V For Vendetta » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ജനവിരുദ്ധ സർക്കാരുകളെ തകർത്തെറിഞ്ഞ മുല്ലപ്പൂ വിപ്ലവം പോലെയുള്ള ജനപക്ഷ സമരങ്ങൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്, ട്യുണീഷ്യയിലും ഈജിപ്ത്തിലും ലിബിയയിലുമൊക്കെ.
ജനങ്ങൾ ഗവണ്മെന്റിനെയല്ല, ഗവണ്മെന്റ് ജനങ്ങളെയാണ് ഭയക്കേണ്ടത് എന്ന സൂപ്പർ ഡിപ്ലോമസി ഉയർത്തിപ്പിടിച്ച ഡിസ്ട്ടോപ്യൻ പൊളിറ്റിക്കൽ ക്രൈം ത്രില്ലർ ഹോളിവുഡ് ചിത്രമാണ് ഹ്യൂഗോ വീവിങിനെയും നതാലി പോർട്മാനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജെയിംസ് മക്ട്ടീഗി സംവിധാനം നിർവ്വഹിച്ച വി ഫോർ വെണ്ടേറ്റ. അലൻ മൂറും ഡേവിഡ് ലോയിഡുമെഴുതിയ ഡിസി / വെർട്ടിഗോ കോമിക് സീരീസിലെ ഇതേപേരിലുള്ള കഥയെ ആസ്പദമാക്കി ദി വക്കോവ്സ്കി ബ്രദേഴ്സാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അഡ്രിയാൻ ബിഡ്ഡിൽ ഛായാഗ്രഹണവും മാർട്ടിൻ വാൽഷ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ഡാരിയോ മരിയാനെല്ലിയുടെ മനോഹരമായ പശ്ചാത്തല സംഗീതവും ഒപേരയും കൊണ്ട് സമ്പന്നമാക്കപ്പെട്ടിട്ടുണ്ട് ഈ സിനിമ.
✍sʏɴᴏᴘsɪs
■ 2027 എന്ന ഭാവികാലമാണ് കഥാപശ്ചാത്തലമാക്കിയിരിക്കുന്നത്. ഹൈ ചാൻസലർ ആദം സട്ട്ലറിന്റെ നേതൃത്വത്തിലുള്ള ഏകാധിപത്യ സർക്കാർ ഭരിക്കുന്ന ബ്രിട്ടൻ. തന്റെ രാഷ്ട്രീയ എതിരാളികളെയും കുടിയേറ്റക്കാർ, ജൂതന്മാർ, മുസ്ലിംകൾ, യുക്തിവാദികൾ, സ്വവർഗരതിക്കാർ എന്ന് വേണ്ട; തന്നെയെതിർക്കുന്ന ആരെയും കോൺസെൻട്രേഷൻ ക്യാമ്പിലും മറ്റും തടവിലാക്കി സട്ട്ലർ നീചമായി അവസാനിപ്പിച്ചു. അടിച്ചമർത്തപ്പെട്ട ജനതയുടെ മോചനത്തിനായി അയാൾ വരികയാണ്, V എന്ന അപരനാമത്തിൽ അറിയപ്പെടുന്ന; ഗയ് ഫോക്സിന്റെ മുഖംമൂടിയും ധരിച്ച് കൊണ്ട് അയാൾ ഫാസിസ്റ്റ് സർക്കാരിനെതിരെ തീവ്രവാദ പോരാട്ടം നയിക്കുകയാണ്. ഫാസിസ്റ്റ് സർക്കാരിന്റെ രഹസ്യപ്പോലീസായ ഫിങ്കർമെനിന്റെ കൈകളിൽ നിന്നും അയാൾ രക്ഷിച്ച ഇവി ഹാമൻഡ് എന്ന യുവതി V യുടെ കഥയിലെ വഴിത്തിരിവാകുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ സിനിമയിൽ ഒരിക്കൽ പോലും മുഖം കാണിക്കാൻ വിധിക്കപ്പെടാത്ത ശക്തനായ നായക കഥാപാത്രം, V യെ അവതരിപ്പിച്ചിരിക്കുന്നത് ഹ്യൂഗോ വീവിങ്ങാണ്. നതാലി പോർട്ട്മാൻ കഥയിലെ നായിക ഇവി ഹാമൻഡായി അഭിനയിച്ചിരിക്കുന്നു. സ്റ്റീഫൻ റീ (എറിക് ഫിഞ്ച്), ജോൺ ഹർട്ട് (ആദം സട്ട്ലർ), സ്റ്റീഫൻ ഫ്രൈ (ഗോഡ്രൺ ഡീട്രിച്ച്), ടിം പിഗോട്ട് സ്മിത്ത് (പീറ്റർ ക്രീഡി), റൂപെർട് ഗ്രേവ്സ് (ഡൊമിനിക് സ്റ്റോൺ), റോജർ അല്ലം (ലെവിസ് പോതെറോ), ജോൺ സ്റ്റാന്റിങ് (ബിഷപ്പ് ആന്തണി ജെയിംസ് ലില്ലിമാൻ), സിനീഡ് കുസാക്ക് (ഡോ. ഡെലിയ സറിഡ്ജ്), നടാഷ വെയ്‌റ്റ്‌മാൻ (വലേറി പേജ്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ 1605ൽ ഇംഗ്ലണ്ട് പാർലമെന്റ് മന്ദിരം വെടിമരുന്നുപയോഗിച്ച് തകർത്തു ഇംഗ്ലണ്ടിന്റെ ജെയിംസ് ഒന്നാമൻ രാജാവിനെയും സ്കോട്ട്ലാൻഡിന്റെ ജെയിംസ് നാലാമൻ രാജാവിനെയും വധിക്കാൻ ശ്രമിച്ച ഗൺ പൗഡർ പ്ലോട്ട് എന്നറിയപ്പെട്ട വിപ്ലവം നയിച്ച കത്തോലിക്കാ വിപ്ലവകാരികളിൽ ഒരാളായിരുന്നു ഗയ് ഫോക്സ്. പരാജയപ്പെട്ട ഗൺ പൗഡർ വിപ്ലവത്തിന് ശേഷം പിടിയിലായ ഗയ് ഫോക്സിനെയും സംഘങ്ങളെയും പിന്നീട് തൂക്കിലേറ്റുകയായിരുന്നു. വി ഫോർ വെണ്ടേറ്റയിൽ ഉപയോഗിച്ച ഗയ്സ് ഫോക്സ് മുഖംമൂടി ഇന്ന് പല ജനകീയ പ്രക്ഷോഭങ്ങളുടെയും മുന്നണിയിൽ ഉപയോഗിച്ച് വരുന്നു. ജെയിംസ് പ്യുവർഫോയ് ആയിരുന്നു V യുടെ കഥാപാത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. ശക്തമായ കഥാപാത്രമായിരുന്നെങ്കിലും മുഴുവൻ സിനിമയിലും മുഖം മൂടിക്കുള്ളിൽ അഭിനയിക്കുക എന്ന വെല്ലുവിളി അതിജീവിക്കാൻ ജെയിംസ് പരാജയപ്പെട്ടു. പിന്നീടാണ് വീവറിന് അവസരം ലഭിക്കുന്നത്. നിർമ്മാതാക്കളായ ജോയൽ സിൽവറിനും വച്ചോവ്സ്കി ബ്രദേഴ്‌സിനുമൊപ്പം മുൻപ് മാട്രിക് സീരീസിൽ വർക്ക് ചെയ്തിരുന്നതുകൊണ്ട് വീവർ മറ്റൊന്നും ആലോചിക്കാതെ വേഷം സ്വീകരിച്ചു.
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ