The Great Escape » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ടതാണ് രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസി തടങ്കൽപ്പാളയത്തിൽ നിന്നും തുരങ്കം നിർമിച്ചു സാഹസികമായി രക്ഷപ്പെട്ട 76 സഖ്യസേനാ പട്ടാളക്കാരുടെ വീരോചിത കഥ. സ്റ്റീവ് മക്വീൻ, റിച്ചാർഡ് ആറ്റൻബറോ, ചാൾസ് ബ്രോൺസൺ, ജെയിംസ് ഗാർനെർ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജോൺ സ്റ്റുർജസ് സംവിധാനം നിർവ്വഹിച്ച ഹിസ്റ്റോറിക് അഡ്വെഞ്ചർ ഹോളിവുഡ് സിനിമയാണ് ദി ഗ്രേറ്റ് എസ്ക്കേപ്പ്. രണ്ടാംലോകമഹായുദ്ധകാലത്തെ യഥാർത്ഥ സംഭവത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ നോവലിസ്റ്റ് പോൾ ബ്രിക്ക്ഹിൽ എഴുതിയ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ജെയിംസ് ക്ലാവേലും W.R. ബർനെറ്റും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഡാനിയേൽ L.ഫാപ്പും വാൾട്ടർ റിംലും ചേർന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഫെറിസ് വെബ്സ്റ്ററാണ് എഡിറ്റർ. എൽമെർ ബേൺസ്റ്റെയ്ൻ സംഗീതം നൽകിയിരിക്കുന്നു.
✍sʏɴᴏᴘsɪs
■ രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മൻ നാസിസൈന്യം പിടികൂടിയ സഖ്യസേനയുടെ പലരാജ്യങ്ങളിൽനിന്നുമുള്ള പട്ടാളക്കാരെ പോളണ്ടിലെ സഗാനിലുള്ള അതിസുരക്ഷിത തടങ്കൽ പാളയത്തിലേക്ക് മാറ്റുന്ന രംഗത്തോടെ സിനിമ ആരംഭിക്കുന്നു. ഒരുപാട് തവണ രക്ഷപ്പെടാൻ ശ്രമിച്ച് വീണ്ടും പിടിയിലായ പട്ടാളക്കാരായിരുന്നു ക്യാംപിൽ ഭൂരിപക്ഷവും. ലുഫ്ത്വാഫെ കേണൽ വോൻ ലുഗർ തടവുകാരിലെ ബ്രിട്ടീഷ് ഉന്നതോദ്യോഗസ്ഥൻ ക്യാപ്റ്റൻ റാംസിയോട് ആ തടങ്കൽ പാളയത്തിൽ നിന്നും ആർക്കും രക്ഷപ്പെടാൻ സാധിക്കില്ല എന്ന് വീമ്പുപറയുന്നതും കേൾക്കാം. ആ സമയത്താണ് നാസി രഹസ്യാന്വേഷണ വിഭാഗമായ ഗെസ്റ്റപ്പോ ബ്രിട്ടീഷ് വ്യോമസേനയിലെ ഉന്നതൻ റോജർ ബാർട്ട്‍ലെറ്റിനെ അറസ്റ്റ്ചെയ്തത് ക്യാംപിലെത്തിക്കുന്നത്. മുൻപ് നടന്ന അനവധി തടവുചാട്ടങ്ങളുടെ മുഖ്യസൂത്രധാരനായിരുന്ന റോജർ അറിയപ്പെടുന്നത് തന്നെ "ബിഗ് X" എന്നാണ്. ഇനി രക്ഷപ്പെടാൻ ശ്രമിച്ചാൽ കൊന്നുകളയുമെന്ന് കേണൽ വോൻ ലുഗർ റോജറെ ഭീഷണിപ്പെടുത്തുന്നു. പക്ഷേ, റോജർ മറ്റുതടവുകാരുടെ സഹായത്തോടെ വലിയൊരു തുരങ്കം നിർമ്മിച്ച് 250പേർക്ക് ഒറ്റയടിക്ക് രക്ഷപ്പെടാനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ സ്റ്റീവ് മക്വീൻ (ഹിൽറ്റ്സ്), ജെയിംസ് ഗാർനെർ (ഹെൻഡ്‌ലി), റിച്ചാർഡ് ആറ്റൻബറോ (റോജർ ബാർട്ട്ലെറ്റ്), ജെയിംസ് ഡൊണാൾഡ് (റാംസി), ചാൾസ് ബ്രോൺസൺ (ഡാനി), ഡൊണാൾഡ് പ്ലെസൻസ് (ബ്ലൈത്ത്), ജെയിംസ് കൊബേൺ (സെഡ്ഗ്വിക്ക്), ഹൈൻസ് മെസ്സെമർ (വോൻ ലുഗർ), ജോൺ ലൈറ്റൻ (വില്ലി), ആഗ്നസ് ലെന്നി (ഐവ്സ്), നിഗെൽ സ്റ്റോക്ക് (കവെൻഡിഷ്), ലോറൻസ് മൊണ്ടെയ്ൻ (ഹൈൻസ്) തുടങ്ങിയവരാണ് മുഖ്യവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
📎 ʙᴀᴄᴋwᴀsʜ
■ ദി ഗ്രേറ്റ് എസ്‌കേപ്പിൽ രക്ഷപ്പെട്ട 76 പട്ടാളക്കാരിൽ 73പേരും പിന്നീട് പിടിയിലായി. അതിൽ 50 പേരെയും നാസികളുടെ ഗെസ്റ്റപ്പോ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. ജീവൻവെടിഞ്ഞ ആ 50പട്ടാളക്കാർക്കുള്ള സമർപ്പണമായിരുന്നു ഈ സിനിമ. മികച്ച എഡിറ്റിങ്ങിനുള്ള ഓസ്കാർ നോമിനേഷൻ നേടിയിരുന്നു.
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ