The Usual Suspects » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ പിള്ളേര് ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ "ഭക്ഷണം കഴിച്ചില്ലേൽ കോക്കാച്ചിക്ക് പിടിച്ച് കൊടുക്കും" എന്ന് പറഞ്ഞ് പേടിപ്പിച്ചു ഭക്ഷണം തീറ്റിക്കുന്ന പതിവ് തൊണ്ണൂറുകളിലെ മാതാപിതാക്കൾക്കുണ്ടായിരുന്നു. നമ്മളൊക്കെ അത് അനുഭവിച്ചതാണല്ലോ (നൊസ്റ്റു) 😜 പക്ഷേ, യഥാർത്ഥത്തിൽ ഈ കോക്കാച്ചി എന്ന ഭീകരനെ കണ്ടവരുണ്ടോ. പഴയ അമ്മൂമ്മമാർ സാങ്കല്പികമായി സൃഷ്ടിച്ച ഭീകരനെ പിന്നെ തലമുറകൾ ഏറ്റെടുത്തു. പണ്ട് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കടമറ്റത്ത് കത്തനാരിന്റെ ബിജിഎം പോലെ "സത്യമോ.. അതോ മിഥ്യയോ.." എന്ന് തിരിച്ചറിയാതെ പിള്ളേര് പേടിച്ച് ചോറും കഴിച്ചു. ഇതൊക്കെ ഇവിടെ പറയാനുള്ള കാരണം; ഈ സിനിമയിലെ "കൈസർ സോസേ" എന്ന ഭീകരന്റെ സാന്നിധ്യമാണ്. കൊടുംക്രിമിനലുകൾ പോലും കൈസർ സോസേ എന്ന പേര് കേട്ടാൽ ഞെട്ടി വിറയ്ക്കും. അങ്ങനെയൊരാൾ യഥാർത്ഥത്തിൽ ഉണ്ടോ ഇല്ലേ എന്ന് ആർക്കും ശരിയായി അറിയില്ലെങ്കിലും കൈസർ പോലീസുകാർക്കും ക്രിമിനലുകൾക്കും ഒരേപോലെ പേടിസ്വപ്നമായി നിലകൊണ്ടു. യഥാർത്ഥത്തിൽ കൈസർ സോസേ ആരാണ്..? സത്യമോ.. അതോ മിഥ്യയോ..?
■ ബ്രയാൻ സിംഗർ സംവിധാനം നിർവഹിച്ച നിയോ നോയിർ മിസ്റ്ററി ക്രൈം ത്രില്ലർ ഹോളിവുഡ് ചിത്രമാണ് ദി യൂഷ്വൽ സസ്പെക്റ്റ്സ്. ക്രിസ്റ്റഫർ മക്വയറിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ന്യൂട്ടൺ തോമസ് സിഗേൽ ഛായാഗ്രഹണവും ജോൺ ഒട്മാൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജോൺ ഒട്മാൻ തന്നെയാണ് പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ സാൻ പെഡ്രോ തുറമുഖത്ത് നങ്കൂരമിട്ട ഒരു കപ്പലിൽ നടന്ന 27 പേരുടെ കൂട്ടക്കൊലയും തുടർന്നുണ്ടായ തീപ്പിടുത്തവുമായാണ് ചിത്രം ആരംഭിക്കുന്നത്. രക്തം മരവിപ്പിക്കുന്ന ക്രൂരസംഭവത്തിൽ നിന്നും രക്ഷപ്പെട്ടത് രണ്ടേ രണ്ട് പേരാണ്. ഗുരുതരമായി പൊള്ളലേറ്റ ആർക്കോഷ് കൊവാഷ് എന്ന ഹംഗറിക്കാരനും, ഒരു പോറൽപ്പോലുമേൽക്കാതെ റോജർ "വെർബൽ" കിന്റെന്നൊരു വികലാംഗനും. സംഭവത്തിന്റെ പിന്നിലെ യഥാർത്ഥ കാരണമറിയാൻ പോലീസ് രണ്ട് പേരെയും ചോദ്യം ചെയ്തു തുടങ്ങുന്നു. സെറിബ്രൽ പാൾസിയുള്ള വെർബൽ, മുൻപോലീസ് ഉദ്യോഗസ്ഥനായിരുന്ന ഡീൻ കീറ്റൺ നേതൃത്വം കൊടുക്കുന്ന താനുൾപ്പെട്ട അഞ്ചംഗ ക്രിമിനൽ സംഘത്തിന്റെ കഥ പറഞ്ഞു തുടങ്ങുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരനിലയിൽ കഴിയുന്ന ഹംഗറിക്കാരൻ, കൈസർ സോസേയാണ് സംഭവത്തിന് പിന്നിലെന്ന് മൊഴി നൽകുന്നു. ആരാണ് കൈസർ സോസേ..?
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ കെവിൻ സ്പെയ്സി; സെറിബ്രൽ പാൾസിയുള്ള വികലാംഗൻ റോജർ "വെർബൽ" കിന്റനായി അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മുൻപൊലീസുകാരനും നിലവിൽ അഞ്ചംഗ ക്രിമിനൽ സംഘത്തിന്റെ നേതാവുമായ ഡീൻ കീറ്റനായി വേഷമിട്ടിരിക്കുന്നത് ഗബ്രിയേൽ ബിർനെയാണ്. ക്രിമിനൽ സംഘത്തിലെ മറ്റംഗങ്ങളായി സ്റ്റീഫൻ ബാൾഡ്വിൻ (മക്മാനസ്), ബെനിസിയോ ഡെൽറ്റോറോ (ഫെൻസ്റ്റർ), കെവിൻ പൊള്ളാക്ക് (ഹോക്‌നി) എന്നിവരും വേഷമിട്ടിരിക്കുന്നു. ചാസ് പാൽമിന്റെറി (ഡേവ് കുയൻ), പീറ്റ് പോസ്റ്റ്ലത്വെയ്റ്റ് (കോബായാഷി), സൂസി അമിസ് (എഡി ഫിന്നേരൻ), ജിയാൻകാർലോ എസ്പോസിറ്റോ (ജാക്ക് ബെർ), ഡാൻ ഹെഡായ (ജെഫ് റാബിൻ), മോർഗൻ ഹണ്ടർ (ആർക്കോഷ് കൊവാഷ്), മിഷേലി ക്ലൂണി (സ്കെച്ച് ആർട്ടിസ്റ്റ്), കെൻ ഡാലി (ട്രാൻസ്ലേറ്റർ), പോൾ ബാർട്ടെൽ (സ്മഗ്ലെർ), കാസ്റ്റലോ ഗുർറ (ആർതുറോ മാർക്വസ്), പീറ്റർ ഗ്രീനി (റെഡ്ഫൂട്ട്) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ വെർബൽ എന്ന വികലാംഗനായുള്ള അസാധ്യ പ്രകടനത്തിന് കെവിൻ സ്പെയ്സിക്ക് മികച്ച സഹനടനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചതിന് പുറമേ ആ വർഷത്തെ മികച്ച തിരക്കഥക്കുള്ള ഓസ്കാർ പുരസ്കാരവും ദി യൂഷ്വൽ സസ്‌പെക്റ്റിനായിരുന്നു (ക്രിസ്റ്റഫർ മക്വയറി). കാസബ്ലാങ്ക എന്ന ക്ലാസ്സിക് ഹോളിവുഡ് ചിത്രത്തിൽ ക്ലൗഡി റൈൻസിന്റെ കഥാപാത്രമായ ക്യാപ്റ്റൻ ലൂയിസ് റെനോ പറയുന്ന "Round Up The Usual Suspects" എന്ന പ്രശസ്ത ഡയലോഗിൽ നിന്നാണ് ഈ സിനിമയുടെ ടൈറ്റിൽ പിറക്കുന്നത്.
8.6/10 · IMDb
89% · Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ