12 Monkeys » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ എന്തെങ്കിലും ഇന്റർവ്യൂവോ മുഖാമുഖ സംഭാഷണമോ കഴിഞ്ഞു വരുമ്പോൾ പലപ്പോഴും നമുക്ക് തോന്നാറുള്ളൊരു കാര്യമുണ്ട്, "അപ്പോൾ അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അല്ലെങ്കിൽ അങ്ങനെ ചെയ്തിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെ." അങ്ങനെ ജീവിതത്തിൽ കഴിഞ്ഞുപോയ ഭൂതകാലത്തിലേക്ക് ഒന്നുകൂടി തിരിച്ചുപോയി നമ്മൾ ചെയ്ത പിഴവുകൾ ശരിയാക്കി തിരിച്ചുവരാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്
ഒരിക്കലെങ്കിലും നമ്മൾ ആഗ്രഹിച്ചിരുന്നിരിക്കും. അങ്ങനെയുള്ള മനുഷ്യന്റെ ആഗ്രഹങ്ങളുടെ ചിറകിലേറി ഉണ്ടായതാണ് ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള എല്ലാ ടൈം ട്രാവൽ മൂവീസും. ദി ടൈം മെഷീൻ, ബാക്ക് ടു ദി ഫ്യൂച്ചർ സീരീസ്, പ്രീഡെസ്റ്റിനേഷൻ, എഡ്ജ് ഓഫ് ടുമോറോ, ഡിജാവു, etc.. അങ്ങനെ ഒട്ടനവധി സൂപ്പർഹിറ്റ് ടൈം ട്രാവൽ മൂവീസ് സംഭവിച്ചിട്ടുണ്ട് അങ്ങ് ഹോളിവുഡിൽ. ബോളിവുഡിലാണെങ്കിൽ ലവ് സ്റ്റോറി 2050, ആക്ഷൻ റീപ്ലേ, ബാർ ബാർ ദേഖോ എന്നീ ടൈം ട്രാവൽ മൂവികളെടുത്ത് നമ്മുടെ മാനം കപ്പല് കേറിയതാണ്. അൽപ്പസ്വൽപ്പം ശരാശരിക്കും മുകളിലുള്ള ടൈം ട്രാവൽ സിനിമകളിറങ്ങിയത് തമിഴിലാണ്. ഇൻട്രൂ നേട്രൂ നാളൈ, 24 എന്നിവ ലോകസിനിമയിലെ ടൈം ട്രാവൽ സിനിമകളോട് കിടപിടിക്കുന്നത് തന്നെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ മൂവി എന്ന ടാഗ് ലൈനോടെ ടോവിനോ തോമസിനെ നായകനാക്കി വിവേക് അനിരുദ്ധ് സംവിധാനം ചെയ്തു പുറത്തിറക്കും എന്ന് 2016ൽ പ്രഖ്യാപിച്ച "ടിക് ടോക്" (മീനവിയൽ എന്തായോ എന്തോ), ഷൈൻ ടോം ചാക്കോയെ നായകനാക്കി അജയ് ദേവലോകയുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന "WHO" എന്നിവയാണ് മലയാളത്തിന്റെ ടൈം ട്രാവൽ മൂവീ പ്രതീക്ഷകൾ.
ബ്രൂസ് വില്ലിസ്, മാഡലിൻ സ്റ്റോവെ, ബ്രാഡ് പിറ്റ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ടെറി ഗില്ല്യം സംവിധാനം നിർവ്വഹിച്ച നിയോ നോയിർ സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് 12 മങ്കീസ്. ക്രിസ് മാർക്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ "ലാ ജെറ്റീ" എന്ന ഫ്രഞ്ച് ഹൃസ്വ ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഡേവിഡ് പീപ്പിൾസും ജാനറ്റ് പീപ്പിൾസുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. റോജർ പ്രാറ്റ് ഛായാഗ്രഹണവും മിക്ക് ഓഡ്‌സ്‌ലി എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. പോൾ ബക്ക്മാസ്റ്ററുടേതാണ് പശ്ചാത്തല സംഗീതം.
✍sʏɴᴏᴘsɪs
■ 1996ൽ ഒരു വിനാശകരമായ വൈറസ് ഭൂമിയിലെങ്ങും വ്യാപിക്കുന്നതിന്റെ ഫലമായി മനുഷ്യ വംശം തന്നെ നാമാവശേഷമാകുന്നു, കുറച്ചു പേരൊഴിച്ച്. വൈറസിൽ നിന്നും അതിജീവിച്ച ബാക്കിയുള്ള മനുഷ്യരെല്ലാം ഭൂമിക്കടിയിൽ അഭയം പ്രാപിക്കുന്നു. പുറംലോകം വന്യജീവികളുടെ കൈപ്പിടിയിലൊതുങ്ങുന്നു. ആർമി ഓഫ് ദി 12 മങ്കീസ് എന്നറിയപ്പെട്ടിരുന്ന ഒരു സംഘമാളുകളായിരുന്നു വൈറസിന്റെ വ്യാപനത്തിന് പിന്നിൽ. 2035ൽ ഒരു കൂട്ടം ശാസ്ത്രജ്ഞർ ജെയിംസ് കോൾ എന്നൊരു തടവുകാരന് പ്രത്യേക പരിശീലനം നൽകി ഭൂതകാലത്തിലേക്ക് (1996ലേക്ക്) ടൈം മെഷീനിലൂടെ പറഞ്ഞയക്കുന്നു. വൈറസിന്റെ ഉറവിടം കണ്ടെത്തി അതിന് തടയിടുകയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, ജെയിംസ് കോൾ ടൈം മെഷീനിലൂടെ ചെന്നെത്തുന്നത് 1990ലേക്കായിരുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ബ്രൂസ് വില്ലിസാണ് ജെയിംസ് കോൾ ആയി അഭ്രപാളികളിലെത്തുന്നത്. താൻ കാണുന്നതും ചെയ്യുന്നതും ചെയ്യുന്നതും യാഥാർഥ്യമാണോ അതോ തന്റെ മനസ്സിന്റെ സങ്കൽപ്പമാണോ അതോ താൻ വെറുമൊരു ഭ്രാന്തനാണോ എന്നറിയാതെയുള്ള ജയിംസിന്റെ ആശയക്കുഴപ്പങ്ങൾ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ബ്രൂസ്. ബ്രാഡ് പിറ്റിന്റെ ജെഫ്രി ഗോയിൻസ് എന്ന ഭ്രാന്തൻ കഥാപാത്രം അക്ഷരാർത്ഥത്തിൽ നായകനെ കവച്ചു വെക്കുന്ന വില്ലൻ തന്നെയായിരുന്നു. കാതറിൻ റാലി എന്ന നായികാ വേഷത്തിലെത്തിയിരിക്കുന്നത് മാഡലിൻ സ്റ്റോവെയാണ്. ജോസഫ് മെലിറ്റോ (കുഞ്ഞു ജെയിംസ് കോൾ), ക്രിസ്റ്റഫർ പ്ലമ്മർ (ഡോ. ഗോയിൻസ്), ഡേവിഡ് മോയ്സ് (ഡോ. പീറ്റേഴ്സ്), ജോൻ സെഡ (ജോസ്), ക്രിസ്റ്റഫർ മെലോണി (ലെഫ്. ഹാൽപെറിൻ), ഫ്രാങ്ക് ഗോർഷിൻ (ഡോ. ഫ്ലെച്ചർ), വെർണൻ കാംപെൽ (ടൈനി), ലിസ ഗേ ഹാമിൽട്ടൺ (ടെഡി), കരോൾ ഫ്ലോറെൻസ് (ജോൺസ്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ ജെഫ്രി ഗോയിൻസായുള്ള പകർന്നാട്ടത്തിലൂടെ ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള ഓസ്കാർ നോമിനേഷൻ നേടി. ദി യൂഷ്വൽ സസ്‌പെക്റ്റിൽ കെവിൻ സ്‌പേസിയുടെ അസാധ്യ പ്രകടനമില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ആ ഓസ്കാർ ബ്രാഡ് പിറ്റിന്റെ ഷോക്കേസിലിരുന്നേനെ. കൂടാതെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ നോമിനേഷനും കരസ്ഥമാക്കിയിരുന്നു 12 മങ്കീസ്.
8/10 · IMDb
88% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ