Dirty Harry » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ക്ലിന്റ് ഈസ്റ്റ്‌വുഡിനെ നായകനാക്കി ഡോൺ സീഗേൽ സംവിധാനം നിർവ്വഹിച്ച ആക്ഷൻ ക്രൈം ത്രില്ലർ ഹോളിവുഡ് ചിത്രമാണ് ഡേർട്ടി ഹാരി. അഞ്ച് സീക്വൽസുള്ള ഡേർട്ടി ഹാരി സീരീസിലെ (മാഗ്നം ഫോഴ്സ് - 1973, ദി എൻഫോഴ്‌സെർ - 1976, സഡൻ ഇമ്പാക്ട് - 1983, ദി ഡെഡ് പൂൾ - 1988 എന്നിവയാണ് തുടർന്ന് വരുന്ന സീക്വൽസ്) ആദ്യത്തെ ചിത്രമാണിത്. സാൻഫ്രാൻസിസ്കോ പോലീസ് ഡിപ്പാർട്ട്മെന്റിലെ ഇൻസ്‌പെക്‌ടർ ഹാരി കാലഹാന്റെ കുറ്റാന്വേഷണങ്ങളാണ് സിനിമയുടെ ഇതിവൃത്തം. അറുപതുകളിൽ സാൻഫ്രാൻസിസ്കോ നഗരത്തെ വിറപ്പിച്ച "സോഡിയാക് കില്ലർ" എന്നറിയപ്പെട്ട സൈക്കോപാത്തായിരുന്ന സീരിയൽ കില്ലറുടെ യഥാർത്ഥ കേസ് പ്രമേയമാക്കി തന്നെയാണ് ഹാരി ജൂലിയൻ ഫിങ്ക്, റിറ്റ M ഫിങ്ക്, ഡീൻ റീസ്‌നർ, ജോൺ മിലിയസ് എന്നിവർ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ബ്രൂസ് സുർട്ടീസ് ഛായാഗ്രഹണവും കാൾ പിങിറ്റോർ ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു. ലാലോ സ്കിഫ്രിന്റെതാണ് പശ്ചാത്തല സംഗീതം.
✍sʏɴᴏᴘsɪs
■ ഒരു നക്ഷത്രഹോട്ടലിന്റെ മേൽക്കൂരയിലുള്ള സ്വിമ്മിങ്‌പൂളിൽ നീതിത്തുടിക്കുകയായിരുന്ന യുവതി വെടിയേറ്റ് കൊല്ലപ്പെടുന്നു. കേസന്വേഷിക്കാൻ വന്നത് സാൻഫ്രാൻസിസ്കോ പോലീസ് ഡിപ്പാർട്മെന്റിലെ പ്രഗത്ഭനായിരുന്ന ഇൻസ്‌പെക്ടർ "ഡേർട്ടി ഹാരി" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഹാരി കലഹാൻ. ഹോട്ടലിന് സമാന്തരമായി നിന്നിരുന്ന വലിയ കെട്ടിടത്തിൽ നിന്നും കൊലയാളിയുടെ ഒരു കുറിപ്പിൽ തന്നെ 'ദി സ്കോർപിയോ കില്ലർ' എന്ന് വിശേഷിപ്പിച്ച് കൊലയാളി സാൻഫ്രാൻസിസ്കോ പോലീസിനെ ബ്ലാക്‌മെയ്ൽ ചെയ്യുന്നു. "തനിക്ക് ഒരു ലക്ഷം ഡോളർ തന്നില്ലെങ്കിൽ നഗരത്തിൽ ഓരോ ദിവസവും ഓരോരുത്തർ വീതം ഇനിയും കൊല്ലപ്പെടും" എന്നായിരുന്നു കുറിപ്പിലെ ഇതിവൃത്തം. പരിഭ്രാന്തനായ സാൻഫ്രാൻസിസ്കോ മേയർ പണം നൽകാൻ തയ്യാറാകുന്നെങ്കിലും ഇൻസ്‌പെക്ടർ ഹാരി കൊലയാളിയെ തന്ത്രപരമായി പിടികൂടാൻ തീരുമാനിക്കുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ക്ലിന്റ് ഈസ്റ്റ്‌വുഡാണ് ഹാരി കലഹാൻ എന്ന പോലീസ് ഇൻസ്‌പെക്ടറുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. മേലുദ്യോഗസ്ഥരുടെ സമ്മർദത്തിലും തന്റെ ഡ്യൂട്ടി ജനങ്ങളുടെ സുരക്ഷയാണെന്ന കർത്തവ്യബോധത്തോടെ നീങ്ങുന്ന നായകനെ ക്ലിന്റ് നന്നായിട്ട് ചെയ്തു. ക്ലിന്റിനെ ഇത്രയ്ക്കും സുന്ദരനായി മുൻപൊരു പടത്തിലും ഞാൻ കണ്ടിട്ടില്ല. സ്‌കോർപിയോ എന്ന അപരനാമത്തിൽ നഗരത്തെ വിറപ്പിച്ച സൈക്കോപാത്ത് കൊലയാളിയായി അഭിനയിച്ചിരിക്കുന്നത് ആൻഡി റോബിൻസനാണ്. മനുഷ്യനെ കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന മാനസികരോഗിയായ വില്ലനായി ആൻഡി തകർത്താടി. ഹാരി ഗാർഡിനോ (ലെഫ്റ്റനന്റ് അൽ ബ്രെസ്‌ലർ), ഡയാന ഡേവിഡ്സൺ (കൊല്ലപ്പെടുന്ന യുവതി), റെനി സാന്റോണി (ഇൻസ്‌പെക്ടർ ചിക്കോ ഗോൺസാലസ്), ജോൺ വെർണൻ (സാൻഫ്രാൻസിസ്കോ മേയർ), ജോൺ ലാർച് (പോലീസ് ചീഫ്), ജോൺ മിച്ചം (ഇൻസ്‌പെക്ടർ ഫ്രാങ്ക് ഫാറ്റ്സോ ഡിജോർജ്ജ്യോ), വൂഡ്രോ പാർഫ്രി (ജാഫി), ജോസെഫ് സോമർ (ഡിസ്ട്രിക് അറ്റോർണി വില്യം ടി. റോത്കൊ), ലൈൻ എഡ്ജിങ്ട്ടൻ (നോർമ ഗോൺസാലസ്), റൂത്ത് കോബാർട്ട് (മാർസെല്ല പ്ലാറ്റ് - സ്‌കൂൾബസ് ഡ്രൈവർ), ലോയിസ് ഫൊറാകെർ (ഹോട്ട് മേരി), വില്യം പാറ്റേഴ്സൺ (ജഡ്ജ് ബന്നെർമാൻ), മേ മെർസർ (മിസ്സിസ് റസ്സൽ), ആൽബർട്ട് പോപ്‌വെൽ (ബാങ്ക് കൊള്ളക്കാരൻ) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ ചരിത്രപരമായും സാംസ്കാരികപരമായുമുള്ള പ്രാധാന്യം കണക്കിലെടുത്ത് നാഷണൽ ഫിലിം രെജിസ്ട്രിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ് ഡേർട്ടി ഹാരി. ക്ലിന്റിനായി ഒരുക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നില്ല ശരിക്കും ഡേർട്ടി ഹാരി. ഡ്യൂക്ക് എന്ന് അറിയപ്പെട്ടിരുന്ന പ്രശസ്ത ഹോളിവുഡ് നടനും ട്രൂ ഗ്രിറ്റ് എന്ന സിനിമയിലൂടെ 1969ലെ ഓസ്കാർ അവാർഡ് ജേതാവുമായിരുന്ന ജോൺ വെയ്ൻ ആയിരുന്നു ഡേർട്ടി ഹാരിക്ക് വേണ്ടിയുള്ള ആദ്യ ഓപ്ഷൻ. അദ്ദേഹത്താൽ നിരാകരിക്കപ്പെട്ട കഥാപാത്രം പിന്നീട് ഒരുപാട് പ്രഗത്ഭനടന്മാരിലൂടെ സഞ്ചരിച്ച് അവസാനം ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ കൈകളിലെത്തുകയായിരുന്നു. പിന്നീട് ഡേർട്ടി ഹാരി = ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്നായത് ചരിത്രനിയോഗം.
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ