Once Upon A Time In America » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ റോബർട്ട് ഡി നീറോയെ നായകനാക്കി സെർജിയോ ലിയോണി സംവിധാനം നിർവ്വഹിച്ച ക്രൈം ത്രില്ലർ ഹോളിവുഡ് ചിത്രമാണ് വൺസ് അപ്പോൺ ഏ ടൈം ഇൻ അമേരിക്ക. ലിയോണിയുടെ വൺസ് അപ്പോൺ ഏ ടൈം ട്രയോളജിയിലെ അവസാനത്തെ ചിത്രം. സെർജിയോ ലിയോണിയുടെ അവസാനത്തെ ചിത്രവും ഇതുതന്നെയായിരുന്നു. ട്രയോളജിയിലെ മുൻപുള്ള ചിത്രങ്ങളെപ്പോലെ സ്പാഗെറ്റി വെസ്റ്റേണിലുള്ള ചിത്രമല്ല ഇത് എന്നൊരു വ്യത്യാസമുണ്ട്. ഹാരി ഗ്രെയുടെ The Hoods എന്ന നോവലിനെ അടിസ്ഥാനമാക്കി ലിയനാർഡോ ബെൻവെനുറ്റി, പിയറോ ഡി ബെർണാർഡി, എൻറികോ മെഡിയോളി, ഫ്രാങ്കോ അർക്കല്ലി, ഫ്രാങ്കോ ഫെറിനി എന്നിവർക്കൊപ്പം സംവിധായകൻ സെർജിയോ ലിയോണിയും കൂടി ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ടോണിനോ ഡെലികൊല്ലി ഛായാഗ്രഹണവും നിനോ ബറാഗ്ലി ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു. ലിയോണിയുടെ ഇഷ്ടസംഗീതജ്ഞൻ എന്യോ മോറിക്കോണി തന്നെയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ ഡേവിഡ് നൂഡിൽസ് ആരോൺസൺ എന്ന ന്യൂയോർക്ക് അധോലോകത്തിലെ യുവതുർക്കിയാണ് നമ്മുടെ നായകൻ. തന്റെ മൂന്ന് ആത്മസുഹൃത്തുക്കളുടെ ചേതനയറ്റ ശരീരങ്ങൾ പോലീസ് തെരുവിൽ നിന്നും നീക്കുന്നതുകണ്ടാണ് അയാൾ ആ ചൈനീസ് തിയറ്ററിൽ വിശ്രമിക്കാൻ കയറിയത്. പക്ഷേ, അവിടെ അയാളെ തിരഞ്ഞു ഒരുപറ്റം ഗുണ്ടകളെത്തുന്നു. മൂന്ന് ഗുണ്ടകളുടെ കഥകഴിച്ച് സ്വന്തം സങ്കേതത്തിലെത്തുന്ന അയാൾ തന്റെ കാമുകി കൊല്ലപ്പെട്ടതറിയുന്നു. ബാങ്കിൽ എത്തിയ അയാൾ തന്റെ സമ്പാദ്യവും നഷ്ടപ്പെട്ടെന്ന് തിരിച്ചറിയുന്നു. തന്നെ തേടി ഇനിയും കൊലയാളികൾ വരുമെന്ന് മനസ്സിലാക്കുന്ന നൂഡിൽസ് ന്യൂയോർക്ക് നഗരം വിടുന്നു. പക്ഷേ, മുപ്പതുവർഷങ്ങൾക്ക് ശേഷം അയാൾക്ക് ന്യൂയോർക്കിലെ ഒരു പാർട്ടിയിലേക്ക് ക്ഷണം കിട്ടി തിരിച്ചു വരേണ്ടി വരുന്നു. താൻ ജനിച്ചു വളർന്ന ന്യൂയോർക്ക് ക്രൈം ലോകത്തിലെ പഴയ ജീവിതം നൂഡിൽസിന്റെ ഓർമകളിലേക്ക് ഇരമ്പിയെത്തുന്നു. ആരായിരുന്നു തന്നെ കൊല്ലാൻ ശ്രമിച്ചത്? തന്റെ ആത്മമിത്രങ്ങളെ ആര് കൊന്നു? തനിക്ക് അപരിചിതനായ ഒരാൾ എന്തിന് തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചു?
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ഈ സിനിമയിലെ കാസ്റ്റിങ്ങിനെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ പിന്നെ എന്തിനെക്കുറിച്ചും പറഞ്ഞിട്ട് കാര്യമില്ല. അത്ഭുതം തന്നെയായിരുന്നു ഈ സിനിമയിലെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടികളുമായി താരങ്ങൾക്കുള്ള രൂപസാദൃശ്യങ്ങൾ. സിനിമയ്ക്ക് കാസ്റ്റിങ് നിർവ്വഹിച്ച സിസ് കോർമാൻ, ജോയ് ടോഡ് എന്നിവരുടെ ബ്രില്യൻസ് എന്തായാലും എടുത്ത് പറഞ്ഞേ തീരൂ. റോബർട്ട് ഡി നീറോയാണ് നൂഡിൽസ് എന്ന് വിളിക്കുന്ന നായക കഥാപാത്രത്തിന്റെ വേഷം ഉജ്വലമാക്കിയിരിക്കുന്നത്. ഡി നീറോയെ അറിയില്ലേ, ദി ഗോഡ്ഫാദർ രണ്ടാം ഭാഗത്തിൽ വിറ്റോ കോർലിയോണിയുടെ യൗവ്വനകാലം അവിസ്മരണീയമാക്കിയ അതേ നടൻ തന്നെ. സ്കോട്ട് ടൈലറാണ് നൂഡിൽസിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയിലെ ഓരോ കഥാപാത്രത്തിന്റെയും ചെറുപ്പകാലം അവതരിപ്പിച്ച കുട്ടികളുടേത് വെറും ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറിയിലെ കുഞ്ഞുമുഖങ്ങളായി തള്ളിക്കളയാൻ കഴിയില്ല. അവരോരോരുത്തരും മുഖ്യനടന്മാരെപ്പോലെ തന്നെ കഥാപാത്രങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്. ജെയിംസ് വുഡ്‌സ് (മാക്സ്), റസ്റ്റി ജേക്കബ്സ് (മാക്സിന്റെ ചെറുപ്പം), എലിസബത്ത് മക്ഗവേൺ (ഡെബോറ), ജെന്നിഫർ കോനെല്ലി (ഡെബോറയുടെ ചെറുപ്പം), ട്രീറ്റ് വില്യംസ് (ജിമ്മി ഓ'ഡൊണേൽ), ട്യുസ്‌ഡേ വെൽഡ് (കരോൾ), ബർട് യങ് (ജോ), ജോ പെസ്‌സി (ഫ്രാങ്കി), ഡാനി അയേലോ (പോലീസ് ചീഫ് അയേലോ), വില്യം ഫോർസൈത്ത് (കോക്കി), അഡ്രിയാൻ കുറാൻ (കോക്കിയുടെ ചെറുപ്പം), ജെയിംസ് ഹെയ്ഡൻ (പാറ്റ്സി), ബ്രയാൻ ബ്ലൂം (പാറ്റ്‌സിയുടെ ചെറുപ്പം), ഡാർലാനേ ഫ്ലൂഗേൽ (ഈവ്), ലാറി റാപ്പ് (ഫാറ്റ് മോ), മൈക്ക് മോണേറ്റി (ഫാറ്റ് മോയുടെ ചെറുപ്പം), ആമി റൈഡർ (പെഗ്ഗി), ജൂലി കോഹെൻ (പെഗ്ഗിയുടെ ചെറുപ്പം), ജെയിംസ് റൂസ്സോ (ബഗ്സി), നോഹ മൊസെസി (ഡൊമിനിക്) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ സെർജിയോ ലിയോണിയുടെ മറ്റൊരു മാസ്റ്റർപീസായി എണ്ണപ്പെടുന്ന ഈ സിനിമ യൂറോപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും വെട്ടിക്കൂട്ടി അമേരിക്കയിൽ റിലീസ് ചെയ്തത് വൻ പരാജയമാണ് രുചിച്ചത്. ഈ സിനിമയുടെ ഡയറക്ടേഴ്സ് കട്ട് നാലുമണിക്കൂറോളമുണ്ട് എന്നിരുന്നാലും ലോകത്തിലെ ഏറ്റവും മികച്ച ഗ്യാങ്സ്റ്റർ സിനിമകളുടെ ലിസ്റ്റെടുത്താൽ മുന്നിൽ തന്നെ ഇതുണ്ടാകും എന്നുറപ്പ്. ദുൽഖറിനെയും വിനായകനെയും കേന്ദ്രകഥാപാത്രങ്ങളാക്കി രാജീവ് രവി സംവിധാനം നിർവ്വഹിച്ച കമ്മട്ടിപ്പാടം എന്ന സിനിമയ്ക്ക് ഈ സിനിമയോട് എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് "യാദൃശ്ചികം മാത്രമല്ല" 😉
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ