3-Iron » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ വൈവിധ്യമാർന്ന പ്രമേയങ്ങളും കഥകളും മേക്കിങ്ങുകളുമായി ലോകസിനിമാപ്രേമികളുടെ ആരാധനാപാത്രമായ കൊറിയൻ സംവിധായകനാണ് കിം കി ഡുക്. ജേ ഹീ, ലീ സ്യുങ് യോൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അദ്ദേഹം സംവിധാനം നിർവ്വഹിച്ച ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നതും കിം കി ഡുക് തന്നെയാണ്. സ്യോങ് ബാക് ജാങ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻറെ ചിത്രസങ്കലനം നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ കിം കി ഡുക് തന്നെയാണ്. സെൽവ്യനാണ് മനോഹരമായ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ഈജിപ്ഷ്യൻ ഗായിക നറ്റാച്ച അറ്റ്ലസ് പാടിയ "ഗഫ്‌സ" എന്ന അറബി ഗാനം ഈ സിനിമയിൽ പലപ്പോഴായി ഉപയോഗിച്ചിട്ടുണ്ട്.
✍sʏɴᴏᴘsɪs
■ കൊതുകകരമായ ഒരു സ്വഭാവ വിശേഷണത്തിനുടമയായിരുന്നു ഈ കഥയിലെ നായകൻ തേ സൂക്ക്. അയാളൊരു കള്ളനായിരുന്നില്ല. എന്നും അതിരാവിലെ തന്റെ ബൈക്കിൽ കറങ്ങി കാണുന്ന വീടുകളുടെ ലോക്കിലെല്ലാം പരസ്യം തൂക്കി വെക്കും. വൈകുന്നേരം വരെ ലോക്കിൽ നിന്നും പരസ്യം മാറ്റാത്ത വീടേതാണെന്ന് കണ്ടെത്തി അതിൽ താമസക്കാരില്ല എന്ന നിർവ്വചനത്തിലെത്തുന്നു. ആ വീട്ടിൽ കയറി രാത്രി താമസമാക്കുന്നു. തനിക്ക് താമസിക്കാൻ സൗകര്യം തന്നതിന് പ്രത്യുപകാരമായി ആ വീട്ടിലെ ചെറിയ ജോലികളും റിപ്പയറിങ്ങും നടത്തി പിറ്റേ ദിവസം അവിടം ഒഴിവാക്കി വീണ്ടും ആളൊഴിഞ്ഞ പാർപ്പിടമന്വേഷിക്കുന്നു. അങ്ങനെ തുടരവേ അയാൾ ഒരു സമ്പന്നനനായിരുന്ന മിൻ ക്യുവിന്റെ വീട്ടിൽ ആളില്ല എന്ന് കരുതി കയറിപ്പറ്റുന്നു. പക്ഷേ ആ വീട്ടിൽ തന്റെ ഭാര്യ സുൻ ഹ്വയെ പൂട്ടിയിട്ട് പോയതായിരുന്നു ആ ധനികൻ. പിടിക്കപ്പെടുന്ന തേ സൂക്ക് അവിടം വിടുന്നു. പക്ഷേ സുൻ ഹ്വ മർദ്ദിക്കപ്പെട്ടിരുന്നു എന്നോർക്കുന്ന തേ സൂക്ക് ആ വീട്ടിലേക്ക് മടങ്ങുന്നു. അപ്പോഴാണ് സുൻ ഹ്വയുടെ ഭർത്താവ് തിരിച്ചെത്തുന്നത്. അയാൾ വീണ്ടും അവളെ ഉപദ്രവിക്കുന്നത് കാണുന്ന തേ സൂക്ക് അയാളെ ഗോൾഫ് ബോളുകൊണ്ട് അടിച്ചു താഴെയിട്ട് സുൻ ഹ്വയുമായി രക്ഷപ്പെടുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ തേ സൂക്ക് എന്ന നായക കഥാപാത്രമായി ജേ ഹീയും സുൻ ഹ്വ എന്ന നായിക വേഷത്തിൽ ലീ സ്യുങ് യോനും അഭിനയിച്ചിരിക്കുന്നു. നായകനും നായികയ്ക്കും ഒരൊറ്റ സംഭാഷണവുമില്ല എന്ന സവിശേഷത കൂടിയുള്ള ഈ സിനിമയിൽ ജേ ഹീയും ലീ സ്യുങ് യോനും ഉജ്വല അഭിനയമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. മിൻ ക്യു എന്ന സമ്പന്ന ഭർത്താവിന്റെ വേഷം ചെയ്തിരിക്കുന്നത് ക്വോൻ ഹ്യുക് വോയാണ്. പാർക് ജി-ആഹ് (ജീ-ആഹ്), ജ്യോങ് ഹോ ചോയ് (ജയിലർ), ലീ ജൂ സുക് (വൃദ്ധന്റെ മകൻ), ജേ യോങ് ജാങ് (ഹ്യുൻ സൂ), സ്യുങ് ഹ്യുക് മൂൺ (സുങ് ഹ്യുക്), ജൂ ജിൻ മോ (ഡിറ്റക്റ്റീവ് ചോ) എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ 3-അയണിലെ മുഖ്യകഥാപാത്രങ്ങളെ സിനിമയിലുടനീളം സംസാരിപ്പിക്കാതെ എങ്ങനെ ഈ സിനിമയുടെ പ്രമേയം ഇത്ര ഭംഗിയായി പ്രേക്ഷകരിലെത്തിക്കാൻ സംവിധായകന് കഴിഞ്ഞു എന്നത് പ്രേക്ഷകരെപ്പോലെ നിരൂപകരെയും വിസ്മയിപ്പിച്ച കാര്യമായിരുന്നു. പക്ഷേ അതിനെക്കുറിച്ച് സംവിധായകൻ കിം കി ഡുക് പറഞ്ഞത് "കഥാപാത്രങ്ങൾ തമ്മിൽ സംസാരിക്കാൻ വാക്കുകളുടെ ആവശ്യമില്ല, അവര് തമ്മിൽ എന്തായിരിക്കും സംസാരിക്കുന്നത് എന്ന് പ്രേക്ഷകരെക്കൊണ്ട് പൂരിപ്പിക്കുന്ന ഒരു പുത്തൻ രീതിയാണ് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്" എന്നാണ്. സിനിമയിൽ എവിടെയൊക്കെ നിശ്ശബ്ദതയുണ്ടായിരുന്നു, അവിടെയൊക്കെ പ്രേക്ഷകരെക്കൊണ്ട് സംസാരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു എന്നത് സംവിധായകന്റെ വിജയം തന്നെയായിരുന്നു. ഇമ്രാൻ ഹാഷ്മിയെയും സോനു സൂദിനെയും തനുശ്രീ ദത്തയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ആദിത്യ ദത്ത് സംവിധാനം നിർവ്വഹിച്ച ആഷിഖ് ബനായാ ആപ്നേ എന്ന ബോളിവുഡ് ചിത്രത്തിൻറെ പോസ്റ്റർ 3-അയണിന്റെ പോസ്റ്ററിൽ നിന്നും പ്രചോദനം കൊണ്ടതായിരുന്നു, രണ്ടു സിനിമകളുടെയും പ്രമേയങ്ങൾ തമ്മിൽ ഒരു സാമ്യവുമില്ലായിരുന്നെങ്കിലും. മികച്ച നവാഗത നടനുള്ള ബ്ലൂ ഡ്രാഗൺ പുരസ്കാരം ആ വർഷം ജേ ഹീക്കായിരുന്നു.
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ