ ഷായായി സർദ്ദാർ ഗോഖാനും മാതാവ് ഹൈമെയായി ഹൂല്യാ ദർജാനും അഭിനയിച്ചിരിക്കുന്നു. സഹോദരൻ ഗുന്തോദുവായി വേഷമിട്ടിരിക്കുന്നത് കാൻ തസാനറാണ്. ഗുന്തോദുവിന്റെ പത്നി സെൽജാനായി ദിദേം ബാൽജിനും അവളുടെ സഹോദരി ഗോക്ചെയായി ബുർജു കിരാത്ലിയും എത്തിയിരിക്കുന്നു. സീരീസിന്റെ നെടുംതൂൺ എന്നൊക്കെ പറയാവുന്ന ഇബിനുൽ അറബി എന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഒസ്മാൻ സോയ്ക്കുത് ആണ്. 


📎 ʙᴀᴄᴋwᴀsʜ

■ എൻകിൻ അൽത്താൻ രണ്ട് തവണ നിരസിച്ച വേഷമായിരുന്നു തന്റെ കരിയറിലെ തന്നെ പൊൻതൂവൽ ആയി മാറിയ എർതൂറുൽ. ദിറിലിഷിന് സീക്വലായി ഓട്ടോമൻ എമ്പയറിന്റെ സ്ഥാപകൻ ഒസ്മാൻ ഖാസിയുടെ ചരിത്രം പറയുന്ന കുറൂലുസ് ഒസ്മാൻ എന്ന സീരീസ് ഇപ്പോൾ സംപ്രേക്ഷണം ചെയ്യപ്പെടുന്നുണ്ട്. 




7.8/10 · IMDb



 

                       
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

The Willow Tree

The Willow Tree » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ദൈവം നമുക്ക് തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് കാഴ്ച്ചശക്തി. അല്ല എന്ന് കാഴ്ച്ചയുള്ളവർ ചിലപ്പോൾ പറഞ്ഞേക്കാം, പക്ഷേ കാഴ്ച്ചയില്ലാത്തവർ ഒരിക്കലും അത് പറയില്ല. വർഷങ്ങളായി കാഴ്ച്ചയില്ലാതിരുന്ന ഒരാൾക്ക് പെട്ടെന്നൊരു ദിവസം അത് തിരിച്ചുകിട്ടിയാൽ അയാളുടെ പ്രതികരണമെന്തായിരിക്കും? ജനിച്ചപ്പോൾ തന്നെ കേൾവി ശക്തിയില്ലാതിരുന്ന നിഷാദിന് കോമഡി ഉത്സവത്തിന്റെ വേദിയിൽ വെച്ച് ഹിയറിങ് എയ്ഡ് വെച്ച് കേൾക്കാൻ സാധിച്ചപ്പോൾ അയാൾക്കും അയാളുടെ കുടുംബത്തിനുമുണ്ടായ സന്തോഷം എല്ലാ മലയാളികളും നേരിട്ട് അനുഭവിച്ചതാണല്ലോ. ദി വില്ലോ ട്രീ പറയുന്നത് ഒരു അന്ധന്റെ കഥയാണ്. ജീവിതയാത്രയുടെ മദ്ധ്യേ കാഴ്ച്ചയെന്ന അനുഗ്രഹത്തെ അനുഭവിക്കാൻ കഴിഞ്ഞ ഒരു മധ്യവയസ്കന്റെ കഥ.. ■ മാജിദ് മജീദി സംവിധാനം നിർവ്വഹിച്ച ഫാമിലി ഡ്രാമാ പേർഷ്യൻ ചിത്രമാണ് ദി വില്ലോ ട്രീ. മാജിദ് മജീദി, ഫുവാദ് നഹാസ്, നാസർ ഹാഷിംസാദ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മഹമൂദ് കലാരി, ബഹ്റാം ബദക്ഷനി, മുഹമ്മദ്‌ ദാവൂദി എന്നിവർ ഛായാഗ്രഹണവും ഹസ്സൻ ഹസ്സൻഡൂസ്ത് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. അഹ്‌മദ്‌ പെജ്‌മാനാണ്‌ പശ്ചാത്തല സംഗീതം...

The Mountain II (DAG II)

The Mountain II (DAG II) » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ "അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഉറക്കമൊഴിച്ചു കാവൽ നിൽക്കുന്നതുകൊണ്ടാണ് നമ്മൾ ഇന്ത്യക്കാർ സമാധാനത്തോടെ ഉറങ്ങുന്നത്" എന്ന് ക്ലീഷേ ആയിട്ട് കേൾക്കുന്നതാണ്. അതിന്റെ യാഥാർഥ്യം മനസ്സിലാക്കണമെങ്കിൽ ഒരിക്കലെങ്കിലും ശത്രുരാജ്യത്തോട് അടുത്ത് കിടക്കുന്ന അതിർത്തിപ്രദേശങ്ങൾ ഒന്ന് സന്ദർശിക്കണം. അല്ലെങ്കിൽ മേജർ രവിയുടെ യുദ്ധസിനിമകളെങ്കിലും കാണണം (ട്രോളല്ല). സിനിമാപ്രേമിയായ എന്റെയൊരു സുഹൃത്ത് മലയാളം സബ്‌ടൈറ്റിലും ചോദിച്ച് സമീപിക്കുമ്പോഴാണ് ഈ സിനിമയേക്കുറിച്ചു ഞാനാദ്യമായി കേൾക്കുന്നത്. മറ്റുപലരെയും പോലെ ഈ ചിത്രത്തിൻറെ IMDb റേറ്റിങ്ങാണ് ഇതിലേക്കെന്നെ ആകർഷിച്ചത്. ഹോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ ഷോഷാങ്ക് റിഡെംപ്‌ഷനും ദി ഗോഡ്ഫാദറും വരെ IMDb റേറ്റിങ്ങിൽ 9.2ൽ നിൽക്കുമ്പോൾ ദി മൗണ്ടൈൻ II എന്ന ഈ തുർക്കിഷ് ചിത്രത്തിൻറെ റേറ്റിങ് 9.5 ആണ്. എന്നാലതൊന്ന് കണ്ടുകളയാം എന്ന് എനിക്കും തോന്നി. ദി മൗണ്ടൈൻ എന്ന ഹിറ്റ് തുർക്കിഷ് യുദ്ധ ചിത്രത്തിൻറെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ■ തുർക്കിഷ് ആക്ഷൻ ത്രില്ലർ യുദ്ധ സിനിമയായ ദി മൗണ്ടൈന്റെ കഥയും തിരക്കഥയും എഡിറ്റിങ്ങും ...

The Tiger: An Old Hunter's Tale

The Tiger: An Old Hunter's Tale » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കൊറിയൻ സിനിമയിലെ സൂപ്പർസ്റ്റാറാരാണെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ പലരുടെയും നാവിൽ വരൂ. "ചോയ്‌ മിൻസിക്." ആ ഒരൊറ്റ പേര് മാത്രം മതി ഒരു കൊറിയൻ സിനിമയുടെ പ്രൊമോഷന്. തേടിപ്പിടിച്ചു കണ്ടിരിക്കും ആരാധകർ. കാരണം ഒരു തരത്തിലും ആ പേര് നിരാശ സമ്മാനിക്കില്ല എന്നവർക്കറിയാം. നായകനായി വന്നാലും വില്ലനായി വന്നാലും അതിഥിതാരമായി വന്നാലും പ്രേക്ഷകഹൃദയം കീഴടക്കിയിട്ടേ അങ്ങേര് രംഗം വിടൂ. കൊറിയയിലെ ഏറ്റവും പണംവാരിച്ചിത്രമായ "ദി അഡ്മിറൽ: റോറിങ് കറന്റ്‌സി"ലെ നായകനും മറ്റാരുമല്ലായിരുന്നു. ജോസ്യോൻ വനത്തിലെ 'പുലിമുരുകനാ'യി അവതരിക്കുകയാണ് ചോയ്‌ മിൻസിക് ഈ സിനിമയിൽ. ഒരു വേട്ടക്കാരനും ഇരയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകൂടി ചുരുളഴിക്കുകയാണ് ഇവിടെ.. ■ പാർക് ഹൂൻ-ജുങ് തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ആക്ഷൻ അഡ്വെഞ്ചർ ഹിസ്റ്റോറിക് കൊറിയൻ ചിത്രമാണ് "ദി ടൈഗർ." ലീ മോ-ഗേ ഛായാഗ്രഹണവും കിം ചാങ്-ജു എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജോ യോങ്-വൂക്കാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ 1925ൽ ജപ്പ...