Doctor Zhivago » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ കമ്മ്യൂണിസം വിഭാവനം ചെയ്യുന്നത് തൊഴിലാളികളുടെ ക്ഷേമവും സാധാരണ പൗരന്മാരുടെ ഉന്നമനവുമാണെങ്കിലും തൊഴിലാളികൾക്ക് വേണ്ടി എന്ന് പ്രത്യക്ഷത്തിൽ പറഞ്ഞുകൊണ്ട് ആരംഭിച്ച പല ജനപക്ഷ വിപ്ലവങ്ങളും അവസാനം കൊണ്ടെത്തിച്ചത് ഏകാധിപത്യ സർക്കാരുകളിലായിരുന്നു. അത് റഷ്യയിലായിരുന്നാലും ചൈനയിലായിരുന്നാലും ഉത്തരകൊറിയയിലായിരുന്നാലും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് ചരിത്രത്തിലേക്ക് ഒന്ന് പാളി നോക്കിയാൽ മനസ്സിലാവും. റഷ്യൻ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ഒമർ ശരീഫ്, ജൂലി ക്രിസ്റ്റി, ജെറാൾഡിൻ ചാപ്ലിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡേവിഡ് ലീൻ അണിയിച്ചൊരുക്കിയ ഹിസ്റ്റോറിക് എപ്പിക് റൊമാന്റിക് ഡ്രാമാ ഹോളിവുഡ് ചിത്രമാണ് ഡോക്ടർ സിവാഗോ. ബോറിസ് പാസ്റ്റർനാക്കിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി റോബർട്ട് ബോൾട്ടാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രെഡി യങ്ങും നിക്കൊളാസ് റോഗും ചേർന്ന് ഛായാഗ്രഹണവും നോർമൻ സാവേജ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് മൗറിസ് ജാറെയാണ്.
✍sʏɴᴏᴘsɪs
■ സിവാഗോയുടെ കഥ തുടങ്ങുന്നത് സാർ ചക്രവർത്തിമാർ ഭരണം കൈയ്യാളിയിരുന്ന ഏകാധിപത്യ റഷ്യൻ സാമ്രാജ്യത്തിലെ മോസ്‌കോ നഗരത്തിൽ നിന്നാണ്. മെഡിക്കൽ സ്റ്റുഡന്റായിരുന്ന സിവാഗോ ഒരു കവിയും കൂടിയായിരുന്നു. തന്റെ അമ്മാവന്റെ മകളായ ടോണിയയുമായി വിവാഹമുറപ്പിച്ചിരുന്ന സിവാഗോ ട്രൈനിങ്ങിനിടയിൽ വിക്ടർ കൊമോറോവ്സ്കി എന്ന സമ്പന്ന ബിസിനസ്സുകാരനെയും അയാളാൽ വഞ്ചിക്കപ്പെട്ട ലാറ എന്ന പതിനേഴുകാരി പെൺകുട്ടിയെയും പരിചയപ്പെടുന്നു. ഒരു ക്രിസ്മസ് പാർട്ടിയിൽ, സിവാഗോയുടെ വിവാഹ നിശ്ചയ വേദി കൂടിയായിരുന്ന ഹോട്ടലിൽ വെച്ച് ലാറ വിക്ടറിന് നേരെ നിറയൊഴിക്കുന്നു. കൈക്ക് പരിക്കേറ്റ വിക്ടർ ലാറയെ വിട്ടയക്കാൻ പറയുന്നു. ലാറയുടെ കാമുകൻ പാഷ ആന്റിപ്പോവ് എന്ന വിപ്ലവകാരിയെ സിവാഗോ കണ്ടുമുട്ടുന്നത് അവിടെ വെച്ചായിരുന്നു. ജനവിരുദ്ധ സർക്കാർ ആയിരുന്ന സാർ ചക്രവർത്തിമാർക്കെതിരെ വിപ്ലവം പൊട്ടിപ്പുറപ്പെടുന്നു. പക്ഷേ, മറ്റുപലരെയും പോലെ റഷ്യൻ വിപ്ലവം ഡോക്ടർ സിവാഗോയുടെയും ഭാര്യ ടോണിയയുടെയും വിപ്ലവകാരി പാഷയുമായി വിവാഹിതയായ ലാറയുടെയും ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ഡോക്ടർ സിവാഗോ എന്ന യൂറി ആന്ദ്രേവിച്ച് സിവാഗോയായി അഭിനയിച്ചിരിക്കുന്നത് ഒമർ ശരീഫ് എന്ന ഈജിപ്ഷ്യൻ നടനാണ്. ലാറ എന്ന ലാറിസ ആന്റിപ്പോവയുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ജൂലി ക്രിസ്റ്റിയാണ്. ജൂലി ജനിച്ചത് ബ്രിട്ടീഷ് ഇന്ത്യയിലെ ആസ്സാമിലായിരുന്നു. സിവാഗോയുടെ ഭാര്യയായ ടോണിയ ഗ്രോമെക്കോയായി അഭിനയിച്ചിരിക്കുന്നത് ചാർളി ചാപ്ലിന്റെ മകൾ ജെറാൾഡിൻ ചാപ്ലിനാണ്. റോഡ് സ്റ്റെയ്ഗർ (വിക്ടർ കൊമോറോവ്സ്കി), അലക് ഗിന്നസ് (ലെഫ്. ജനറൽ യേവ്ഗ്രാഫ് സിവാഗോ), ടോം കോർട്ട്നി (പാഷ ആന്റിപ്പോവ്), സയോബാൻ മക്കെന്ന (അന്ന ഗ്രോമെക്കോ), റാൽഫ് റിച്ചാർഡ്സൺ (അലക്‌സാണ്ടർ ഗ്രോമെക്കോ), റിറ്റ തുഷ്യൻഗം (ടാന്യ കൊമോറോവ), ജെഫ്രി റോക്‌ലാൻഡ് (സാഷ), തരേക് ശരീഫ് / ഒമർ ഷെരീഫിന്റെ മകൻ (യുറിയുടെ ബാല്യം), ജാക്ക് മക്ഗൗരാൻ (പേട്യാ), മാർക്ക് ഈഡൻ (ഡാം എഞ്ചിനീയർ), ലൂസി വെസ്റ്റ്‌മോർ (കാത്യ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ മികച്ച തിരക്കഥ (റോബർട്ട് ബോൾട്), മികച്ച ഛായാഗ്രഹണം (ഫ്രെഡി യങ്ങ്), മികച്ച കലാസംവിധാനം (ജോൺ ബോക്സ്, ടെറൻസ് മാർഷ്, ഡാരിയോ സിമോണി), മികച്ച വസ്ത്രാലങ്കാരം (ഫിലിസ് ഡാൽട്ടൻ), മികച്ച സംഗീതം (മൗറിസ് ജറെ) എന്നീ വിഭാഗങ്ങളിലായി അഞ്ച് ഓസ്കാർ പുരസ്കാരങ്ങൾ കരസ്ഥമാക്കി. ബോറിസിന്റെ നോവൽ സോവിയറ്റ് യൂണിയനിൽ നിരോധിച്ചിരുന്നതിനാൽ തന്നെ സ്പെയിനിലായിരുന്നു പടത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും. സോവിയറ്റ് യൂണിയന്റെ ശക്തമായ പ്രതിഷേധത്തെ മറികടന്നു ബോറിസ് പാസ്റ്റർനാക്കിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരുന്നു ഡോക്ടർ സിവാഗോ എന്ന നോവലിലൂടെ.
8/10 · IMDb
82% · Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ