The Deer Hunter » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ലോകം മുഴുവൻ ജയിക്കാൻ കഴിഞ്ഞിട്ടും വിയറ്റ്‌നാം എന്ന കൊച്ചു രാജ്യത്തിനുമുന്നിൽ തോറ്റുപോയവരാണ് അമേരിക്കക്കാർ. അതുകൊണ്ടുതന്നെ വിയറ്റ്‌നാം യുദ്ധം ഒട്ടേറെ തവണ ഹോളിവുഡിന്റെ അഭ്രപാളികളിൽ നിറഞ്ഞിട്ടുണ്ട്. റോബർട്ട് ഡി നീറോ, ക്രിസ്റ്റഫർ വാക്കൻ, ജോൺ സാവേജ്, മെറിൽ സ്ട്രീപ്പ് തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി മൈക്കൽ സിമിനോ സംവിധാനം നിർവ്വഹിച്ച എപിക് വാർ ഡ്രാമാ ഹോളിവുഡ് ചിത്രമാണ്. ദി ഡീർ ഹണ്ടർ. ലൂയിസ് ഗാർഫിങ്കിളും ക്വിൻ K.റിഡീക്കറും ചേർന്നെഴുതിയ "ദി മാൻ ഹൂ കെയിം റ്റു പ്ലേ" എന്ന പുറത്തിറങ്ങാത്ത തിരക്കഥയിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തി ഡെറിക് വാഷ്‌ബേൺ പുതിയൊരു തിരക്കഥ രചിക്കുകയായിരുന്നു. വിൽമോസ് സിഗ്മണ്ട് ഛായാഗ്രഹണവും പീറ്റർ സ്‌പിന്നർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. സംഗീതമൊരുക്കിയിരിക്കുന്നത് സ്റ്റാൻലി മെയേഴ്സാണ്. കവെറ്റിന എന്ന തീം മ്യൂസിക് മനോഹരം.
✍sʏɴᴏᴘsɪs
■ മാനവേട്ടയും പബ്ബിങ്ങുമായി യൗവ്വനകാലം ആഘോഷിച്ചു ജീവിക്കുന്ന ആറു സുഹൃത്തുക്കൾ (മൈക്ക്, സ്റ്റീവൻ, നിക്ക്, സ്റ്റാൻ, പീറ്റർ, ജോൺ). അതിൽ മൂന്നുപേർ വിയറ്റ്നാമിലേക്ക് സൈനികസേവനത്തിന് പോവാൻ തീരുമാനിക്കുന്നു. പോവുന്നതിന്റെ തൊട്ടുതലേന്നു സ്റ്റീവൻ തന്റെ കാമുകിയായ ആഞ്ചലയെ വിവാഹം കഴിക്കുന്നു. മൈക്ക്, നിക്കിന്റെ കാമുകിയായ ലിൻഡയോട് തനിക്കുള്ള പ്രണയം നിയന്ത്രിക്കാൻ പാടുപെടുന്നു. ലിൻഡയ്ക്കും മൈക്കിനോട് ഒരു സോഫ്റ്റ്‌കോർണർ ഉണ്ടായിരുന്നു. സുഹൃത്തുക്കളുമായിട്ടുള്ള ആഘോഷ ജീവിതത്തിൽ നിന്ന് വിയറ്റ്നാമിലെ കലുഷിതമായ യുദ്ധത്തിലേക്ക് ആ മൂന്ന് യുവാക്കളുടെയും ജീവിതം പറിച്ചു നടപ്പെടുന്നു. ഒരുമിച്ച് നിൽക്കാൻ അവർ ശ്രമിക്കുന്നുണ്ടെങ്കിലും യുദ്ധം അവരെ ജീവിതത്തിന്റെ തന്നെ പലകോണുകളിലെത്തിക്കുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ മുൻകോപിയും, എന്നാൽ സുഹൃത്തുക്കളോട് ഏറെ അടുപ്പവും സൂക്ഷിച്ചിരുന്ന മൈക്ക് എന്ന മൈക്കൽ വ്രോൻസ്‌കിയുടെ കഥാപാത്രം ഡി നീറോയിൽ ഭദ്രമായിരുന്നു. ഇരുകാലുകളും നഷ്ടപ്പെട്ട് വീൽചെയറിലായ തന്റെ സുഹൃത്തിനെ ആദ്യമായി കാണുമ്പോൾ ഉള്ളുമുഴുവൻ വിങ്ങിപ്പൊട്ടിക്കൊണ്ട് പുഞ്ചിരിവിടർത്തുന്ന മൈക്ക് ശരിക്കും അത്ഭുതമായിരുന്നു. ഡി നീറോ തന്നെ പറഞ്ഞിട്ടുണ്ട് അതായിരുന്നു തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വികാരതീവ്രമായ രംഗമെന്ന്. വിയറ്റ്‌നാം യുദ്ധം പേടിപ്പിടുത്തുന്ന നിസ്സംഗനാക്കിത്തീർത്ത നിക്ക് എന്ന നികനോർ ഷെവോറ്ററെവിച്ചിന്റെ വേഷം ചെയ്തിരിക്കുന്നത് ക്രിസ്റ്റഫർ വാക്കനാണ്. സ്റ്റീവൻ പുഷ്‌കോവായി ജോൺ സാവേജുമെത്തുന്നു. ഒരേ സമയം രണ്ടുപേരുടെ സ്നേഹത്തിനുമുൻപിൽ ആർക്ക് തന്റെ സ്നേഹം നൽകണമെന്നറിയാതെ കുഴഞ്ഞു നിൽക്കുന്ന ലിൻഡ എന്ന യുവതിയുടെ വേഷം മെറിൽ സ്ട്രീപ്പ് ഉജ്വലമാക്കി. ജോൺ കസെയ്ൽ (സ്റ്റാൻ), ജോർജ്ജ് സുന്ദ്സ (ജോൺ വെൽഷ്), പിയറി സെഗ്യുർ (ജൂലിയൻ ഗ്രിണ്ട), ഷിർലി സ്റ്റോളർ (സ്റ്റീവിന്റെ അമ്മ), ചക് ആസ്പെഗ്രൻ (പീറ്റർ ആക്സെൽറോഡ്), റുറ്റാന്യ ആൽഡ (ആഞ്ചല), മാഡി കപ്ലാൻ (ആക്സിലിന്റെ കാമുകി), മാരി ആൻ ഹീനിൽ (സ്റ്റാനിന്റെ കാമുകി), റിച്ചാർഡ് കുസ് (ലിൻഡയുടെ അച്ഛൻ) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ അഞ്ച് ഓസ്കാറുകളാണ് ഈ ചിത്രം വാരിക്കൂട്ടിയത്. മികച്ച ചിത്രം, മികച്ച സഹനടൻ (ക്രിസ്റ്റഫർ വാക്കൻ), മികച്ച സംവിധായകൻ (മൈക്കൽ സിമിനോ), മികച്ച ശബ്ദം (റിച്ചാർഡ് പോർട്മാൻ, വില്യം L.മക്ഗോഗി, ആരോൺ റോഷിൻ, C.ഡാരിൻ നൈറ്റ്), മികച്ച എഡിറ്റിങ് (പീറ്റർ സിന്നർ) എന്നീ വിഭാഗങ്ങൾക്കായിരുന്നു ഓസ്കാറുകൾ. കൂടാതെ മികച്ച നടൻ, മികച്ച നടി, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിൽ നോമിനേഷനുകളും നേടിയിരുന്നു. റഷ്യൻ റൂലറ്റ് എന്നറിയപ്പെടുന്ന ജീവൻ തോക്കിന്മുനയിലാക്കിയുള്ള ക്രൂരമായ ചൂതാട്ട വിനോദം വിയറ്റ്‌നാം യുദ്ധത്തിന്റെ പശ്ചാത്തലത്തിലാക്കി ദി മാൻ ഹൂ കെയിം റ്റു പ്ലേ എന്ന തിരക്കഥയിലേക്ക് മിക്സ് ചെയ്തു മാറ്റിയെഴുതുകയായിരുന്നു മൈക്കൽ സിമിനോയും ഡെറിക് വാഷ്ബേണും.
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ