Taxi Driver » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഒറ്റപ്പെടലിന്റെ വേദന എത്രത്തോളമുണ്ടെന്ന് ആ അവസ്ഥ എപ്പോഴെങ്കിലും അഭിമുഖീകരിച്ച ചിലർക്കെങ്കിലുമറിയാം. എല്ലാവരിൽ നിന്നും താൻ ഒറ്റപെട്ടു പോവുന്നു എന്നോ തന്നെയാരും പരിഗണിക്കുന്നില്ല എന്നോ ഉള്ള ചിന്ത പലരെയും മാനസികമായി തളർത്താറുണ്ട്. ദുർബലമായ മാനസിക നിലയുള്ളവരുടെ താളം തെറ്റിക്കാനും അത് ധാരാളം. അമേരിക്കയിൽ ഏതൊരു കൊച്ചുകുഞ്ഞിനും തോക്ക് കൈവശം വെക്കാം എന്നുള്ളത് കൊണ്ട് ഇങ്ങനെ മാനസിക നില തെറ്റിയവർ ഇടയ്ക്കിടയ്ക്ക് തോക്കെടുത്ത് ചന്നം പിന്നം വെടിവെച്ചു ഒരുപാട് പേരുടെ ജീവനെടുത്ത കഥ ഇടയ്ക്കിടെ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നതാണ്. പ്രശസ്ത സംവിധായകൻ മാർട്ടിൻ സ്‌കോഴ്‌സീസ് അതിന്റെയൊരു വകഭേദം നാല് പതിറ്റാണ്ടുമുമ്പേ പറഞ്ഞതാണ് "ടാക്സി ഡ്രൈവർ" എന്ന ക്ലാസ്സിക് ചിത്രം.
റോബർട്ട് ഡി നീറോയെ കേന്ദ്രകഥാപാത്രമാക്കി മാർട്ടിൻ സ്‌കോഴ്‌സീസ് സംവിധാനം നിർവഹിച്ച നിയോ നോയിർ സൈക്കോളജിക്കൽ ത്രില്ലർ ഹോളിവുഡ് സിനിമയാണ് ടാക്സി ഡ്രൈവർ. പോൾ സ്ക്രാഡറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മൈക്കൽ ചാപ്മാൻ ഛായാഗ്രണവും ടോം റോൾഫ്, മെൽവിൻ ഷാപിറോ എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ബെർണാഡ് ഹെർമനാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ അമേരിക്കൻ നാവികസേനയിൽ നിന്നും വിരമിച്ച ഒരു സൈനികനായിരുന്നു ട്രാവിസ് ബിക്കിൾ. വിയറ്റ്‌നാമിൽ സൈനികസേവനം കഴിഞ്ഞു വിരമിച്ച അയാൾ ന്യൂയോർക്കിൽ ഏകാകിയായി ജീവിക്കുന്നു. തന്റെ ഉറക്കമില്ലാഴ്മ (ഇൻസോംന്യ) കാരണം അയാൾ ഒരു ടാക്സി കമ്പനിയിൽ ഡ്രൈവറായി രാത്രിയിൽ ജോലി ചെയ്യാൻ തുടങ്ങി. പകൽ അയാൾ തിയറ്ററുകളിലും മറ്റും ചെലവഴിച്ചു. ഏകാന്തത അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. അതിനിടയ്ക്കാണ് ട്രാവിസ് സുന്ദരിയായ ബെറ്റ്സി എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നത്. ആദ്യനോട്ടത്തിൽ തന്നെ അയാൾ ബെറ്റ്സിയിൽ അനുരാഗവിവശനായി. അമേരിക്കൻ പ്രസിഡണ്ടാവാൻ മത്സരരംഗത്തുള്ള സെനറ്റർ ചാൾസ് പാലന്റെയിന് വേണ്ടിയുള്ള ക്യാംപയിനിൽ വളണ്ടിയറായി ജോലി ചെയ്യുകയായിരുന്നു ബെറ്റ്സി. ബെറ്റ്സിയുടെ ഇഷ്ടം പിടിച്ചു പറ്റാൻ ട്രാവിസ്, പാലന്റെയിന് വേണ്ടിയുള്ള ക്യാംപയിനിൽ ബെറ്റ്സിയുടെ അസിസ്റ്റന്റ് ആവാം എന്ന് ബെറ്റ്സിയെ അറിയിക്കുന്നു. ബെറ്റ്സിയോട് പെട്ടെന്ന് അടുക്കുന്ന ട്രാവിസ് അവളെ ഒരു സിനിമയ്ക്ക് ക്ഷണിക്കുന്നു. പക്ഷേ, ട്രാവിസ് തന്നെയൊരു അശ്ലീല സിനിമയ്ക്കാണ് കൊണ്ടുവന്നതെന്ന് മനസ്സിലാക്കുന്ന ബെറ്റ്സി ക്ഷുഭിതയായി മടങ്ങുന്നു. അങ്ങനെ ട്രാവിസ് വീണ്ടും ഏകാന്ത ജീവിതത്തിന്റെ വിരസതയിലേക്ക് വീഴുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ട്രാവിസ് ബിക്കിൾ എന്ന ടാക്സി ഡ്രൈവറുടെ മനോനില വരച്ചു കാട്ടിയ ഉജ്ജ്വല പ്രകടനവുമായി റോബർട്ട് ഡി നീറോ തിളങ്ങി. സിബിൽ ഷെഫേർഡ് (ബെറ്റ്സി), ജോഡി ഫോസ്റ്റർ (ഐറിസ് സ്റ്റീൻസ്മ), ഹാർവി കീറ്റൽ (സ്പോർട്സ് / മാത്യു), ആൽബർട്ട് ബ്രൂക്ക്സ് (ടോം), ലിയോണാർഡ് ഹാരിസ് (ചാൾസ് പാലെന്റയ്ൻ), പീറ്റർ ബോയിൽ (വിസാർഡ്), സ്റ്റീവൻ പ്രിൻസ് (ഈസി ആൻഡി), മുറെ മോസ്റ്റൻ (ടൈംസ് കീപ്പർ) തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ മികച്ച ചിത്രം, മികച്ച നടൻ (റോബർട്ട് ഡി നീറോ), മികച്ച സഹനടി (ജോഡി ഫോസ്റ്റർ), മികച്ച പശ്ചാത്തല സംഗീതം (ബെർണാഡ് ഹെർമൻ) എന്നീ വിഭാഗങ്ങളിലായി നാല് ഓസ്കാർ നോമിനേഷനുകൾ കരസ്ഥമാക്കിയിരുന്നു ടാക്സി ഡ്രൈവർ. പക്ഷേ, ഒന്ന് പോലും പുരസ്കാരമായി പരിണമിച്ചില്ല. കെയ്ൻസ് ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം സ്വന്തമാക്കിയിരുന്നു. U.S.ലൈബ്രറി ഓഫ് കോൺഗ്രസ്സ്, നാഷണൽ ഫിലിം രെജിസ്ട്രിയിലേക്കും തെരഞ്ഞെടുത്തിരുന്നു. റോബർട്ട് ഡി നീറോയും മാർട്ടിൻ സ്‌കോഴ്‌സീസും ടാക്സി ഡ്രൈവർക്കൊരു രണ്ടാം ഭാഗം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതികപരമായ പല കാരണങ്ങളാൽ ചിത്രം സംഭവിച്ചില്ല. ചിത്രത്തിലെ പ്രശസ്തമായ "You Talkin' to Me?" എന്ന മോണോലോഗ് ടൈറ്റിലാക്കി 1987ൽ ജിം യങ്സിനെ നായകനാക്കി ചാൾസ് വിങ്ക്ലർ ഒരു സിനിമ സംവിധാനം ചെയ്തിരുന്നു.
8.3/10 · IMDb
98% · Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ