Memories Of Murder » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ കൊറിയയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട തുടർകൊലപാതക പരമ്പരയെ ആസ്പദമാക്കിയാണ് മെമ്മറീസ് ഓഫ് മർഡറിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 1960കളിൽ സാൻഫ്രാൻസിസ്കോ നഗരത്തെ കിടുകിടാവിറപ്പിച്ച "സോഡിയാക് കില്ലറെ" അനുസ്മരിക്കുന്നതായിരുന്നു ദക്ഷിണകൊറിയയിലെ ചെറുനഗരമായ ഹ്വാസ്യോങ്ങിൽ 1986നും 1991നും ഇടയ്ക്ക് സംഭവിച്ച തുടർകൊലപാതക പരമ്പര. സോഡിയാക് കില്ലറുടെ കഥ "ഡേർട്ടി ഹാരി"യിലൂടെയും "സോഡിയാക്"ലൂടെയും ഹോളിവുഡിന്റെ തിരശീലയിൽ പുനരവതരിച്ചപ്പോൾ മെമ്മറീസ് ഓഫ് മർഡർ കൊറിയൻ സിനിമയിലെ തന്നെയൊരു നാഴികക്കല്ലായി മാറുകയായിരുന്നു.
■ ബോങ് ജൂൻഹോ സംവിധാനം നിർവഹിച്ച ആക്ഷൻ ക്രൈം ത്രില്ലർ കൊറിയൻ ചിത്രമാണ് മെമ്മറീസ് ഓഫ് മർഡർ. കിം ക്വാങ് റിം 1996ൽ അവതരിപ്പിച്ച നാടകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഷിം സുങ്ബോയും സംവിധായകൻ ബോങ് ജൂൻഹോയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കിം ഹ്യുങ്‌കൂ ഛായാഗ്രഹണവും കിം സുൻമിൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ടാരോ ഇവാഷിറോയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ ഗ്രാമത്തിലെ പാടവരമ്പത്തുള്ള ഒരഴുക്കുചാലിൽ നിന്നും ബലാൽസംഘം ചെയ്ത് കൊല്ലപ്പെട്ട നിലയിൽ ഒരു യുവതിയുടെ മൃതദേഹം ലഭിക്കുന്നു. തൊട്ടടുത്ത ദിവസം മറ്റൊരു യുവതിയുടെ മൃതദേഹവും ബലാൽസംഘം ചെയ്ത് കൊലചെയ്യപ്പെട്ട നിലയിൽ പാടത്ത് നിന്നും കണ്ടെടുക്കപ്പെടുന്നു. പ്രദേശത്തെ കുറ്റാന്വേഷണോദ്യോഗസ്ഥൻ പാർക് ഡൂ-മാൻ പ്രസ്തുത കേസ് അന്വേഷിക്കാനെത്തുന്നു. അതുവരെ ചീളുകേസുകൾ മാത്രം അന്വേഷിച്ചിരുന്ന അദ്ദേഹത്തിന് ഇതൊരു വലിയ കടമ്പയായിരുന്നു. കുറ്റവാളിയെ മുഖത്തുനോക്കി തിരിച്ചറിയാൻ പറ്റും എന്ന അവകാശവാദവുമായി നടക്കുന്ന ഡൂമാൻ അയാളുടേതായ രീതിയിൽ അന്വേഷണം നടത്തി ബുദ്ധിവളർച്ചയില്ലാത്ത, ബേക്ക് ക്വാങ്ഹോ എന്ന യുവാവാണ് കൊലപാതകിയെന്ന നിഗമനത്തിൽ എത്തുന്നു. ഏറെക്കുറെ മർദിച്ച് തന്നെ അവനെക്കൊണ്ട് അയാളും അയാളുടെ അസിസ്റ്റന്റ് ചോയും ചേർന്ന് കുറ്റംസമ്മതിപ്പിക്കുന്നു. പക്ഷേ, ആ സമയത്താണ് നഗരത്തിൽ നിന്നും മികച്ച രീതിയിൽ പരിശീലനം ലഭിച്ച സ്യോ തേയൂൻ എന്ന യുവ ഡിറ്റക്ടീവ് ദൂമാനെ കേസിൽ സഹായിക്കാനെത്തുന്നത്. കുറ്റാന്വേഷണത്തിന് മറ്റൊരു രീതി പിന്തുടർന്നിരുന്ന സ്യോ പക്ഷേ, ബേക്കല്ല കുറ്റവാളി എന്ന് കണ്ടെത്തുന്നു. ഇത് അവർക്കിടയിലെ കിടമത്സരത്തിന് നാന്ദി കുറിക്കുകയായിരുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ പ്രാദേശിക ഡിറ്റക്ട്ടീവ് പാർക് ഡൂമാന്റെ വേഷം അതിഗംഭീരമാക്കിയിരിക്കുകയാണ് സോങ് കാങ്ഹോ. സിയോൾ നഗരത്തിൽ നിന്നും വന്ന മികച്ച പരിശീലനം ലഭിച്ച യുവ ഡിറ്റക്റ്റീവ്, സ്യോ തേയൂനായി വേഷമിട്ടിരിക്കുന്നത് കിം സാങ് ക്യുങാണ്. കിം റോയ്ഹ (ചോ യോങ്-കൂ, പാർകിന്റെ അസിസ്റ്റന്റ്), സോങ് ജേഹോ (സെർജൻറ് ഷിൻ ഡോങ്ചുൽ, ഡിറ്റക്റ്റീവ് സുപ്പീരിയർ), ബ്യുൻ ഹീബോങ് (സെർജൻറ് കൂ ഹീബോങ്, സുപ്പീരിയർ), ഗോ സ്യോഹീ (ക്വോൻ ക്വിഓക്, ലേഡി പോലീസ് ഓഫീസർ), പാർക് നോശിക് (ബേക്ക് ക്വാങ്ഹോ, ബുദ്ധിവളർച്ചയില്ലാത്ത യുവാവ്), പാർക് ഹേഇൽ (പാർക് ഹ്യോൻഗ്യു, ഫാക്റ്ററി തൊഴിലാളി), ജ്യോൻ മിസ്യോൻ (ക്വോക് സ്യോൾയുങ്, പാർകിന്റെ ഭാര്യ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ മികച്ച ചിത്രം, മികച്ച സംവിധായകൻ (ബോങ് ജൂൻഹോ), മികച്ച നടൻ (സോങ് കാങ്ഹോ), മികച്ച തിരക്കഥ (ബോങ് ജൂൻഹോ, ഷിം സുങ്ബോ), മികച്ച ഛായാഗ്രഹണം (കിം ഹ്യുങ്-കൂ), മികച്ച എഡിറ്റിങ് (കിം സുൻമിൻ) എന്നീ വിഭാഗങ്ങളിലായി കൊറിയൻ ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കിയിരുന്നു. 1986നും 1991നും ഇടയ്ക്ക് ഹ്വാസ്യോങ് നഗരത്തിൽ ഒരുപോലെയുള്ള പത്ത് കൊലപാതകങ്ങളാണ് നടന്നത്. DNA ടെസ്റ്റിനായി അമേരിക്കയിലേക്കാണ് തെളിവുകൾ അയക്കുന്നതെങ്കിലും യഥാർത്ഥത്തിൽ ജപ്പാനിലേക്കായിരുന്നു DNA ടെസ്റ്റിനയച്ചത്. മെമ്മറീസ് ഓഫ് മർഡറിനെ ആസ്പദമാക്കി സിഗ്നൽ എന്ന പേരിൽ ഒരു ടെലിവിഷൻ പരമ്പര 2016ൽ പുറത്തിറങ്ങിയിരുന്നു.
8.1/10 · IMDb
89% · Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ