Incendies » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഇൻസെന്റീസ് എന്ന ഈ സിനിമ കാണുന്നതുവരെ ഓൾഡ്‌ബോയ് എന്ന കൊറിയൻ സിനിമയായിരുന്നു എന്നെ ഇത്രയേറെ അലോസരപ്പെടുത്തിയിട്ടുള്ളത്. അപ്രിയ സത്യങ്ങൾ മറച്ചു വെക്കപ്പെടേണ്ടതാണ്, അല്ലെങ്കിൽ സത്യത്തിന്റെ മുഖം വികൃതമാണ് എന്നൊക്കെ പറയുന്നത് എത്രയോ ശരിയാണ് എന്ന് ഈ സിനിമ കണ്ടാൽ നമുക്ക് മനസ്സിലാവും. ആരും തെറ്റുകാരനായി ജനിക്കുന്നില്ല, സാഹചര്യമാണ് അവനെ തെറ്റുകാരനാക്കുന്നത്. ആ സാഹചര്യത്തിലേക്ക് അവനെ എത്തിക്കുന്നതോ, അവൻ തന്നെ എന്നത് മറുവശം. ഒരിറ്റ് കണ്ണുനീരോടു കൂടിയല്ലാതെ ഈ സിനിമ പൂർത്തിയാക്കാൻ കഴിയില്ല.
ലുബ്‌ന അസബാൾ, മെലിസ ഡിസോർമ്യോക്സ് പൗളിൻ, മാക്സിം ഗോഡിറ്റ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡെനിസ് വില്ലാനുവേ സംവിധാനം നിർവ്വഹിച്ച കനേഡിയൻ മിസ്റ്ററി ത്രില്ലറാണ് ഇൻസെന്റീസ്. വാജിദി മൗവാദിന്റെ ഇതേപേരിലുള്ള നാടകത്തെ ആസ്പദമാക്കി സംവിധായകൻ ഡെനിസ് വില്ലാനുവേയും വലേരി ബ്യുഗ്രാന്റ് ഷാമ്പെയിനുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ആന്ദ്രെ ടുർപിൻ ഛായാഗ്രഹണവും മോണിക്കെ ഡാർട്ടണി എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ഗ്രിഗോർ ഹേർട്ട്സെലാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ ഇത് നവാൽ മർവാൻ എന്ന സ്ത്രീയുടെ മാത്രം കഥയാണ്. മറ്റുകഥാപാത്രങ്ങളെല്ലാം നവാലിന്റെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. മധ്യപൂർവ്വദേശത്തെ ഏതോ രാജ്യത്തുനിന്നും (രാജ്യത്തിന്റെ പേര് എവിടെയും വെളിപ്പെടുത്തുന്നില്ല) കാനഡയിലേക്ക് കുടിയേറിയ ഒരു അഭയാർത്ഥിയായിരുന്നു നവാൽ മർവാൻ. നവാലിന്റെ മരണശേഷം അവരുടെ മക്കളായ ജിയാന്നെയ്ക്കും സൈമണും കനേഡിയൻ നോട്ടറി ഉദ്യോഗസ്ഥനായ ജീൻ ലേബൽ വിൽപത്രം വായിച്ചു കൊടുക്കുന്നു (ദീർഘകാലം അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു നവാൽ). അവർക്കതുവരെ അറിയാത്ത അവരുടെ സഹോദരനെയും അച്ഛനെയും കണ്ടെത്തുന്നതുവരെ നവാലിന്റെ മൃതദേഹം അടക്കം ചെയ്യാൻ പാടില്ലെന്നായിരുന്നു വിൽപ്പത്രത്തിൽ. അങ്ങനെ ഇരട്ടകളായ അവർ രണ്ടുപേരും നവാൽ ജനിച്ചുവളർന്ന മധ്യപൂർവ്വദേശത്തേക്ക് പുറപ്പെടുന്നു. നവാലിന്റെ ജീവിതത്തിലൂടെയുള്ളൊരു യാത്ര.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ലുബ്‌ന അസബലാണ് നവാൽ മർവാന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. നവാലെന്ന യുവതിയുടെ കഠിനവും പരീക്ഷണങ്ങൾ നിറഞ്ഞതുമായ ജീവിതം ലുബ്‌ന ശരിക്കും ജീവിച്ചു കാണിക്കുകയായിരുന്നു. അസാധാരണ പ്രകടനം. നവാലിന്റെ മക്കളായ ജിയാനെയുടെയും സൈമണിന്റെയും വേഷങ്ങൾ ചെയ്തിരിക്കുന്നത് മെലിസ ഡിസോർമ്യോക്സ് പൗളിൻ, മാക്സിം ഗോഡിറ്റെ എന്നിവരാണ്. റെമി ജിറാർഡ് (ജീൻ ലേബൽ), അബ്ദുൽഗഫൂർ എൽ അസീസ് (അബൂ താരിഖ്), അലൻ ആൾട്ട്മാൻ (നോട്ടറി മദാദ്), മുഹമ്മദ് മാജിദ് (ശംസുദ്ധീൻ), നബീൽ സവൽഹ (ഫഹീം), ബായ ബിലാൽ (മൈക), ബദർ അലാമി (നിക്കോളാസ് മർവാൻ), ഹുസൈൻ സാമി (നിഹാദ്), ഹമീദ് നജീം (വഹാബ്), അഹ്‌മദ് മസാദ് (ബസേം മർവാൻ), മാജിദ ഹുസൈൻ (നവാലിന്റെ വല്ല്യമ്മ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ ഫ്രഞ്ചിലും അറബിയിലുമായി ചിത്രീകരിച്ചിരിക്കുന്ന ഇൻസെന്റീസ് മികച്ച അന്യഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ നേടിയിരുന്നു. കാനഡയിലെ ഏറ്റവും മികച്ച ചലച്ചിത്ര പുരസ്‌കാരമായ ജെനീ അവാർഡ്‌സിൽ എട്ട് അവാർഡുകളാണ് ഈ ചിത്രം വാരിയത്. മിഡിൽ ഈസ്റ്റിലെ ഒരു അറബ്‌രാജ്യത്തെ ആഭ്യന്തര യുദ്ധമാണ് പ്രധാനമായും സിനിമയിൽ കാണിക്കുന്നതെങ്കിലും അതേത് രാജ്യത്തേതാണെന്നു വ്യക്തമാക്കുന്നില്ല. എന്നാൽ ലെബനൻ ആഭ്യന്തര യുദ്ധകാലത്ത് ജനറൽ അന്റോയിൻ ലഹദിനെ വധിക്കാൻ ശ്രമിച്ച് പത്ത് വർഷത്തോളം കുപ്രസിദ്ധമായ ഖിയാം തടവറയിൽ കഴിഞ്ഞ സോഹ ബിശാറയുടെ കഥയുമായി ഇൻസെന്റീസിന് കുറച്ച് സാമ്യതകളുണ്ട്..
8.2/10 . IMDb
93% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ