Snatch » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അമർചിത്രകഥകളിലും ഈസോപ്പ് കഥകളിലും, എന്തിന്; പുരാണങ്ങളിലും ചരിത്രത്തിൽപ്പോലും ഏറ്റവും കൂടുതൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത് അത്യാഗ്രഹം എന്ന സ്വഭാവദൂഷ്യത്തെക്കുറിച്ചാണ്. അത്യാഗ്രഹവും സ്വാർത്ഥതയും മൂത്ത് സ്വജീവൻ നഷ്ടപ്പെടുത്തേണ്ടി വന്ന മനുഷ്യരുടെ കഥകൾ നമ്മൾ ഒരുപാട് കേട്ടു. അതുകൊണ്ട് തന്നെ അത്യാഗ്രഹത്തെ അവലംബിച്ചിട്ടുള്ള കഥകൾ ലോകസിനിമാ തിരക്കഥകളിലേക്കും ആശയമായി കുടിയേറി. ധനത്തിന് വേണ്ടിയുള്ള കൊള്ളയുടെയും കൊലയുടെയും കഥ തമാശയുടെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ചിരിക്കുകയാണ് ഗയ് റിച്ചി ഇവിടെ. മിഥുൻ മാനുവൽ സംവിധാനം നിർവഹിച്ച ജയസൂര്യ നായകനായ "ആട്" ഒന്നാം ഭാഗത്തിലെ നീലക്കൊടുവേലി തിന്ന ആടുമായി ഈ സിനിമയുടെ ക്ലൈമാക്സിലെ പട്ടിക്ക് എന്തെങ്കിലും സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ് 😉
■ തന്റെ തൊട്ടുമുമ്പത്തെ "ലോക്ക്, സ്റ്റോക്ക് & റ്റൂ സ്‌മോക്കിങ് ബാരൽസ്" എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ ഏകദേശം അതേ തീമിലും കളർ ടോണിലും ഗയ് റിച്ചി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ക്രൈം കോമഡി ഹോളിവുഡ് ചിത്രമാണ് സ്‌നാച്ച്. അഭിനേതാക്കളും അണിയറ ശിൽപ്പികളും വരെ വീണ്ടും ഒന്നിക്കുന്നു ഈ ചിത്രത്തിൽ. ടിം മോറിസ് ജോൺസ് ഛായാഗ്രഹണവും ജോൺ ഹാരിസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ജോൺ മർഫിയാണ്.
✍sʏɴᴏᴘsɪs
■ രണ്ട് പ്ലോട്ടിലൂടെയുള്ള കഥ ഇടയ്ക്ക് വെച്ച് കണ്ടുമുട്ടുന്ന തരത്തിലാണ് ഗയ് റിച്ചി ഈ സിനിമയ്ക്ക് ദൃശ്യഭാഷ്യമൊരുക്കിയിരിക്കുന്നത്. ബെൽജിയത്തിലെ ആന്റ്വെർപ്പിലുള്ള ഒരു ഡയമണ്ട് ഷോപ്പിൽ നിന്നും അമൂല്യമായ ഒരു വജ്രം "ഫോർ ഫിംഗർ" എന്നറിയപ്പെടുന്ന ഫ്രാങ്കിയുടെ നേതൃത്വത്തിലുള്ള കൊള്ളസംഘം കവർച്ച ചെയ്യുന്നു. ഡയമണ്ട് വിൽപ്പനക്കാരനായ ഡഗ്ഗിനെ കാണാൻ ഫ്രാങ്കി ലണ്ടനിലേക്ക് തിരിക്കുന്നു. കൊള്ളസംഘത്തിലെ ഒരംഗം ലണ്ടനിലെത്തിയാൽ എന്ത് സഹായം വേണമെങ്കിലും ഇയാളെ വിളിച്ചാൽ മതി എന്ന മുഖവുരയോടെ മുൻസോവിയറ്റ് ചാരനായിരുന്ന ബോറിസിന്റെ നമ്പർ ഫ്രാങ്കിക്ക് കൈമാറുന്നു. ബോറിസ് ഫ്രാങ്കിയുടെ കൈയ്യിൽ നിന്നും വജ്രം തട്ടിയെടുക്കാൻ പദ്ധതിയിടുന്നു. അതേസമയം, ഒരു അനധികൃത ബോക്സിങ് പ്രൊമോട്ടറായിരുന്ന തുർക്കിഷ് തന്റെ ബോക്‌സർ ജോർജ്ജസ് ജോർജ്ജിനെയും പാർട്ണറായ ടോമിയെയും തനിക്ക് വേണ്ടി ഒരു കാരവാൻ വാങ്ങാൻ ഐറിഷ് നാടോടി സംഘത്തിന്റെ അടുത്തേക്കയക്കുന്നു. ഐറിഷ് നാടോടി യുവാവായ മിക്കിയുമായുണ്ടായ സംഘട്ടനത്തിൽ ജോർജ്ജസ് ജോർജ്ജിന് സാരമായ പരിക്കേൽക്കുന്നത് തുർക്കിഷിന്റെ ബിസിനസ്സ് അനിശ്ചിതത്വത്തിലാക്കുന്നു. മറ്റൊരു ഓപ്‌ഷനും കാണാത്ത തുർക്കിഷ്, ജോർജ്ജിന് പകരം മിക്കിയോട് തന്റെ ബോക്സറാകാമോ എന്ന് അഭ്യർത്ഥിക്കുന്നു. പുതിയൊരു കാരവാൻ തനിക്ക് വാങ്ങിത്തന്നാൽ ബോക്സറാകാൻ താൻ ഒരുക്കമാണെന്ന് മിക്കി തുർക്കിഷിനെ അറിയിക്കുന്നു. ഒരു സ്ഥലത്തും ലാഗില്ലാതെ ഹൈ പെയ്‌സിൽ പറഞ്ഞു പോകുന്ന ട്വിസ്റ്റുകളുടെ പെരുമഴയോടുകൂടിയ ഒരു കോമഡി ക്രൈം എന്റർടൈനറാണ് സ്‌നാച്ച്.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ഗയ് റിച്ചിയുടെ ലോക്ക്, സ്റ്റോക്ക് & ടു സ്‌മോക്കിങ് ബാരൽസിലെ മുഖ്യ അഭിനേതാക്കളായ ജേസൺ സ്റ്റാതം (തുർക്കിഷ്), വിന്നി ജോൺസ് ("ബുള്ളറ്റ് ടൂത്" ടോണി), അലൻ ഫോർഡ് (ബ്രിക്ക് ടോപ്), ജേസൺ ഫ്ലെമിംഗ് (ഡാരെൻ) എന്നിവരെക്കൂടാതെ ബ്രാഡ് പിറ്റും ("വൺ പഞ്ച്" മിക്കി ഒനീൽ) അതിപ്രധാന വേഷത്തിലെത്തുന്നു. പ്രത്യേക സ്ലാങ്ങിൽ, വ്യത്യസ്ത അഭിനയശൈലിയിലൂടെ വിസ്മയിപ്പിച്ചതും ബ്രാഡ് തന്നെയാണ്. സ്റ്റീഫൻ ഗ്രഹാം (ടോമി), റോബി ഗീ (വിന്നി), ലെന്നി ജെയിംസ് (സോൾ), അഡി (ടൈറോൺ), ഡെന്നിസ് ഫരിന (കസിൻ അവി), റാഡ് സേർബേസ്‌ജ (ബോറിസ് "ദി ബ്ലേഡ്"), ആദം ഫോഗെർട്ടി (ജോർജ്ജസ് ജോർജ്ജ്), മൈക്ക് റെയ്ഡ് (ഡഫ് "ദി ഹെഡ്"), ബെനിസ്യോ ഡെൽറ്റോറോ (ഫ്രാങ്കി "ഫോർ ഫിംഗേഴ്‌സ്"), സോർഷ്യ കുസാക്ക് (മിസ്സിസ് ഒനീൽ), ഗോൾഡി ("ബാഡ് ബോയ്" ലിങ്കൺ), വെലിബോർ ടോപിക് (റഷ്യൻ), സാം ഡഗ്ലസ് (റോസ്ബഡ്), ഈവൻ ബ്രെമ്നർ (മുള്ളെറ്റ്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ ലോക്ക്, സ്റ്റോക്ക് & ടു സ്‌മോക്കിങ് ബാരൽസിന്റെ കടുത്ത ആരാധകനായ ബ്രാഡ് പിറ്റ്, ഗയ് റിച്ചിയോട് അങ്ങോട്ട് ചെന്ന് ഈ സിനിമയിലൊരു വേഷം ചോദിച്ചു വാങ്ങുകയായിരുന്നു. ബ്രിട്ടീഷ് ഇംഗ്ലീഷിൽ ബ്രാഡ് പിറ്റിന് വേണ്ടത്ര ശോഭിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ റിച്ചി അങ്ങനെ ഐറിഷ് നാടോടി യുവാവിന്റെ വേഷം ബ്രാഡിനെ ഏൽപ്പിക്കുകയായിരുന്നു. പക്ഷേ, തന്റെ മുൻചിത്രമായ ഫൈറ്റ്ക്ലബ്ബിലും ബോക്സിങ് സംബന്ധമായ വേഷം ചെയ്തതുകൊണ്ട് ടൈപ്പ് റോളാകുമോ എന്ന് ഭയന്ന ബ്രാഡ് ഗയ് റിച്ചിയോടൊത്ത് വർക്ക് ചെയ്യണം എന്ന ഒറ്റ ആഗ്രഹത്തിന്റെ പേരിൽ ആ വേഷം സ്വീകരിക്കുകയായിരുന്നു. എന്നാൽ ചിത്രത്തിലെ അഭിനയത്തിലൂടെ പാടിപ്പുകഴ്ത്തപ്പെട്ടതും ബ്രാഡ് പിറ്റായിരുന്നു എന്നത് വിരോധാഭാസം.
8.3/10 . IMDb
73% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ