Gran Torino » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഒരു കാലത്ത് ഹോളിവുഡിന്റെ ക്ഷുഭിത യൗവ്വനവും ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ആരാധനാപാത്രവുമായിരുന്നു ക്ലിന്റ് ഈസ്റ്റ്‌വുഡ് (ഇന്നും ആരാധകർക്കൊരു കുറവുമില്ല). രോമാഞ്ചം കൊള്ളിക്കുന്ന സീനുകളും ഡയലോഗുകളുമായി വെള്ളിത്തിരയിൽ വിസ്മയം തീർത്തവൻ. ഒരു കാര്യത്തിൽ നമ്മുടെയൊക്കെ സൂപ്പർതാരങ്ങൾ ക്ലിന്റിനെയൊന്നു മാതൃകയാക്കിയിരുന്നെങ്കിൽ, തന്റെ പ്രായം കൂടുന്തോറും അതിനസരിച്ചുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് അദ്ദേഹം വിസ്മയം തീർത്തു. പ്രായം കൂടിയ കഥാപാത്രമായിരിക്കുമെങ്കിലും ക്ലിന്റിന്റെ പ്രഭ ഒരിക്കലും മങ്ങിയില്ലായിരുന്നു. അൺഫോർഗിവനിലെ വില്ല്യം മുന്നി തന്നെ മികച്ചൊരു ഉദാഹരണം. അഭിനയത്തിന്റെ കൂടെ സംവിധാനവും നിർവഹിക്കാൻ തുടങ്ങിയപ്പോഴും ക്ലിന്റ് അത്ഭുതങ്ങൾ തുടർന്നു കൊണ്ടിരുന്നു.
ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം നിർവഹിച്ച അമേരിക്കൻ ഡ്രാമാ ചിത്രമാണ് ഗ്രാൻ ടോറിനോ. ബീ വാങ്, ആഹ്നി ഹെർ എന്നിവരോടൊപ്പം ക്ലിന്റും പ്രധാനകഥാപാത്രം അവതരിപ്പിച്ചിരിക്കുന്നു. നിക്ക് സ്കെങ്കാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ടോം സ്റ്റെർൺ ഛായാഗ്രണവും ജോയൽ കോക്സ്, ഗാരി D.റോച്ച് എന്നിവർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. കൈൽ ഈസ്റ്റ്‌വുഡ്, മൈക്കൽ സ്റ്റീവൻസ്, ജാമി കുള്ളം എന്നിവരാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. കൈൽ, ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ മൂത്തമകനാണ്.
✍sʏɴᴏᴘsɪs
■ സ്വന്തം ഭാര്യയുടെ ശവസംസ്കാര ചടങ്ങിന് ആതിഥ്യം വഹിക്കുന്ന വാൾട്ട് കൊവാൾസ്‌കി എന്ന വൃദ്ധനിൽ നിന്നുമാണ് സിനിമയുടെ ആരംഭം. സ്വതവേ കർക്കശക്കാരനായിരുന്ന അയാളെ മക്കൾക്കും കൊച്ചുമക്കൾക്കുമുൾപ്പെടെ ആർക്കും ഇഷ്ടമായിരുന്നില്ല. ഭാര്യയുടെ വേർപ്പാടിന് ശേഷം ആ വീട്ടിൽ തനിച്ചാവുന്ന ആ പഴയ സൈനികൻ വിശ്രമജീവിതം നയിക്കുന്നു, ചൈനയിൽ നിന്നും കുടിയേറിപ്പാർത്ത മോങ് വംശക്കാരായ അയൽവാസികളെ അയാൾക്ക് ഇഷ്ടമല്ലായിരുന്നു. മോങ് കുടുംബത്തിലെ താവോ എന്ന കൗമാരക്കാരൻ കുറച്ചു ചൈനീസ് ഗുണ്ടകളുടെ പ്രേരണയാൽ വാൾട്ടിന്റെ 1972 മോഡൽ ഫോർഡ് ഗ്രാൻ ടോറിനോ കാർ മോഷ്ടിക്കാൻ ശ്രമിക്കുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ വൃദ്ധവേഷം അഭിനയത്തിനുള്ളൊരു പരിധിയല്ല എന്ന് തെളിയിക്കുന്നതായിരുന്നു വാൾട്ട് കൊവാൾസ്‌കിയായുള്ള ക്ലിന്റിന്റെ അഭിനയം. ക്ലിന്റും തോക്കും എന്നും കട്ട കോമ്പിനേഷനാണ്. ബീ വാങ് (താവോ ലോർ), ആഹ്നി ഹെർ (സ്യൂ ലോർ), ക്രിസ്റ്റഫർ കാർലി (ഫാ. ജാനോവിച്ച്), ഡോവ മോവ (ഫോങ് "സ്പൈഡർ"), സണ്ണി വ്യൂ (സ്‌മോക്കി), ബ്രയാൻ ഹാലി (മിച്ച് കൊവാൾസ്‌കി), ബ്രയാൻ ഹോവേ (സ്റ്റീവ് കൊവാൾസ്‌കി), ജെറാൾഡിൻ ഹ്യൂഗ്‌സ് (കാരൻ കൊവാൾസ്‌കി), ഡ്രീമ വാൾക്കർ (ആഷ്ലി കൊവാൾസ്‌കി), മൈക്കൽ E.കുറോവ്സ്കി (ജോഷ് കൊവാൾസ്‌കി), ജോൺ കരോൾ ലിഞ്ച് (മാർട്ടിൻ, ബാർബർ), ചീ താവോ (മോങ് വല്ല്യമ്മ), ചൊവ ക്യൂ (യോവ), സ്കോട്ട് ഈസ്റ്റ്‌വുഡ് (ട്രേ, സ്യൂയുടെ കാമുകൻ) തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. സ്‌കോട്ട്, ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ഇളയമകനാണ്.
📎 ʙᴀᴄᴋwᴀsʜ
■ മില്യൺ ഡോളർ ബേബിക്ക് ശേഷം ക്ലിന്റ് വേഷമിട്ട ആദ്യ ചിത്രമായിരുന്നു ഗ്രാൻ ടോറിനോ. ചൈനീസ് അടിവേരുകളുള്ള മോങ് വംശം ഒരുപാട് കുടിയേറിപ്പാർക്കുന്ന അമേരിക്കയിൽ മോങ് വംശത്തെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു മുഴുനീള ഹോളിവുഡ് ചിത്രം ചരിത്രത്തിൽ ആദ്യമായിരുന്നു.
8.1/10 · IMDb
80% · Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ