Lost Highway » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഈ പടത്തിന്റെ പേര് "ലോസ്റ്റ് ഹൈവേ" എന്നാണെങ്കിലും ഇതിന് ഏറ്റവും യോജിച്ച പേര് "ലോസ്റ്റ് മൈൻഡ്" എന്നായിരിക്കും. കാരണം, ഈ സിനിമ കണ്ടുതീർത്ത ഏതൊരു പ്രേക്ഷകന്റെയും മൈൻഡ് കുറച്ച് മണിക്കൂറുകൾ ലോസ്റ്റായിപ്പോകും എന്നത് ഉറപ്പ്. പിന്നെ, എനിക്ക് പറയാനുള്ളത് ഒരേയൊരു കാര്യം.. ഈ പടം കണ്ടുകഴിഞ്ഞ് ഇതിലെ ലോജിക്കും സംശയവും ചോദിച്ച് ഇതുവഴി വന്നേക്കരുത്.. പ്ലീസ് 🙏
■ മുൾഹോളണ്ട് ഡ്രൈവ് എന്ന കിളി പറപ്പിക്കൽ ക്ലാസ്സിക് ഹോളിവുഡ് സിനിമയുടെ സംവിധായകൻ ഡേവിഡ് ലിഞ്ച് തന്നെയാണ് ഈ ഫ്രഞ്ച് അമേരിക്കൻ നിയോ നോയിർ മിസ്റ്ററി ത്രില്ലർ സിനിമയുടെയും സംവിധായകൻ (ഇങ്ങേർക്ക് ഇതുതന്നെയാണ് പണി എന്ന് തോന്നുന്നു 😁). പോയ കിളി തിരിച്ചു വരില്ല എന്നതാണ് ഈ ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത. ഡേവിഡ് ലിഞ്ചും ബാരി ഗിഫോർഡും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പീറ്റർ ഡെമിങ് ഛായാഗ്രഹണവും മേരി സ്വീനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് എയ്ഞ്ചലോ ബദലാമെന്റിയാണ്.
✍sʏɴᴏᴘsɪs
■ ജാസ് സംഗീതജ്ഞൻ (സാക്സോഫോണിസ്റ്റ്) ഫ്രെഡ് മാഡിസണിൽ നിന്നാണ് കഥ തുടങ്ങുന്നത്. തന്റെ വീട്ടിലെ ഇന്റർകോമിൽ നിന്നും "ഡിക്ക് ലോറന്റ് മരിച്ചു" എന്ന വാർത്തകേട്ടുകൊണ്ടാണ് അയാളുടെ അന്നത്തെ പ്രഭാതം തുടങ്ങുന്നത്. പിറ്റേന്ന് രാവിലെ ഫ്രഡിന്റെ ഭാര്യ റെനിക്ക് ഒരു വീഡിയോ കാസറ്റ് പാഴ്‌സലായി ലഭിക്കുന്നു വീടിന്റെ വാതിൽപ്പടിയിൽ നിന്നും. അവരുടെ വീടിന്റെ പുറമേ നിന്നുള്ള ദൃശ്യവൽക്കരണമായിരുന്നു അതിലെ ഉള്ളടക്കം. അതിന്റെ പിറ്റേന്നും അതുപോലെയുള്ളൊരു വീഡിയോ കാസറ്റ് അവർക്ക് പാഴ്‌സൽ ലഭിക്കുന്നു. വീടിന്റെ ഉള്ളറയിലേക്ക് കടക്കുന്ന വിഡിയോയിൽ അവരുറങ്ങുന്നതുമുണ്ടായിരുന്നു. പോലീസിനെ വിവരമറിയിക്കുന്ന അവർക്ക് പിന്നീടും വീഡിയോ കാസറ്റുകൾ ലഭിക്കുന്നു. ഫ്രഡിന്റെ ഭാര്യ റെനിയുടെ ഒരു സുഹൃത്തായിരുന്ന ആൻഡി നടത്തുന്ന പാർട്ടിയിൽ വെച്ച് ഒരു നിഗൂഢ വ്യക്തിയെ ഫ്രെഡ് കണ്ടുമുട്ടുന്നു. ഫ്രെഡ് സ്വപ്നത്തിൽ കണ്ട അതേ വ്യക്തി. അയാൾ തത്സമയം ഫ്രഡിന്റെ വീട്ടിലാണ് താനുള്ളതെന്നു ഫ്രഡിനെ അറിയിക്കുന്നു. പെട്ടെന്ന് തന്നെ ഭാര്യയേയും കൂട്ടി സ്വന്തം വീട്ടിലെത്തുന്ന ഫ്രെഡ്, ഭാര്യയെ പുറത്തുനിർത്തി അകത്തേക്ക് പ്രവേശിക്കുന്നു. പക്ഷേ, ഫ്രെഡ് അവിടെ കണ്ടത് മൃഗീയമായി വെട്ടിനുറുക്കി കൊലചെയ്യപ്പെട്ട നിലയിൽ കിടക്കുന്ന തന്റെ ഭാര്യ, റെനിയുടെ ശവശരീരമായിരുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ബിൽ പുൾമാനാണ് ഫ്രെഡ് മാഡിസണായി വേഷമിട്ടിരിക്കുന്നത്. ഫ്രഡിന്റെ ഭാര്യ റെനിയായി പാട്രീഷ്യ ആർക്വറ്റെ വേഷമിട്ടിരിക്കുന്നു. മറ്റൊരു പ്രധാന കഥാപാത്രമായ ഓട്ടോമൊബൈൽ മെക്കാനിക്ക്, പീറ്റ് ഡെയ്റ്റനായി അഭിനയിച്ചിരിക്കുന്നത് ബൽത്തസാർ ഗെറ്റിയാണ്. റോബർട്ട് ബ്ലെയ്ക്ക് (നിഗൂഢ വ്യക്തി), റോബർട്ട് ലോഗ്യ (മി. എഡ്ഡി), നടാഷ ഗ്രെഗ്‌സൺ വാഗ്നർ (ഷീല), ഗാരി ബുസെയ് (ബിൽ ഡെയ്റ്റൻ), ലൂസി ബട്ലർ (കാൻഡയ്‌സ് ഡെയ്റ്റൻ), മൈക്കൽ മസ്സീ (ആൻഡി), ജോൺ റോസീല്യസ് (അൽ, ഡിറ്റക്റ്റീവ്), ലൂയിസ് എപ്പൊലിറ്റോ (എഡ്, ഡിറ്റക്റ്റീവ്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ സിനിമയിലെ ആദ്യ സീനായ ഇന്റർകോമിലൂടെ കേൾക്കുന്ന "ഡിക്ക് ലോറന്റ് മരിച്ചു" എന്ന സംഭവം തന്റെ യഥാർത്ഥ ജീവിതത്തിൽ നടന്ന കാര്യമാണെന്ന് സംവിധായകൻ ഡേവിഡ് ലിഞ്ച് പറയുന്നു. ജനലിലൂടെ നോക്കിയപ്പോൾ പുറത്ത് ആരുമുണ്ടായിരുന്നില്ല. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതിന് കുറ്റാരോപിതനാകുന്ന നായകൻറെ കഥ പറഞ്ഞ ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രമായ "നിഗൂഢ വ്യക്തി"യുടെ വേഷമിട്ട റോബർട്ട് ബ്ലെയ്ക്ക് വർഷങ്ങൾക്ക് ശേഷം സ്വന്തം ഭാര്യയുടെ കൊലപാതകത്തിന് കുറ്റാരോപിതനായത് മറ്റൊരു കൗതുകം.
7.6/10 · IMDb
60% · Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ