സുഡാനി ഫ്രം നൈജീരിയ » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഹാസ്യനടനും സംവിധായകനുമായ സൗബിൻ ഷാഹിറിനെ നായകനാക്കി നവാഗതനായ സക്കറിയ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച സ്പോർട്സ് ഡ്രാമ കോമഡി എന്റർടൈനർ മലയാള ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. സൗബിൻ ആദ്യമായി നായകനാകുന്നു എന്ന പ്രത്യേകതയ്ക്ക് പുറമെ സാമുവേൽ ആബിയോള റോബിൻസൺ എന്ന നൈജീരിയൻ സിനിമാതാരം ടൈറ്റിൽ റോളിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്. മലബാറിന്റെ പശ്ചാത്തലത്തിലെടുത്ത സിനിമയായതുകൊണ്ട് തന്നെ മലബാറിന്റെ ഭാഷാ ശൈലി അപ്പടി പകർത്താൻ വേണ്ടി സംഭാഷണങ്ങൾ എഴുതാനുള്ള ചുമതല ഏൽപ്പിച്ചത് മറ്റാരെയുമല്ല, കെ.എൽ. പത്ത് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് കടന്നു വന്ന മുഹ്സിൻ പരാരിയാണ്. ഷൈജു ഖാലിദാണ് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ഷഹബാസ് അമൻ പാടിയ ഖുറാ എന്ന് തുടങ്ങുന്ന ആന്തം കുറച്ചു മുൻപേ വൈറലിൽ സ്ഥാനം പിടിച്ചതായിരുന്നല്ലോ.
✍sʏɴᴏᴘsɪs
■ മലപ്പുറം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരിക ഫുട്ബോളാണ്. സെവെൻസും ഫൈവ്‌സുമൊക്കെയായി മറ്റുള്ള ജില്ലക്കാരൊക്കെ ക്രിക്കറ്റ് കമ്പത്തിലേക്ക് മാറിയപ്പോഴും മലപ്പുറക്കാർ അവരുടെ ഫുട്ബോൾ ഭ്രാന്ത് ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. കാൽപ്പന്ത് അവരുടെ ജീവനാണ്, അത് കളിക്കുന്നവന് അവരുടെ ചങ്കിലാണ് സ്ഥാനവും.
ആഫ്രിക്കയിൽ നിന്നും വരുന്ന ഏതൊരു കളിക്കാരനും ഞങ്ങൾ മലപ്പുറത്തുകാർക്ക് സുഡാനിയാണ്. അങ്ങനൊരു സുഡാനിയെ ചുറ്റിപ്പറ്റിയാണ് സുഡാനി ഫ്രം നൈജീരിയയുടെ കഥയുടെ സഞ്ചാരം. മലപ്പുറത്തെ സെവൻസ് ക്ലബ്ബിൽ കളിക്കാനെത്തുന്ന നൈജീരിയയക്കാരനായിരുന്നു സാമുവൽ അബിയോള അവതരിപ്പിച്ച കഥാപാത്രം. മാനേജർ മജീദിന്റെ ഫുട്ബോൾ കമ്പവും ജീവിതവും കൂടി പ്രതിപാദിക്കുന്നു ചിത്രത്തിൽ. ക്ലബ്ബിൽ കളിക്കാനെത്തുന്ന സുഡാനിയും മാനേജർ മജീദുമായിട്ടുള്ള ആത്മബന്ധത്തിന്റെ കഥകളും കളിക്കളത്തിലെ രസകരമായ സംഭവങ്ങളുമായി ആദ്യപകുതി ഒഴുകി നീങ്ങുന്നു. രണ്ടാം പകുതി അൽപ്പം വേഗതകുറഞ്ഞെങ്കിലും കൂടുതൽ ബോറടിപ്പിക്കാതെ പറയാനുള്ളത് പറയാൻ സംവിധായകൻ സകരിയ്യക്ക് സാധിച്ചിട്ടുണ്ട്. നല്ലൊരു ഉപസംഹാരവുമായിരുന്നു ചിത്രത്തിന്.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ഹോം സിനിമകളിലൂടെ പ്രശസ്തനായ സിദ്ദീഖ് കൊടിയത്തൂരും (ലീക്ക് ബീരാൻ) ഇതിലൊരു നല്ല വേഷത്തിലെത്തുന്നുണ്ട്. പക്ഷേ ശരിക്കും ഞെട്ടിച്ചത് മജീദിന്റെ ഉമ്മയായെത്തുന്ന സാവിത്രി ശ്രീധരനും അയൽവക്കത്തുള്ള ഇത്തയായി എത്തിയ സരസ ബാലുശ്ശേരിയുമാണ്. അനീഷ് ജി. മേനോൻ, KTC അബ്ദുള്ള തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിത്തുന്നു.
📎 ʙᴀᴄᴋwᴀsʜ
■ രക്ഷാധികാരി ബൈജുവിനെപ്പോലെ തന്നെ മണ്ണിൽ ചവിട്ടി നിൽക്കുന്ന മണ്ണിന്റെ ഗന്ധമുള്ള ഒരു മലയാളസിനിമകൂടി നമുക്ക് സ്വന്തം. തന്റെ ആദ്യ സിനിമയിൽ സകരിയ്യ തന്റെ പ്രതിഭ തെളിയിച്ചു എന്ന് വേണം കരുതാൻ. ശരാശരിക്കും മേലെ നിൽക്കുന്ന ഈ കൊച്ചു സിനിമ എല്ലാവരും തിയറ്ററുകളിൽ പോയി തന്നെ കാണുക. ടോറന്റിൽ വന്ന ശേഷം പിന്നെ ഖേദിച്ചിട്ട് കാര്യമില്ല. നല്ലൊരു സിനിമ കണ്ടു എന്ന സന്തോഷത്തോടെ തിയറ്ററിൽ നിന്നിറങ്ങാം എന്ന് എന്റെ ഉറപ്പ്..
My Rating 3.5/5
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ