Jeans » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ പ്രശാന്തിനെയും ഐശ്വര്യ റായിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ബ്രഹ്‌മാണ്ഡ സംവിധായകൻ ശങ്കർ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച റൊമാന്റിക് കോമഡി തമിഴ് ചിത്രമാണ് ജീൻസ്. അശോക് കുമാർ ഛായാഗ്രഹണവും B.ലെനിനും V.T.വിജയനും ചേർന്ന് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു.
✍sʏɴᴏᴘsɪs
■ അമേരിക്കയിൽ ഇന്ത്യൻ റെസ്റ്റോറന്റ് നടത്തുന്ന സമ്പന്നനായ നാച്ചിയപ്പന്റെ മക്കളാണ് ഇരട്ടകളായ വിശ്വനാഥനും രാമമൂർത്തിയും. അമേരിക്കയിൽ എംബിബിഎസിന് പഠിക്കുന്ന അവരെ നാച്ചിയപ്പൻ അവർ ധരിക്കുന്ന വസ്ത്രത്തിൽ പോലും വേർത്തിരിവ് കാണിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ അവരെ തമ്മിൽ വേർത്തിരിച്ചറിയാൻ പലർക്കും സാധിച്ചിരുന്നില്ല. ഒരു ദിവസം എയർപോർട്ടിൽ ഫുഡ് സപ്ലൈ ചെയ്യാൻ പോയ വിശ്വനാഥൻ അവിടെ ഒരു തമിഴ് കുടുംബം അമേരിക്കയിലെ ബന്ധുവിന്റെ അഡ്രസ്സ് നഷ്ടപ്പെട്ടതുകൊണ്ട് അമേരിക്കയിൽ പ്രവേശിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത് കാണുന്നു. തങ്ങളുടെ മുത്തശ്ശിയെയും കൊണ്ട് അവരുടെ ബ്രെയിൻ ട്യൂമർ സർജറി നടത്താൻ വേണ്ടി അമേരിക്കയിലെത്തിയ മധുമിതയെയും അവളുടെ സഹോദരൻ മാധേഷിനെയും എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാൻ വിശ്വനാഥൻ സഹായിക്കുന്നു. സർജറി നടത്തിയപ്പോൾ ഹോസ്പിറ്റലുകാർക്ക് പറ്റിയ വീഴ്ച്ച കണ്ടുപിടിക്കുന്ന വിശ്വം ഓപ്പറേഷൻ വീണ്ടും നടത്താനും ഹോസ്പിറ്റലുകാരിൽ നിന്നും നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാനും അവരെ സഹായിക്കുന്നു. അങ്ങനെ മധുമിതയും വിശ്വുവും പ്രണയത്തിലാവുന്നു. പക്ഷേ, വിശ്വുവിനെയും രാമുവിനെയും തിരിച്ചറിയാൻ മധുമിത പ്രയാസപ്പെടുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ പ്രശാന്താണ് ഇരട്ടസഹോദരങ്ങളായ വിശ്വനാഥനെയും രാമമൂർത്തിയെയും അവതരിപ്പിച്ചിരിക്കുന്നത്. മധുമിതയായി മുൻലോകസുന്ദരി ഐശ്വര്യ റായിയും അഭിനയിച്ചിരിക്കുന്നു. നാസർ വിശ്വുവിന്റെയും രാമുവിന്റെയും അച്ഛൻ നാച്ചിയപ്പനായും അയാളുടെ ഇരട്ടസഹോദരൻ പേച്ചിയപ്പനായും ഡബിൾ റോളിലെത്തുന്നു. ലക്ഷ്മി (കൃഷ്ണവേണി - മുത്തശ്ശി), മാധേഷ് (രാജു സുന്ദരം), ജുനോ (സെന്തിൽ), സുന്ദരാംബ (രാധിക), ഗീത (മെയ്യാത്ത), S.V.ശേഖർ (വെള്ളയപ്പൻ - മധുമിതയുടെ അച്ഛൻ), ജാനകി സബേഷ് (മധുമിതയുടെ അമ്മ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs
■ വൈരമുത്തുവിന്റെ വരികൾക്ക് A.R.റഹ്‌മാനാണ് സംഗീതം നൽകിയിരിക്കുന്നത്. "അൻപേ അൻപേ, കൊളമ്പസ് കൊളമ്പസ്, എനക്കെ എനക്കാ, കണ്ണോട് കാൺപതെല്ലാം, പൂവുക്കുൾ ഒളിന്തിരിക്കും, വാരായോ തോഴി" എന്നിങ്ങനെ സിനിമയിലെ ആറു പാട്ടുകളും ഹിറ്റ് ചാർട്ടുകളിൽ ഇടംനേടി.
📎 ʙᴀᴄᴋwᴀsʜ
■ അന്ന് വരെയുള്ള ഇന്ത്യൻ സിനിമകളിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ എന്ന റെക്കോർഡുമായി തിയറ്ററുകളിലെത്തിയ ജീൻസ് ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്ററായിരുന്നു. ഏഴ് ലോകാത്ഭുതങ്ങളുടെയും പശ്ചാത്തലങ്ങളിൽ ചിത്രീകരിച്ച പൂവുക്കുൾ ഒളിന്തിരിക്കും എന്ന ഗാനരംഗത്തിന് വേണ്ടി മാത്രം കോടികളായിരുന്നു പൊടിച്ചത്. സിനിമയിലെ സ്പെഷ്യൽ എഫക്റ്റുകൾക്ക് S.T.വെങ്കിക്ക് ദേശീയ അവാർഡ് ലഭിച്ചു. പുതിയ തലമുറ ദേശീയ അവാർഡ് നേടിയ ആ സ്പെഷ്യൽ എഫക്ട്സ് ഇന്ന് കണ്ടാൽ ചിലപ്പോൾ തലതല്ലിച്ചിരിക്കും. പക്ഷേ, ഞങ്ങൾക്കന്ന് അതൊരു അത്ഭുതം തന്നെയായിരുന്നു. മികച്ച ഹാസ്യനടൻ (സെന്തിൽ), മികച്ച പിന്നണി ഗായിക (നിത്യശ്രീ - കണ്ണോട് കാൺപതെല്ലാം) എന്നീ വിഭാഗങ്ങളിൽ തമിഴ്‌നാട് സ്റ്റേറ്റ് പുരസ്കാരങ്ങളും സ്വന്തമാക്കി. A.R.റഹ്‌മാന് മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു.
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ