Thenmerku Paruvakaatru » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ വിജയ് സേതുപതിയെയും ശരണ്യ പൊൻവണ്ണനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സീനു രാമസാമി സംവിധാനം നിർവ്വഹിച്ച തമിഴ് ഡ്രാമ ചിത്രമാണ് തേന്മെർക്കു പറുവക്കാട്രു. വിജയ് സേതുപതിയുടെ നായകനായുള്ള അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം. സംവിധായകൻ സീനു രാമസാമി തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ രചിച്ചിട്ടുള്ളത്. ചെഴിയാൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. MU കാശിവിശ്വനാഥൻ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നു. വൈരമുത്തുവിന്റെ വരികൾക്ക് എൻ.ആർ.രഘുനന്ദൻ ഈണമിട്ടിരിക്കുന്നു.
✍sʏɴᴏᴘsɪs
■ തേനിക്കടുത്തുള്ള ഒരു കൊച്ചു ഉൾഗ്രാമമാണ് കഥാപശ്ചാത്തലം. ഇടയനായ മുരുഗയ്യനും കർഷകയായ വീരായിയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. വിധവയായ വീരായി തന്റെ ഏകമകൻ മുരുകയ്യനെ വളരെ കഷ്ടപ്പെട്ടും പുന്നാരിച്ചുമാണ് വളർത്തുന്നത്. തന്റെ മകന്റെ പൂർണ്ണസമ്മതമില്ലാതെ ഗ്രാമത്തിലെ പാൽക്കർഷകൻ പാൽപ്പാണ്ടിയുടെ മകൾ കലൈച്ചെൽവിയുമായി മകന്റെ വിവാഹമുറപ്പിക്കുന്നു. രാത്രിയുടെ മറവിൽ തൊഴുത്ത് ആക്രമിച്ച് ആടുകളെ മോഷ്ടിക്കുന്ന ഒരു സംഘത്തിന്റെ ശല്ല്യം ഗ്രാമത്തിൽ പതിവാകുന്നു. മുരുഗയ്യന്റെ ആടുകളെ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മോഷണ സംഘത്തിലെ ഒരാൾ മുരുഗയ്യന്റെ പിടിയിലകപ്പെടുന്നു. പക്ഷേ അതൊരു പെൺകുട്ടിയായിരുന്നു എന്നറിയുന്ന മുരുഗയ്യൻ അവളെ വെറുതെ വിടുന്നു. ആട് മോഷണ സംഘത്തിലെ "പേച്ചി" എന്ന ആ പെൺകുട്ടിയുമായി മുരുഗയ്യൻ പ്രണയബദ്ധനാകുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ വിജയ് സേതുപതി തന്റെ കന്നി ചിത്രമായിട്ടുകൂടി മുരുഗയ്യന്റെ വേഷം ഗംഭീരമായി ചെയ്തു. വീരായിയായി ശരണ്യ പൊൻവണ്ണൻ ജീവിക്കുകയായിരുന്നു. വസുന്ധര കശ്യപാണ് ചിത്രത്തിലെ നായികയായ പേച്ചിയുടെ വേഷം ചെയ്തിരിക്കുന്നത്. അരുൾദോസ് (മൊക്കയ്യൻ), ഹേമലത (കലൈചെൽവി), തീപ്പെട്ടി ഗണേശൻ (മുരുഗയ്യന്റെ സുഹൃത്ത്), സ്റ്റിൽസ് കുമാർ (മരിച്ചാമി), അജയൻ ബാല (പാൽപ്പാണ്ടി) തുടങ്ങിയവരാണ് മറ്റുപ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
📎 ʙᴀᴄᴋwᴀsʜ
■ ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഈ സിനിമയിലെ നായകൻ മുരുകയ്യന്റെ അമ്മ വീരായിയുടെ വേഷം ഉജ്വലമായി അവതരിപ്പിച്ച ശരണ്യ കരസ്ഥമാക്കി. കൂടാതെ മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡും വിജയ് ടിവി അവാർഡും ശരണ്യക്കായിരുന്നു. മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാർഡും ചിത്രം കരസ്ഥമാക്കി. ചിത്രത്തിലെ "കള്ളിക്കാട്ടിൽ പിറന്ത തായേ" എന്ന ഗാനത്തിന്റെ വരികൾക്ക് വൈരമുത്തുവിന് ആ വർഷത്തെ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. കൂടാതെ മികച്ച ഗാനരചയിതാവിനുള്ള വിജയ് അവാർഡും നേടി.
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ