The Tiger: An Old Hunter's Tale » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ കൊറിയൻ സിനിമയിലെ സൂപ്പർസ്റ്റാറാരാണെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ പലരുടെയും നാവിൽ വരൂ. "ചോയ് മിൻസിക്." ആ ഒരൊറ്റ പേര് മാത്രം മതി ഒരു കൊറിയൻ സിനിമയുടെ പ്രൊമോഷന്. തേടിപ്പിടിച്ചു കണ്ടിരിക്കും ആരാധകർ. കാരണം ഒരു തരത്തിലും ആ പേര് നിരാശ സമ്മാനിക്കില്ല എന്നവർക്കറിയാം. നായകനായി വന്നാലും വില്ലനായി വന്നാലും അതിഥിതാരമായി വന്നാലും പ്രേക്ഷകഹൃദയം കീഴടക്കിയിട്ടേ അങ്ങേര് രംഗം വിടൂ. കൊറിയയിലെ ഏറ്റവും പണംവാരിച്ചിത്രമായ "ദി അഡ്മിറൽ: റോറിങ് കറന്റ്‌സി"ലെ നായകനും മറ്റാരുമല്ലായിരുന്നു. ജോസ്യോൻ വനത്തിലെ 'പുലിമുരുകനാ'യി അവതരിക്കുകയാണ് ചോയ് മിൻസിക് ഈ സിനിമയിൽ. ഒരു വേട്ടക്കാരനും ഇരയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകൂടി ചുരുളഴിക്കുകയാണ് ഇവിടെ..
■ പാർക് ഹൂൻ-ജുങ് തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ആക്ഷൻ അഡ്വെഞ്ചർ ഹിസ്റ്റോറിക് കൊറിയൻ ചിത്രമാണ് "ദി ടൈഗർ." ലീ മോ-ഗേ ഛായാഗ്രഹണവും കിം ചാങ്-ജു എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജോ യോങ്-വൂക്കാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ 1925ൽ ജപ്പാന്റെ അധീനതയിലായിരുന്ന കൊറിയയാണ് കഥാപശ്ചാത്തലം. ജിരിസൻ വനത്തിലെ മലമുകളിൽ തന്റെ കൗമാരക്കാരനായ മകൻ, സുക്യിക്കൊപ്പം കഴിയുന്ന വൃദ്ധനായ വേട്ടക്കാരൻ, ചുൻ മാൻ-ഡുക്. ജപ്പാൻ ഗവർണർ ജനറൽ കൊറിയൻ അവസാനത്തെ കടുവയെ കൊന്നുകളയാൻ തീരുമാനിക്കുന്നു. പക്ഷേ, ഒരുപാട് വേട്ടയ്ക്കാരുടെ അന്തകനായ ആ ഒറ്റക്കണ്ണൻ കടുവയെ കൊല്ലുക അത്ര എളുപ്പമുള്ള ജോലിയല്ലായിരുന്നു. ഗവർണർ ജനറലിന്റെ ആളുകൾ മാൻ-ഡുകിനെ വൻപ്രതിഫലം വാഗ്ദാനം ചെയ്ത് സമീപിക്കുന്നു. പക്ഷേ, അബദ്ധത്തിൽ തന്റെ കൈകൾ കൊണ്ട് കൊല്ലപ്പെട്ട തന്റെ സ്നേഹഭാജനമായിരുന്ന ഭാര്യയുടെ ഓർമ്മയിൽ ജീവിക്കുന്ന മാൻ-ഡുക് അത് നിരാകരിക്കുന്നു. ആ സംഭവത്തിന് ശേഷം അയാൾ തോക്ക് ഉപയോഗിച്ചിട്ടില്ല. എന്നാൽ, നഗരത്തിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന സുക്യിക്ക് അവളുടെ അച്ഛനെ പ്രീതിപ്പെടുത്തണമായിരുന്നു അവളെ വിവാഹം കഴിക്കാൻ. ഗൂ-ഗ്യോങ് എന്ന ക്രൂരനായ വേട്ടക്കാരൻ നയിക്കുന്ന സംഘത്തിനൊപ്പം ഒറ്റക്കണ്ണൻ കടുവയെ വേട്ടയാടുക എന്ന ദൗത്യവുമായി സ്യോക് യാത്രതിരിക്കുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ചുൻ മാൻ-ഡുക് എന്ന വൃദ്ധനായ വേട്ടക്കാരനായി ചോയ് മിൻസിക് പതിവുപോലെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. കടുവയും മാൻ-ഡുക്കും തമ്മിലുള്ള ഒരു വികാരനിർഭര രംഗം ഈ സിനിമ കണ്ട ആർക്കും അത്രപെട്ടെന്ന് മറക്കാൻ സാധിക്കില്ല. ജുങ് മാൻ-സിക്ക് (ഗൂ-ഗ്യോങ്), സുക്യി (സുങ് യൂ-ബിൻ), കിം സാങ്-ഹോ (ചിൽ-ഗൂ), റെൻ ഒസുഗി (ജാപ്പനീസ് ഒഫിഷ്യൽ), ജുങ് സുക്-വോൻ (ജാപ്പനീസ് മിലിട്ടറി ഓഫീസർ), റാ മി-രൻ (ചിൽ-ഗുവിന്റെ ഭാര്യ), കിം ഹോങ്-ഫ (ആയുർവേദ കടക്കാരൻ), ലീ യൂൻ-വൂ (മാൻ-ഡുക്കിന്റെ ഭാര്യ), ഹ്യുൻ സ്യുങ്-മിൻ (സുൻ-യി) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ "ന്യൂ വേൾഡ്" എന്ന സൂപ്പർഹിറ്റ് ഗ്യാങ്‌സ്റ്റർ ചിത്രത്തിന് ശേഷം മിൻ-സിക്കും പാർക് ഹൂൻ-ജുങും ഒന്നിച്ച ചിത്രമായിരുന്നു "ദി ടൈഗർ." സൈബീരിയൻ കടുവയെയായിരുന്നു ചിത്രത്തിൽ അഭിനയിപ്പിച്ചത്. വന്യജീവി വിദഗ്ദനായ ലെവിസ് ദോഹെർട്ടിയുടെ സാന്നിധ്യത്തിലായിരുന്നു ഭൂരിഭാഗം ചിത്രീകരണവും.
7.3/10 · IMDb
100% · Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ