Million Dollar Baby » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഒരൽപ്പം വേദനയോടെയല്ലാതെ ഈ സിനിമ കണ്ടുതീർക്കാനാവില്ല. ഒരു ബോക്‌സിങ് പരിശീലകനും ശിഷ്യയും തമ്മിലുള്ള അഗാധമായ ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സിനിമയാണ് മില്യൺ ഡോളർ ബേബി. ചക് ദേ ഇന്ത്യയിൽ ഷാരൂഖ് ഖാൻ അവതരിപ്പിച്ച കബീർ ഖാന് ഈ സിനിമയിൽ ക്ലിന്റ് ഈസ്റ്റ്‌വുഡ് അവതരിപ്പിച്ച ഫ്രാങ്കി ഡണ്ണുമായി വിദൂര സാമ്യമുണ്ട്. പാക്കിസ്ഥാനുമായുള്ള ഹോക്കി മത്സരത്തിലെ പരാജയം കാരണം തന്റെ കുടുംബത്തോടൊപ്പം നാടുവിടേണ്ടി വന്ന കബീർ ഖാൻ ഇന്ത്യയ്ക്ക് യാധൊരു പ്രതീക്ഷയുമില്ലാതിരുന്ന വനിതാ ഹോക്കി ടീമിന്റെ പരിശീലകനായി തിരിച്ചെത്തുന്ന കഥയാണ് ചക് ദേ ഇന്ത്യ പറഞ്ഞത്. മില്യൺ ഡോളർ ബേബിയിലെ ഫ്രാങ്കി പഴയൊരു തെറ്റിന്റെ ഓർമ്മയിൽ നീറിക്കഴിയുന്ന ഒരു ബോക്സിങ് കൊച്ചിന്റെ കഥ പറയുന്നു. ചക് ദേയിൽ സ്പോർട്സിന് കൂടുതൽ പ്രാധാന്യം നൽകുമ്പോൾ മില്യൺ ഡോളർ ബേബിയിൽ സ്പോർട്സിലുപരി ഗുരു-ശിഷ്യ ബന്ധത്തിലെ ആഴത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം നിർവഹിച്ച ഈ സ്പോർട്സ് ഡ്രാമാ ഹോളിവുഡ് ചിത്രത്തിൽ ഹിലാരി സ്വാങ്കിനൊപ്പം പ്രധാന വേഷത്തിലെത്തിയിരിക്കുന്നതും ക്ലിന്റ് തന്നെയാണ്. മോർഗൻ ഫ്രീമാൻ മറ്റൊരു ശക്തമായ വേഷം ചെയ്തിരിക്കുന്നു. F.X.ടൂളിയുടെ Rope Burns: Stories from the Corner എന്ന കഥയെ ആസ്പദമാക്കി പോൾ ഹാഗിസാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ടോം സ്റ്റേൺ ഛായാഗ്രഹണവും ജോയൽ കോക്സ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നതും ക്ലിന്റ് തന്നെയാണ്.
✍sʏɴᴏᴘsɪs
■ ഒരുപാട് താരങ്ങളെ വളർത്തിയെടുത്ത ഫ്രാങ്കി ഡൺ എന്ന പ്രമുഖനായ ബോക്‌സിങ് പരിശീലകന്റെ ജിമ്മിലേക്ക് തന്നെ പരിശീലിപ്പിക്കണം എന്ന ആവശ്യവുമായി ഒരു പെൺകുട്ടി വരുന്നു. ബോക്സിങിന്റെ ബാലപാഠങ്ങൾ പോലുമറിയാത്ത അവളെ "ഞാൻ പെൺകുട്ടികളെ പരിശീലിപ്പിക്കാറില്ല" എന്ന് പറഞ്ഞ് ഫ്രാങ്കി നിരുത്സാഹപ്പെടുത്തിയെങ്കിലും അവൾ പിന്മാറിയില്ല. നഗരത്തിലെ ഹോട്ടലിൽ വൈട്രസ് ജോലി ചെയ്തുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന അവൾക്ക് ഒരു ബോക്‌സിങ് താരമാകുക എന്നത് അടങ്ങാത്ത അഭിനിവേശമായിരുന്നു. പ്രായം മുപ്പതുകടന്ന അവളെ പ്രായക്കൂടുതലാണെന്നു പറഞ്ഞ് ഫ്രാങ്കി വീണ്ടും നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫ്രാങ്കിയുടെ കീഴിൽ മികച്ചൊരു ബോക്‌സിങ് താരമാവാൻ സാധിക്കുമെന്ന് അവൾ വിശ്വസിച്ചു. അവസാനം ഫ്രാങ്കി അവളെ പരിശീലിപ്പിക്കാൻ നിർബന്ധിതനാവുകയായിരുന്നു. ഫ്രാങ്കിയുടെ പരിശീലനത്തിൽ അവളൊരു താരമായി വളരുകയായിരുന്നു. ഫ്രാങ്കി അവൾക്ക് സമ്മാനിച്ച "മോ കുഷെയ്ൽ" എന്ന നാമം ലോകം അവളെ വിളിച്ചു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ഫ്രാങ്കി ഡൺ എന്ന പരിശീലക വേഷത്തിൽ ക്ലിന്റ് അസാമാന്യ പ്രകടനമായിരുന്നു നടത്തിയത്. ക്ലിന്റിനേക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന പ്രകടനമായിരുന്നു മാഗി ഫിറ്റ്സ്ജറാൾഡിന്റെ വേഷത്തിലെത്തിയ ഹിലാരി സ്വാങ്കിന്റേത്. ഫ്രാങ്കിന്റെ അസിസ്റ്റന്റ് സ്ക്രാപ്പ് അയൺ എന്ന എഡ്ഡി ഡൂപ്രിസിന്റെ വേഷത്തിലെത്തിയ മോർഗൻ ഫ്രീമാനും തകർപ്പൻ പ്രകടനം പുറത്തെടുത്തു. ജയ് ബറൂഷെൽ (ഡെയ്ഞ്ചർ), മൈക്ക് കോൾട്ടർ (ബിഗ് വില്ലി), ലൂസിയ റിജ്കെർ (ബില്ലി, ദി ബ്ലൂ ബിയർ), ബ്രയാൻ F.ഒബ്രിയൻ (ഫാ. ഹോർവാക്), ആന്തണി മാക്കി (ഷൂറിൽ ബെറി), മാർഗോ മാർട്ടിൻഡെയ്ൽ (ഏർളിൻ ഫിറ്റ്സ്ജറാൾഡ്, മാഗിയുടെ അമ്മ), റിക്കി ലിദോം (മാർഡെൽ ഫിറ്റ്സ്ജറാൾഡ്, മാഗിയുടെ സഹോദരി), മൈക്കൽ പെന (ഒമർ), ബ്രൂസ് മക്വിറ്റി (മിക്കി മാക്) തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ മികച്ച ചിത്രം, മികച്ച സംവിധായകൻ (ക്ലിന്റ് ഈസ്റ്റ്‌വുഡ്), മികച്ച നടി (ഹിലാരി സ്വാൻക്), മികച്ച സഹനടൻ (മോർഗൻ ഫ്രീമാൻ) എന്നീ വിഭാഗങ്ങളിലായി നാല് ഓസ്കാർ പുരസ്‌കാരങ്ങളാണ് മില്യൺ ഡോളർ ബേബി സ്വന്തമാക്കിയത്. ബില്ലി ദി ബ്ലൂ ബിയറിന്റെ പരിശീലക വേഷത്തിലെത്തിയ ഗ്രാന്റ് L.റോബെർട്സാണ് ഹിലാരി സ്വാങ്കിനെ ശരിക്കും ബോക്‌സിങ് പരിശീലിപ്പിച്ചത്. മില്യൺ ഡോളർ ബേബിയുടെ മൂലകഥയെഴുതിയ F.X.ടൂളെ, ജെറി ബോയ്‌ഡ് എന്ന ബോക്‌സിങ് പരിശീലകന്റെ തൂലികാനാമമാണ്. ബോയ്‌ഡിനെ ബോക്സിങ്ങിൽ അവതരിപ്പിച്ച അദേഹത്തിന്റെ പരിശീലകൻ ഡബ് ഹൻഡ്ലിയുടെ ജീവിതകഥയിൽ നിന്നും ആശയമുൾക്കൊണ്ടതാണ് Rope Burns: Stories from the Corner എന്ന ചെറുകഥയിലെ കഥയും കഥാപാത്രങ്ങളും.
8.1/10 · IMDb
90% · Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ