Predestination » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഒരു ടൈം ട്രാവലിംഗ് സിനിമ എന്നതിലുപരി ടൈം പാരഡോക്സ്സസ് എന്ന അവസ്ഥയെ ഫാന്റസിയും ഒരൽപ്പം സയൻസ് ഫിക്ഷനും ചേർത്ത് വിവരിക്കാൻ ശ്രമിച്ചിരിക്കുന്ന ചിത്രമാണ് പ്രീഡെസ്റ്റിനേഷൻ. വ്യക്തമായി പറഞ്ഞാൽ "വിഘടന വാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ടായാൽ അകൽച്ചയിലായിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ." വല്ലോം മനസ്സിലായോ? ചുരുക്കിപ്പറഞ്ഞാൽ പ്രേക്ഷകമനസ്സിനെ കൈയ്യിലിട്ട് അമ്മാനമാടാൻ ശ്രമിച്ചിരിക്കുകയാണ് ഇവിടെ സംവിധായകൻ..
■ റോബർട്ട് A.ഹെയ്ൻലീന്റെ "All You Zombies" എന്ന ചെറുകഥയെ ആസ്പദമാക്കി ദി സ്‌പീരിഗ് ബ്രദേഴ്‌സ് മൈക്കൽ സ്‌പീരിഗ്, പീറ്റർ സ്‌പീരിഗ്) തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഓസ്‌ട്രേലിയൻ സയൻസ് ഫിക്ഷൻ മിസ്റ്ററി ഫാന്റസി ത്രില്ലർ ചിത്രമാണ് പ്രീഡെസ്റ്റിനേഷൻ. ബെൻ നോട്ട് ഛായാഗ്രഹണവും മാറ്റ് വില്ല എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് സംവിധായകരിലൊരാളായ പീറ്റർ സ്‌പീരിഗാണ്.
✍sʏɴᴏᴘsɪs
■ ഒരു ബാറിലെ വെയ്റ്ററുമായി തന്റെ അസാധാരണ ജീവിതകഥ പങ്കുവെക്കുകയാണ് ജോൺ എന്ന ചെറുപ്പക്കാരൻ. "ഞാനൊരു കൊച്ചുപെൺകുട്ടിയായിരുന്നപ്പോൾ.."; ജോണിന്റെ ജീവചരിത്രം തുടക്കം മുതൽ തന്നെ ബാർ ജീവനക്കാരനെയും പ്രേക്ഷകരെയും ഞെട്ടിക്കുകയാണ്. ഒരു അനാഥാലയത്തിൽ വളർന്ന ജെയ്ൻ മറ്റു കുട്ടികളെപ്പോലെയല്ലായിരുന്നു. കായികക്ഷമതയിലും അടിപിടിയിലും ആണുങ്ങളെപ്പോലെ മികവ് പുലർത്തിയിരുന്ന അവൾക്ക് ആണുങ്ങളോട് ആകർഷണം തോന്നിയിരുന്നില്ല ഒരുപാടുകാലം. പക്ഷേ, ഒരിക്കൽ സുന്ദരനായ ഒരു ചെറുപ്പക്കാരനെ അവിചാരിതമായി അവൾ കണ്ടുമുട്ടുന്നു. അവർ പ്രണയബദ്ധരാകുന്നു. പക്ഷേ, അവളോട് ഒരുവാക്കുപോലും മിണ്ടാതെ അയാൾ അപ്രത്യക്ഷമാകുന്നു. തന്നെ വഞ്ചിച്ച അയാളോട് പകരം വീട്ടണമെന്ന ആഗ്രഹം ജോൺ ബാർ വെയ്റ്ററോട് പങ്കുവെക്കുന്നു. രഹസ്യാന്വേഷണ സംഘടനയുടെ ഏജന്റായി പ്രവർത്തിച്ചിരുന്ന ബാർ വെയ്റ്റർ, തന്റെ പക്കലുണ്ടായിരുന്ന ടൈം ട്രാവലിംഗ് ഡിവൈസ് ഉപയോഗിച്ച് ജോണിനെ ഭൂതകാലത്തിലേക്ക് തിരിച്ചുകൊണ്ടുപോയി ജെയ്‌നിനെ ചതിച്ചവനോട് പ്രതികാരം ചോദിക്കാൻ അവസരമൊരുക്കാമെന്ന് വാക്കുകൊടുക്കുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ഏതൻ ഹോക്കാണ് ഇന്റലിജൻസ് ഏജന്റുകൂടിയായ ബാർ വെയ്റ്ററുടെ വേഷത്തിലെത്തിയിരിക്കുന്നത്. ജോണായും ജെയ്‌നായും ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്തിരിക്കുന്നത് സാറാ സ്നൂക്കാണ്. നോഹ ടൈലർ (മി. റോബർട്സൺ), മാഡലിൻ വെസ്റ്റ് (മിസ്സിസ് സ്റ്റാപ്പിൾട്ടൻ), ക്രിസ്റ്റഫർ കിർബി (ഏജന്റ് മൈൽസ്),ഫ്രേയ സ്റ്റാഫോർഡ് (ആലീസ്), ജിം നോബെലോഷ് (ഡോ. ബെൽഫോർട്ട്), ടൈലർ കോപ്പിൻ (ഡോ. ഹെയ്‌ൻലൈൻ),റോബ് ജെങ്കിൻസ് (മി. ജോൺസ്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ മികച്ച ഛായാഗ്രഹണം (ബെൻ നോട്ട്), ബെസ്റ്റ് എഡിറ്റിംഗ് (മാറ്റ് വില്ല), മികച്ച നടി (സാറാ സ്നൂക്ക്), മികച്ച പ്രൊഡക്ഷൻ ഡിസൈൻ എന്നീ വിഭാഗങ്ങളിലായി ഓസ്‌ട്രേലിയൻ അക്കാദമി അവാർഡുകൾ (AACTA) വാരിക്കൂട്ടിയിട്ടുണ്ട്.
7.4/10 · IMDb
84% · Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ