Shutter Island » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ 2016വരെ ലോകസിനിമാപ്രേമികൾക്കുണ്ടായിരുന്ന ഒരു ദുഃഖമായിരുന്നു ലിയനാർഡോ ഡികാപ്രിയോ എന്ന അഭിനയപ്രതിഭ. തന്റെ അഭിനയജീവിതത്തിൽ അഞ്ച് തവണ പല വിഭാഗങ്ങളിലായി ഓസ്കാർ നോമിനേഷനുകൾ ലഭിച്ചുവെങ്കിലും ഒരെണ്ണം പോലും സ്വന്തമാക്കാൻ കഴിയാതെ പോയ നഷ്ടനായകനായിരുന്നു ഡികാപ്രിയോ 2016ൽ ദി റെവനന്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കാർ നേടുന്നതുവരെ. 1994ൽ ഇറങ്ങിയ "വാട്ട്സ് ഈറ്റിങ് ഗിൽബെർട്ട് ഗ്രേപ്പ്" എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കാർ നോമിനേഷൻ നേടിക്കൊണ്ടായിരുന്നു ഡികാപ്രിയോയുടെ ഓസ്കാറിലെ നോമിനേഷനുകളുടെ തുടക്കം. ദി ഏവിയേറ്റർ (മികച്ച നടൻ), ബ്ലഡ് ഡയമണ്ട് (മികച്ച നടൻ), ദി വോൾഫ് ഓഫ് വാൾസ്ട്രീറ്റ് (മികച്ച നടൻ, മികച്ച ചിത്രം) എന്നിങ്ങനെ തുടരെ നോമിനേഷനുകളും നഷ്ടസ്വപ്നങ്ങളും. നോമിനേഷനുകൾ പോലും ലഭിക്കാതെ പോയ മികച്ച കഥാപാത്രങ്ങൾ വേറെയും. അതിൽ മുന്നിൽ നിൽക്കുന്ന ഒരു കഥാപാത്രമാണ് ഷട്ടർ ഐലൻഡിലെ ടെഡി ഡാനിയേൽസ്. പറയാനുള്ളത് ഒന്നേയുള്ളൂ.. "അവാർഡുകൾ മികവിന്റെ അവസാന വാക്കല്ല"..
ലിയനാർഡോ ഡികാപ്രിയോയെ കേന്ദ്രകഥാപാത്രമാക്കി മാർട്ടിൻ സോഴ്‌സീസ് സംവിധാനം നിർവഹിച്ച അതിമനോഹരമായ നിയോ നോയർ സൈക്കോളജിക്കൽ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് ഷട്ടർ ഐലന്റ്. ഡെന്നിസ് ലെഹാനെയുടെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ലേറ്റ കലോഗ്രിഡിസാണ് തിരക്കഥ എഴുതിയിരിക്കുന്നത്. റോബർട്ട് റിച്ചാർഡ്സൺ ഛായാഗ്രഹണവും തെൽമ സ്ക്കൂന്മേക്കർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. കൃത്യമായ ഒരു സംഗീത സംവിധായകനില്ല എന്നതാണ് ഈ സിനിമയുടെ ഒരു പ്രത്യേകത. പഴയ ഗ്രാമഫോൺ ഓഡിയോ റെക്കോർഡുകളും ഓർക്കെസ്ട്രകളും കൃത്യമായ സ്ഥലത്ത് ഉപയോഗിച്ച് വിസ്മയം തീർത്തത് റോബി റോബർട്സൺ എന്ന സംഗീതജ്ഞന്റെ കഴിവ് തന്നെയാണ്.
✍sʏɴᴏᴘsɪs
■ നിഗൂഢതകൾ ഉറങ്ങുന്ന ഷട്ടർ ഐലന്റ് എന്ന ദ്വീപിലെ മാനസികരോഗ കേന്ദ്രത്തിലേക്ക് റേച്ചൽ സൊലാണ്ടോ എന്ന ഒരു രോഗിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ വരുന്ന അന്വേഷണോദ്യോഗസ്തരായിരുന്നു മാർഷൽ ടെഡി ഡാനിയേൽസും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് മാർഷൽ ചക് ഓലെയും. കൊലപാതകമടക്കമുള്ള ക്രിമിനൽ പശ്ചാത്തലമുള്ള രോഗികളെയായിരുന്നു ഷട്ടർ ഐലന്റിലെ ചികിത്സാ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്നത്. കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട റേച്ചൽ സൊലാണ്ടോ തന്റെ മൂന്ന് പിഞ്ചുമക്കളെ കൊലപ്പെടുത്തിയ കുറ്റവാളിയും.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ മാർഷൽ ടെഡി ഡാനിയേൽസ് ആയി പതിവുപോലെ ലിയനാർഡോ ഡികാപ്രിയോ തകർത്താടിയിരിക്കുന്നു. ടെഡിയുടെ സഹായി മാർഷൽ ചക് ഓലെയായി അഭിനയിച്ചിരിക്കുന്നത് മാർക്ക് റുഫലോയാണ്. മാർക്ക് റുഫലോ എന്ന പേര് കേട്ടിട്ട് മനസ്സിലാവാത്തവർക്ക് ഡോ. ബ്രൂസ് ബാനർ എന്ന ഹൾക്കിനെ മനസ്സിലാവാതിരിക്കാൻ വഴിയില്ല. ബെൻ കിങ്‌സ്‌ലി (ഡോ. ജോൺ കാവ്‌ലി), മാക്സ് വോൻ സിഡോവ് (ഡോ. ജെറമിയ നെറിങ്), മിഷേലി വില്ല്യംസ് (ഡൊലോറസ് ചനാൽ), എമിലി മോർട്ടിമർ (റേച്ചൽ സൊലാണ്ടോ), പാട്രീഷ്യ ക്ലാർക്‌സൺ (ഡോ. റേച്ചൽ സൊലാണ്ടോ), ജാക്കി ഏർലി ഹാലി (ജോർജ് നോയ്‌സ്), ടെഡ് ലെവിൻ (വാർഡൻ), ജോൺ കരോൾ ലിഞ്ച് (ഡെപ്യൂട്ടി വാർഡൻ മക്ഫേഴ്‌സൺ), എലിയാസ് കോട്ടീസ് (ആൻഡ്രൂ ലേഡിസ്), റൂബി ജെറിൻ (ചെറിയ പെൺകുട്ടി), റോബിൻ ബാർട്ട്ലെറ്റ് (ബ്രിഡ്‌ജറ്റ് കീർൻസ്), ക്രിസ്റ്റഫർ ഡെൻഹാം (പീറ്റർ ബ്രീനി) തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ ഈ സിനിമ മുഴുവൻ ഒറ്റയിരിപ്പിന് കണ്ടശേഷം ഒന്ന് ഇരുത്തി ചിന്തിച്ചിട്ട് സ്വയം ഒന്ന് ചോദിക്കുന്നത് നല്ലതാണ്.. "ഇനി എനിക്ക് പ്രാന്തായതാണോ അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായതോ". മനസ്സിന്റെ ചരട് പൊട്ടിക്കഴിഞ്ഞാൽ പിന്നെ നല്ല രസാ 😁
8.1/10 · IMDb
68% · Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ