ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Ayla: The Daughter of War



Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്തിന്റെ അറുപതാം വാർഷിക ദിനത്തിൽ അതിൽ പങ്കെടുത്ത ടർക്കിഷ് പട്ടാളക്കാർക്ക് ഒരു സ്വീകരണ ചടങ്ങ് ഒരുക്കുകയുണ്ടായി. പട്ടാളക്കാർക്ക് യുദ്ധത്തിന്റെ അനുഭവങ്ങൾ വിവരിക്കാൻ അവസരം ലഭിച്ചപ്പോൾ പലരും കൊന്നതിന്റെയും ജയിച്ചതിന്റെയും കഥ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഒരു പട്ടാളക്കാരൻ മാത്രം വ്യത്യസ്തനായി. അയാൾക്ക് പറയാനുണ്ടായിരുന്നത് കൊന്നും ജയിച്ചും കീഴടക്കിയതിനെക്കുറിച്ചൊന്നും ആയിരുന്നില്ല, മറിച്ച് അഗാധമായ ഒരു ഹൃദയബന്ധത്തെക്കുറിച്ചായിരുന്നു. അദ്ദേഹമായിരുന്നു സുലൈമാൻ ദിൽബിർലിജി. ഇത് അദ്ദേഹത്തിന്റെ കഥയാണ്. ഒപ്പം ഐലയുടെയും. 


■ ജാൻ ഉൽക്കായ് സംവിധാനം നിർവഹിച്ച ഹിസ്റ്റോറിക്കൽ വാർ ഡ്രാമാ ടർക്കിഷ് ചിത്രമാണ് ഐല : ദി ഡോട്ടർ ഓഫ് വാർ. കൊറിയൻ യുദ്ധത്തിൽ പങ്കെടുത്ത ഒരു ടർക്കിഷ് പട്ടാളക്കാരന്റെ യഥാർത്ഥ കഥയെ ആസ്പദമാക്കി യിഇറ്റ് ഗുരാൽപ്പാണ് ഐലയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീൻ പോൾ സെരെസിൻ ഛായാഗ്രഹണവും മുസ്തഫ പ്രേഷവ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഫാഹിർ അറ്റകോഗ്‌ലുവാണ് ഐലയുടെ മനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 


✍sʏɴᴏᴘsɪs                

■ 1950കളിലെ കൊറിയൻ യുദ്ധ സമയം. ദക്ഷിണ കൊറിയയെ സഹായിക്കാൻ യുഎന്നിന്റെ ആവശ്യപ്രകാരം തുർക്കി അവരുടെ പട്ടാളക്കാരെ അയക്കുന്നു. ഒരു രാത്രിയിലെ രക്തരൂക്ഷിതമായ പോരാട്ടത്തിനിടയിൽ സെർജെന്റ് സുലൈമാനും സംഘവും ഒരു കൊറിയൻ കുട്ടിയെ കാണുന്നു. അവർ അവളെ രക്ഷിച്ചു ക്യാമ്പിൽ കൊണ്ടുവരുന്നു. നിലാവെളിച്ചത്തിൽ കണ്ട അമ്പിളിയുടെ മുഖമുള്ള ആ കുഞ്ഞിന് അവർ ആ പേര് തന്നെ നൽകുന്നു, ഐല. യുദ്ധത്തിന്റെ ഭീകരത നേരിൽ കണ്ട, തന്റെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട അവൾക്ക് തൽഫലമായി സംസാരശേഷി പോലും നഷ്ടപ്പെട്ടിരുന്നു. ആ മാലാഖ പോലുള്ള കുഞ്ഞിനെ സുലൈമാനും സംഘവും എടുത്ത് വളർത്തുകയാണ്. ഐലയാകട്ടെ സുലൈമാനെ വിളിച്ചത് ബാബാ, അഥവാ അച്ഛൻ എന്നും. അങ്ങനെ യുദ്ധം തനിക്ക് നൽകിയ മകളെ സുലൈമാൻ അച്ഛനെപ്പോലെ തന്നെ വളർത്തി. പക്ഷേ, എന്നെങ്കിലുമൊരിക്കൽ സുലൈമാന് യുദ്ധം കഴിഞ്ഞു തുർക്കിയിലേക്ക് മടങ്ങിയേ തീരൂ. അവിടെ അവനെ കാത്തൊരു കുടുംബമുണ്ട്, അവനെ ജീവനേക്കാൾ പ്രണയിക്കുന്ന നൂറാൻ എന്നൊരു പെൺകുട്ടിയുണ്ട്. ഐലയെ ഉപേക്ഷിക്കാൻ സുലൈമാൻ തയ്യാറാകുമോ? സെർജെന്റ് സുലൈമാനും ഐലയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ മനോഹര ടർക്കിഷ് ചിത്രം പറയുന്നത്. 


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs        

■ ഇസ്മായിൽ ഹേജിയോഗ്ലുവാണ് സെർജെന്റ് സുലൈമാനായി വേഷമിട്ടിരിക്കുന്നത്. ചെറ്റിൻ ടെക്കിൻഡോറാണ് പ്രായമേറിയ സുലൈമാനെ അവതരിപ്പിച്ചിരിക്കുന്നത്. കിം സ്യോൾ എന്ന കൊറിയൻ പെൺകുട്ടിയാണ് ഐലയായി അഭിനയിച്ചിരിക്കുന്നത്. ഫ്ലൂവിലെ കിം മീ-രൂവിനും ട്രെയിൻ ടു ബുസാനിലെ സൂ ആനും മിറക്കിൾ ഇൻ സെൽ നമ്പർ 7നിലെ യേ-സ്യുങ്ങിനും ശേഷം പ്രേക്ഷക മനസ്സിലേക്ക് കുടിയേറുന്ന മറ്റൊരു കൊറിയൻ കുട്ടി കഥാപാത്രം. ലീ ക്യുങ്-ജിനാണ് ഐലയുടെ മധ്യവയസ്സിലുള്ള വേഷം അവതരിപ്പിച്ചിരിക്കുന്നത്. നൂറാനായി ഡാംല സോൻമേസും നിമേത് ആയി ബുഷ്‌റ ദെവേലിയുമാണ് വേഷമിട്ടിരിക്കുന്നത്. സുലൈമാന്റെ ഉറ്റ സുഹൃത്ത് അലിയായി വേഷമിട്ടിരിക്കുന്നത് അലി അറ്റായ് ആണ്. 


📎 ʙᴀᴄᴋwᴀsʜ

■ മികച്ച വിദേശ ഭാഷാ ചിത്രത്തിനായുള്ള തുർക്കിയുടെ ഒഫീഷ്യൽ ഓസ്കാർ നോമിനിയായിരുന്നു ഐല. സിനിമയുടെ അവസാന ഭാഗത്ത് സുലൈമാൻ പള്ളിയിലേക്ക് പോകുന്ന സമയം പത്രം വായിച്ചു കൊണ്ടിരിക്കുന്ന ഒരാളോട് അഭിവാദനം നടത്തുന്നുണ്ട്. അത് ശരിക്കും യഥാർത്ഥ ജീവിതത്തിലെ സുലൈമാൻ ദിൽബിർലിജിയായിരുന്നു. സിനിമയുടെ പ്രീമിയർ കഴിഞ്ഞു രണ്ട് മാസത്തിനുള്ളിൽ അദ്ദേഹം മരണപ്പെട്ടു. മിറാക്കിൾ ഇൻ സെൽ നമ്പർ 7 പോലെ തന്നെ കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റാത്തൊരു മനോഹര ഫീൽ ഗുഡ് സിനിമയാണ് ഐല : ദി ഡോട്ടർ ഓഫ് വാർ. 






8.5/10 . IMDb


 

                       
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...