300 » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഭീമാകാരനായ ഗോലിയാത്തുമായി ഒറ്റയ്ക്ക് പോരാടി വിജയിച്ച ദാവീദിന്റെ കഥ കേട്ടിട്ടില്ലേ.. അതുപോലെയുള്ള വീരേതിഹാസമാണ് പുരാതന ഗ്രീക്കിലെ സ്പാർട്ടയിൽ നിന്നുള്ള സ്പാർട്ടൻ പോരാളികൾക്കും നമ്മോട് പറയാനുള്ളത്. ലക്ഷക്കണക്കിന് വരുന്ന പേർഷ്യൻ സൈന്യത്തെ ചങ്കൂറ്റത്തോടെ നേരിട്ട മുന്നൂറ് സ്പാർട്ടൻ പോരാളികളുടെ ഇതിഹാസകഥ വെള്ളിത്തിരയിലെത്തുമ്പോൾ അത് മറ്റൊരു ദൃശ്യവിസ്മയമാവുകയാണ്..
■ സാക്ക് സ്‌നൈഡർ സംവിധാനം നിർവഹിച്ച ഹിസ്റ്റോറിക്കൽ ഫാന്റസി ആക്ഷൻ ത്രില്ലർ എപിക് വാർ ഹോളിവുഡ് ചിത്രമാണ് 300. ഫ്രാങ്ക് മില്ലറും ലിൻ വാർലിയും ചേർന്നെഴുതിയ "300" എന്ന പേരിൽ തന്നെയുള്ള കോമിക് സീരീസിനെ സാക്ക് സ്‌നൈഡർ, കുർട്ട് ജോൺസ്റ്റഡ്, മൈക്കൽ B.ഗോർഡൻ എന്നിവരാണ് തിരക്കഥാവൽക്കരിച്ചിരിക്കുന്നത്. ലാറി ഫോങ് ഛായാഗ്രഹണവും വില്യം ഹോയ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ടൈലർ ബേറ്റ്‌സാണ് മനോഹരമായ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ പേർഷ്യൻ സാമ്രാജ്യത്തിന്റെ രണ്ടാം ഗ്രീക്ക് അധിനിവേശകാലത്ത് പുരാതന ഗ്രീസിലെ തെർമോപൈലോണിൽ വെച്ച് നടന്ന യുദ്ധമാണ് ഫിക്ഷനലൈസ് ചെയ്ത് സിനിമയിൽ പ്രതിപാദിച്ചിരിക്കുന്നത്. സെർക്സസ് രാജാവ് ഭരിക്കുന്ന പേർഷ്യൻ സാമ്രാജ്യം ഗ്രീസിനെ ആക്രമിച്ചു. സ്പാർട്ടയുടെ രാജാവായിരുന്ന ലിയോണിഡസ് കീഴടങ്ങാൻ തയ്യാറായിരുന്നില്ല. സെർക്സസിന്റെ ലക്ഷക്കണക്കിന് വരുന്ന സൈന്യത്തെ നേരിടാൻ തന്നെയായിരുന്നു ലിയോണിഡസിന്റെ തീരുമാനം. പക്ഷേ, പുരാതന ഗ്രീക്കിലെ മുതിർന്ന ഉപദേശകരുടെ സംഘമായ എഫേഴ്‌സിന്റെ തീരുമാനം ആരായുന്ന ലിയോണിഡസിന് പക്ഷേ നിരാശയായിരുന്നു ഫലം. സെർക്സസിൽ നിന്നും കൈക്കൂലി വാങ്ങിയ എഫേഴ്സും സ്പാർട്ടൻ കൗൺസിലിന്റെ തലവൻ തെറോണും ചേർന്ന് ലിയോണിഡസിനെ ചതിച്ചു. സ്പാർട്ടൻ സൈന്യത്തെ യുദ്ധത്തിന് അയക്കാൻ അവർ തയ്യാറായില്ല. മികച്ച പരിശീലനം ലഭിച്ച 300 സ്പാർട്ടൻ പോരാളികളെ സ്വരൂപിച്ച ലിയോണിഡസ്; ലക്ഷക്കണക്കിന് വരുന്ന പേർഷ്യൻ സൈന്യത്തെ നേരിടാൻ തെര്മോപൈലെയിലേക്ക് പുറപ്പെടുന്നു. ചങ്കൂറ്റം ഒന്ന് മാത്രമായിരുന്നു അവരുടെ ശക്തി..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ സ്പാർട്ടയുടെ രാജാവായ വീരയോദ്ധാവ്; ലിയോണിഡസായി അഭ്രപാളിയിലെത്തിയിരിക്കുന്നത് ജെറാർഡ് ബട്ലറാണ്. യവനന്മാരുടെ ആകാരസൗന്ദര്യമുള്ള ജെറാർഡ്; അഭിനയത്തിലും വിട്ടുവീഴ്ച്ചയില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. ലിയോണിഡസിന്റെ ഭാര്യ; ഗോർഗോ രാജ്ഞിയായി വേഷമിട്ടിരിക്കുന്നത് ലെന ഹീഡിയാണ്. ഗെയിം ഓഫ് ത്രോൺസിന്റെ ആരാധകർക്ക് സുപരിചിതയായിരിക്കും ക്വീൻ സേർസിയായി അഭിനയിക്കുന്ന ലെന. ലിയോണിഡസ് വിശ്വസ്തനായ പടത്തലവൻ, ആർട്ടെമിസായി വേഷമിട്ടിരിക്കുന്നത് വിൻസെന്റ് റീഗനാണ്. അതിശക്തമായ വില്ലൻ കഥാപാത്രമായ പേർഷ്യൻ ചക്രവർത്തി; സെർക്സസായി എത്തിയിരിക്കുന്നത് റോഡ്രിഗോ സന്റോറോയാണ്. ഡേവിഡ് വെൻഹാം (ഡില്യോസ്), ജിയോവനി സിമിനോ (പ്ലീസ്റ്റാർക്കസ്, ലിയോണിഡസിന്റെ മകൻ), ഡൊമിനിക് വെസ്റ്റ് (തെറോൺ), ടോം വിസ്‌ഡം (അസ്റ്റിനോസ്, ആർട്ടെമിസിന്റെ മകൻ), ആൻഡ്രൂ പ്ലീവിൻ (ഡാക്‌സോസ്, ആർക്കേഡിയൻ ലീഡർ), ആൻഡ്രൂ ടീർനൻ (എഫ്യാൽറ്റസ്), സ്റ്റീഫൻ മക്കാറ്റി (ദി ലോയലിസ്റ്റ്), മൈക്കൽ ഫാസ്ബെന്റർ (സ്റ്റീല്യോസ്), പീറ്റർ മെൻസാ (പേർഷ്യൻ സന്ദേശവാഹകൻ), കെല്ലി ക്രൈഗ് (പൈത്യ, ഒറാക്കിൾ), ടൈലർ നീറ്റ്സെൽ (ലിയോണിഡസിന്റെ യൗവനം),റോബർട്ട് മൈലെറ്റ് (യൂബർ ഇമ്മോർട്ടൽ), പാട്രിക് സബോങ്കു (പേർഷ്യൻ ജനറൽ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ വെറും 60 ദിവസങ്ങൾ കൊണ്ട് ചിത്രീകരിച്ച സിനിമയാണ് 300 എന്നത് തന്നെ അവിശ്വസനീയമാണ്. ഇന്ത്യൻ സിനിമയിലെ ബ്രഹ്‌മാണ്ഡചിത്രം ബാഹുബലിയിലെ യുദ്ധരംഗങ്ങൾ ചിത്രീകരിക്കാൻ മാത്രം 120 ദിവസങ്ങളെടുത്തു എന്നത് ഇതിനോട് ചേർത്ത് വായിക്കണം. ബാലനായ ലിയോണിഡസ്
ആയോധനപരിശീലനം നടത്തുന്ന രംഗത്തിൽ വേഷമിട്ടത് സംവിധായകൻ സാക്ക് സ്നൈഡറിന്റെ മകൻ തന്നെയാണ്. അസ്റ്റിനോസായി അഭിനയിക്കാൻ ഓഡിഷനെത്തിയ റോഡ്രിഗോ സന്റോറോയുടെ അഭിനയമികവ് കണ്ട് സംവിധായകൻ സാക്ക് സ്‌നൈഡർ; സെർക്സസ് ചക്രവർത്തിയുടെ വേഷം അദ്ദേഹത്തിന് സമ്മാനിക്കുകയായിരുന്നു. "300"ന്റെ സീക്വലായി "300 റൈസ് ഓഫ് ആൻ എമ്പയർ" 2014ൽ പുറത്തിറങ്ങിയിരുന്നു. സുള്ളിവൻ സ്റ്റാപ്പിൾട്ടൻ, ഇവാ ഗ്രീൻ, ലെന ഹീഡി, റോഡ്രിഗോ സന്റോറോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നൊവാം മുറോയാണ് ആ ചിത്രം സംവിധാനം നിർവഹിച്ചത്.
7.7/10 · IMDb
60% · Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ