The Chaser » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഇരുപത്തൊന്നോളം മനുഷ്യരെ ക്രൂരമായി കൊന്ന് അവരിൽ ചിലരുടെ കരൾ ഭക്ഷിച്ചു എന്ന് കുറ്റസമ്മതം നടത്തിയ നരഭോജിയായ ക്രിമിനൽ, "റൈൻ-കോട്ട് കില്ലർ" എന്നറിയപ്പെട്ട, യൂ യങ് ചുലിന്റെ ജീവിതകഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിക്കപ്പെട്ട സിനിമയാണ് ദി ചെയ്സർ. വേശ്യകളും ധനികരുമായിരുന്നു അയാളുടെ ഇരകൾ. 2003നും 2004നും ഇടയിലായിരുന്നു അയാളുടെ 21 കൊലപാതകങ്ങളും. മരണശിക്ഷയും കാത്ത് സ്യോൾ ജയിലിൽ കഴിയുകയാണ് അയാൾ..
Statutory Warning : അതിക്രൂരമായ, രക്തം മരവിപ്പിക്കുന്ന പല രംഗങ്ങളും ഉള്ളതുകൊണ്ട് ഗർഭിണികളും കുട്ടികളും ഈ സിനിമ കാണരുത്.
■ നാ ഹോങ്-ജിൻ സംവിധാനം നിർവഹിച്ച ക്രൈം ആക്ഷൻ ത്രില്ലർ കൊറിയൻ ചിത്രമാണ് ദി ചെയ്സർ. നാ ഹോങ് ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമാണിത്. ഷിൻഹോ ലീ, ഹോങ് വോൻ-ചാൻ എന്നിവർക്കൊപ്പം സംവിധായകൻ നാ ഹോങ്-ജിനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ലീ സുങ്-ജെ ഛായാഗ്രഹണവും കിം സുൻ-മിൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. കിം ജുൻ-സ്യോകും ചോയ് യോങ്-റാകും ചേർന്നാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ പോലീസ് ജോലി വിട്ട് പിമ്പായി മാറിയ വ്യക്തിയായിരുന്നു യോം ജൂങ്-ഹോ. അയാളുടെ കീഴിൽ പ്രവർത്തിച്ചിരുന്ന രണ്ട് പെൺകുട്ടികളെ കാണാതായതോടെ അയാൾ വൻ സാമ്പത്തിക പ്രതിസന്ധിയിലായി. ഒരു രാത്രി, വിശ്വസ്തയായ മി-ജിനെ അയാൾ ഒരു കസ്റ്റമറുടെ അടുത്തേക്ക് അയക്കുന്നു. പക്ഷേ, പിന്നീടാണ് അയാൾ തിരിച്ചറിയുന്നത്, കാണാതായ രണ്ടുപെൺകുട്ടികളെയും അവസാനമായി അയച്ചത് ഇതേ കസ്റ്റമറുടെ അടുത്തേക്കാണ്. അതിന് ശേഷം അവരുടെ യാധൊരു വിവരവുമില്ല. അയാളുടെ കൂടെ ചേർന്ന് ഉയർന്ന വേതനത്തിന് തന്റെ പെൺകുട്ടികൾ പ്രവർത്തിക്കുന്നു എന്നാണ് യോമിന്റെ സംശയം. അല്ലെങ്കിൽ തന്റെ പെൺകുട്ടികളെ അയാൾ മറിച്ചു വിറ്റുകാണും എന്നും അയാൾ ചിന്തിക്കുന്നു. പൊലീസിലെ പഴയ പിടി വെച്ച് യോം, പോലീസ് ടാസ്ക്ക് ഫോഴ്‌സിന്റെ സഹായം തേടുന്നു. പക്ഷേ, സ്യോൾ മേയറുടെ സുരക്ഷയ്ക്ക് നിയമിക്കപ്പെട്ടിരുന്ന അവർക്ക് സഹായിക്കാൻ കഴിയുന്നില്ല. അവസാനം യോം തന്നെ മി-ജിനെ തേടിയിറങ്ങുന്നു. അവൾ ചതിക്കില്ല എന്നയാൾക്ക് ഉറപ്പാണ്. പക്ഷേ ആ കസ്റ്റമർ.. അയാൾ ആരാണ്..? കാണാതായ പെൺകുട്ടികളെ അയാൾ എന്തുചെയ്തു..?
ഉദ്വേഗജനകമായ കഥയും രക്തം മരവിപ്പിക്കുന്ന കാഴ്ചകളുമായി 'ദി ചെയ്സർ' പ്രേക്ഷകരിൽ ഉൾക്കിടിലം തീർക്കുകയാണ്..
■ കിം യൂൻ-സ്യോക്കാണ് പിമ്പായി മാറിയ മുൻപൊലീസുകാരൻ, യോം ജൂങ്-ഹോ ആയി വെള്ളിത്തിരയിൽ തകർത്താടിയത്. കരിങ്കല്ലിന്റെ മനസ്സുള്ള സീരിയൽ കില്ലർ, ജെ യോങ്-മിനായി ഹാ ജുങ്-വോ വേഷമിട്ടിരിക്കുന്നു. ജീവിതപ്രാരാബ്ദം കൊണ്ട് (ക്ലീഷേ) വേശ്യാവൃത്തി തൊഴിലായി സ്വീകരിക്കേണ്ടി വന്ന മി-ജിന്റെ വേഷത്തിലെത്തിയിരിക്കുന്നത് സ്യോ യോങ്-ഹീയാണ്. മി-ജിന്റെ മകൾ യൂൻ-ജിയായി അഭിനയിച്ചിരിക്കുന്നത് കിം യൂ-ജുങ് ആണ് (യൂൻ-ജിയുടെ മനോധൈര്യം പ്രേക്ഷകർക്കുണ്ടാവാനുള്ള സാധ്യത കുറവാണ്. അവളുടെ ചിരി പ്രേക്ഷകന്റെ നെഞ്ചിൽ വെള്ളിടി തീർക്കും). കൂ ബോൺ-വൂങ് (ഓഹ്-ജോട്ട്, യോമിന്റെ സഹായി), ജുങ് ഇൻ-ഗി (ഡിറ്റക്റ്റീവ് ലീ), പാർക് ഹ്യോ-ജൂ (ഡിറ്റക്റ്റീവ് ഓഹ്), ചോയ് ജുങ്-വൂ (പോലീസ് ചീഫ്), മിൻ ക്യോങ്-ജിൻ (ടീം ചീഫ്), ഓഹ് യോൻ-ഹാ (സുങ്-ഹീ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ മികച്ച സിനിമ, മികച്ച നടൻ (കിം യൂൻ-സ്യോക്), മികച്ച സംവിധായകൻ & മികച്ച പുതുമുഖ സംവിധായകൻ (നാ ഹോങ്-ജിൻ), മികച്ച തിരക്കഥ (ഷിൻഹോ ലീ, നാ ഹോങ്-ജിൻ), മികച്ച എഡിറ്റർ (കിം സുൻ-മിൻ) എന്നീ വിഭാഗങ്ങളിലായി 6 പുരസ്‌കാരങ്ങളാണ് കൊറിയൻ ഫിലിം അവാർഡ്‌സിൽ ദി ചെയ്സർ വാരിക്കൂട്ടിയത്. ഇമ്രാൻ ഹാഷ്മി, ജാക്വലിൻ ഫെർണാണ്ടസ്, സുലഗ്ന പാണിഗ്രഹി, പ്രശാന്ത് നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മോഹിത് സുരി സംവിധാനം നിർവഹിച്ച "മർഡർ 2" ദി ചെയ്‌സറിന്റെ അൺഒഫീഷ്യൽ റീമേക്ക് ആയിരുന്നു. മർഡർ 2വിന്റെ പോസ്റ്റർ പോലും പ്രശസ്ത കൊറിയൻ സംവിധായകൻ കിം കി-ഡുക്കിന്റെ "ബാഡ് ഗയ്" എന്ന സിനിമയുടെ പോസ്റ്ററിൽ നിന്നും കോപ്പിയടിച്ചതായിരുന്നു. 2008ൽ വാർണർ ബ്രോസ് "ദി ചെയ്‌സറി"ന്റെ കോപ്പി റൈറ്റ് വാങ്ങിയിരുന്നെങ്കിലും ലിയനാർഡോ ഡികാപ്രിയോയെ നായകനാക്കിയുള്ള ആ സിനിമ ഇതുവരെ യാഥാർഥ്യമായിട്ടില്ല.
7.9/10 · IMDb
83% · Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ