Pa Paandi » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ കോളിവുഡിൽ മിനിമം ഗ്യാരണ്ടിയുള്ള ചുരുക്കം നടന്മാരിൽ ഒരാളാണ് ധനുഷ്. റൊമാൻസും സെന്റിമെൻസും മാസ്സും കോമെഡിയും ഒരുപോലെ വഴങ്ങുന്ന വിരലിലെണ്ണാവുന്ന തമിഴ് നടന്മാരിൽ ഒരാൾ. ഒരു നടനിലുപരി ഒരു മികച്ച സംവിധായകനാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ധനുഷ് തന്റെ ആദ്യ സംവിധാന സംരംഭമായ "പ പാണ്ടി"യിലൂടെ. രാവുംപകലും സ്വന്തം മക്കൾക്ക് വേണ്ടി ഓടിനടന്ന് സ്വന്തം സന്തോഷങ്ങളെ ത്യജിച്ചു മക്കൾക്ക് വേണ്ടി മാത്രം ജീവിച്ച അച്ഛനമ്മമാരെ ഒരു പ്രായം കഴിഞ്ഞാൽ വല്ല വൃദ്ധസദനങ്ങളിലും കൊണ്ട് തള്ളുന്ന "മഹത്തായ" തലമുറയിൽ ജീവിക്കുന്നവരാണ് നമ്മൾ. മക്കളോടൊപ്പം ജീവിക്കാൻ ഭാഗ്യം ലഭിച്ച പല മാതാപിതാക്കളും പക്ഷേ, ചില നേരത്തെങ്കിലും മക്കളുടെ ആട്ടുംതുപ്പും സഹിക്കാൻ വിധിക്കപ്പെട്ടവരാണ്. "ഇന്ന് ഞാൻ.. നാളെ നീ" എന്ന മഹത്തായ വചനം പോലെ ഒരിക്കൽ ജരാനരകൾ നമ്മെയും ബാധിക്കും, നമ്മുടെ മക്കളും ഒരുപക്ഷേ നമ്മുടെ മാതാപിതാക്കളുടെ വിധി നമുക്കും വിധിക്കും എന്നൊരിക്കലെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ നമുക്ക് നമ്മുടെ മാതാപിതാക്കളോട് ഒരിക്കലും ബഹുമാനക്കുറവ് കാണിക്കാൻ കഴിയില്ലായിരുന്നു. കാരണം, നമ്മുടെ മക്കൾ കണ്ടുവളരുന്നത് നമ്മുടെ പെരുമാറ്റമാണ്, നമ്മുടെ ജീവിതമാണ്. അതെ, ഇതൊരു അച്ഛന്റെയും മകന്റെയും കഥയാണ്.. ഒപ്പം, ഉറവ വറ്റാത്ത സ്നേഹത്തിന്റെയും.. മഹത്തായ സന്ദേശവുമായി "പവർ പാണ്ടി" ഏതൊരു മകനെയും മകളെയും ഒരു ഞൊടി കുറ്റബോധത്തിന്റെ കണ്ണുനീർ പൊഴിപ്പിക്കും.
■ സുബ്രഹ്മണ്യം ശിവയ്ക്കൊപ്പം ധനുഷ് തന്നെയാണ് ഈ തമിഴ് സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. വേൽരാജ് ഛായാഗ്രഹണവും പ്രസന്ന GK എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സീൻ റോൾഡൻ സംഗീതമൊരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് പലതിനും വരികൾ എഴുതിയതും ആലപിച്ചതും ധനുഷ് തന്നെയാണ്. അനന്തു, ശ്വേതാ മോഹൻ, സീൻ റോൾഡൻ, ആന്തണി ദാസൻ എന്നിവർ മറ്റു ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
✍sʏɴᴏᴘsɪs
■ തമിഴ് സിനിമാലോകത്തെ മികച്ചൊരു ഫൈറ്റ് മാസ്റ്ററായിരുന്ന പവർ പാണ്ടി എന്നറിയപ്പെടുന്ന പാണ്ട്യൻ തന്റെ മകൻ രാഘവനും കുടുംബത്തിനുമൊപ്പം വിശ്രമജീവിതം നയിക്കുന്നു. മകന്റെ, അച്ഛന്റെ മേലിലുള്ള അമിത ശ്രദ്ധ പലപ്പോഴും പാണ്ടിയെ അസ്വാതന്ത്ര്യത്തിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുക്കുന്നു. തന്റെ അലസമായ ജീവിതത്തിൽ നിന്നും അസ്വാതന്ത്ര്യത്തിൽ നിന്നും രക്ഷനേടാൻ പാണ്ടി; ജിം ട്രൈനെർ, സിനിമാ ജൂനിയർ ആർട്ടിസ്റ്റ് തുടങ്ങി പല ചെറിയ ജോലികളും ചെയ്യാൻ തുടങ്ങുന്നു. പക്ഷേ, അതൊക്കെ അവസാനം മകന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. മകൻ തന്റെ അച്ഛനാകുന്ന നില വന്നപ്പോൾ ആ അച്ഛൻ ഒരു കടുത്ത തീരുമാനമെടുക്കുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ മുതിർന്ന നടൻ രാജകിരണാണ് പവർ പാണ്ടി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പവർ പാണ്ടിയുടെ യൗവ്വനകാലം ധനുഷും അവതരിപ്പിച്ചിരിക്കുന്നു. പ്രസന്ന (രാഘവൻ), ഛായാസിംഗ് (പ്രേമ), രേവതി (പൂന്തെണ്ട്രൽ), മഡോണ സെബാസ്റ്റ്യൻ (പൂന്തെണ്ട്രൽ/യൗവനം), വിദ്യുലേഖ രാമൻ (പൂങ്കൊടി), റിൻസൺ സൈമൺ (വരുൺ), ആടുകളം നരേൻ (ചന്ദ്രശേഖർ), ദിന (മണി), ബേബി ചവി (സാക്ഷ), മാസ്റ്റർ രാഘവൻ (ധ്രുവ്) തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ മികച്ച നടനും (രാജകിരൺ) നടിക്കുമുള്ള (രേവതി) ഫിലിം ഫെയർ പുരസ്‌കാരത്തിനുള്ള നോമിനേഷൻ നേടിയിരുന്നു പവർ പാണ്ടി. സാൻഡൽവുഡിലെ ഇതിഹാസ താരം അംബരീഷ്, സുഹാസിനി മണിരത്നം, സുദീപ്, ശ്രുതി ഹരിഹരൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗുരുദത്ത ഗണിക "അംബി നിംഗ് വയസ്സായ്തോ" എന്ന പേരിൽ കന്നഡത്തിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്.
7.7/10 · IMDb
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ