Welcome To Dongmakgol » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ വെറുപ്പിന്റെയും പകയുടെയും ലോകത്ത് നിന്ന് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പുഞ്ചിരിയുടെയും ലോകത്തെത്തിപ്പെട്ട ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് വെൽക്കം ടു ഡോങ്‌മക്ഗോൽ പറയുന്നത്. ഒരു യുദ്ധചിത്രമായി തുടങ്ങിയ ഡോങ്മക്ഗോൽ പതുക്കെ ഫാന്റസിയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും ഗ്രാമാന്തരീക്ഷത്തിലേക്ക് മാറുകയാണ്. ഒരു ഗുഡ് ഫീൽ മൂവി എന്നതിലുപരി ഒരൽപ്പം വേദനകൂടി ഹൃദയത്തിൽ നിറച്ചാണ് ബാറ്റിൽ ഗ്രൗണ്ട് 625 എന്നും അറിയപ്പെടുന്ന ഡോങ്മക്ഗോൽ പറഞ്ഞു നിർത്തുന്നത്.
■ പാർക് ക്വാങ് ഹ്യുൻ സംവിധാനം നിർവഹിച്ച കോമഡി വാർ ഡ്രാമ കൊറിയൻ ചിത്രമാണ് വെൽക്കം ടു ഡോങ്മക്ഗോൽ. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. ഈ സിനിമയുടെ നിർമാതാവ് കൂടിയായ ജാങ്-ജിനിന്റെ ഇതേപേരിലുള്ള നാടകത്തെ പ്രമേയമാക്കി അദ്ദേഹവും സംവിധായകൻ പാർക് ക്വാങ് ഹ്യുൻ, ജി-സാങ്-യോൻ എന്നിവരും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചോയ് സാങ്-ഹോ ഛായാഗ്രഹണവും സ്റ്റീവ് M. ചോ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജോ ഹിസയ്‌ശിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ ഉത്തര-ദക്ഷിണ കൊറിയകൾ തമ്മിലുള്ള കൊറിയൻ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ഒരു അമേരിക്കൻ വ്യോമസേനാ വിമാനം നിയന്ത്രണം വിട്ട് കാടും കുന്നിനുമൊക്കെ നടുക്ക് സ്ഥിതി ചെയ്യുന്ന ഡോങ്മക്ഗോൽ എന്ന മനോഹരഗ്രാമത്തിൽ വീണ് തകരുന്നു. പുറംലോകത്തിന് അജ്ഞാതമായിരുന്ന ആ കൊച്ചു ഗ്രാമം പുറംലോകത്തെ ശത്രുതയും പകയും വെറുപ്പുമൊന്നുമറിയാതെ സ്നേഹത്തോടെ കഴിയുന്നവരായിരുന്നു. സാരമായി പരിക്കേറ്റ അമേരിക്കൻ വിമാനത്തിന്റെ പൈലറ്റ്, നീൽ സ്മിത്തിനെ ഗ്രാമവാസികൾ രക്ഷിച്ചു വേണ്ട ചികിത്സ ലഭ്യമാക്കുന്നു. യുദ്ധത്തിൽ നിന്നും മലമ്പാതയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് ദക്ഷിണകൊറിയൻ സൈനികരും ആ ഗ്രാമത്തിൽ എത്തിച്ചേരുന്നു. ദക്ഷിണകൊറിയൻ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു വഴിതെറ്റി മൂന്ന് ഉത്തരകൊറിയൻ സൈനികരും ഗ്രാമത്തിലെത്തുന്നതോടെ ഗ്രാമവാസികൾ മുൻപെങ്ങും കാണാത്ത പരസ്പരപോരാട്ടത്തിന്റെ അരങ്ങൊരുങ്ങുന്നു. പക്ഷേ, ഗ്രാമത്തിലെ സമാധാനാന്തരീക്ഷവും സ്നേഹവും അവരുടെയുള്ളിലെ പച്ചമനുഷ്യരെ പുറത്തുകൊണ്ടുവരികയായിരുന്നു. മനസ്സിലെ വൈരം മറന്ന് ഗ്രാമവാസികളിലോരോരുത്തരായി അവർ സന്തോഷജീവിതം ആസ്വദിക്കാൻ തുടങ്ങുമ്പോൾ നീൽ സ്മിത്തിനെ ഗ്രാമം മുഴുവൻ തകർത്തുതരിപ്പണമാക്കേണ്ടി വന്നാലും രക്ഷിക്കും എന്ന് ദൃഢനിശ്ചയവുമായി അമേരിക്കൻ സൈന്യം ഗ്രാമത്തെ ലക്ഷ്യമാക്കി ആകാശമാർഗമെത്തുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ജേ-യോങ്-ജോങ് (ചീഫ് കമ്രേഡ് ലീ സു-ഹ്വാ), ഹാ ക്യുൻ-ഷിൻ (2nd ലെഫ്റ്റനന്റ് പ്യോ ഹ്യുൻ-ചുൽ), ഹ്യേ-ജ്യോങ് കാങ് (യോ-ഇൽ, ഭ്രാന്തിപ്പെൺകുട്ടി), ഹാ-റിയോങ് ലിം (ജാങ് യോങ്-ഹീ, ഉത്തരകൊറിയൻ സൈനികൻ), ജാ ക്യോങ്-സ്യാ (മുൻ സാങ്-സാങ്, ദക്ഷിണ കൊറിയൻ ആർമി മെഡിക്), ദ്യോക് ഹ്വാൻ-റിയോ, ഉത്തരകൊറിയൻ സൈനികൻ), സ്റ്റീവ് ടാഷ്ലർ (നീൽ സ്മിത്ത്), ഡേവിഡ് ആൻസെൽമോ (സ്പെഷ്യൽ ഫോഴ്സ് കമാണ്ടർ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ. പ്രധാന വേഷങ്ങളിൽ അഭിനയിച്ചവരിൽ ആരാണ് മികച്ച പ്രകടനം പുറത്തെടുത്തെത് എന്ന് പറയുക തന്നെ അസാധ്യം..
📎 ʙᴀᴄᴋwᴀsʜ
■ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്‌കാരത്തിന് ദക്ഷിണ കൊറിയയുടെ ഒഫീഷ്യൽ എൻട്രിയായിരുന്നു വെൽക്കം ടു ഡോങ്മക്ഗോൽ. പക്ഷേ, എന്തുകൊണ്ടോ ഈ ചിത്രം നാമനിർദേശം ചെയ്യപ്പെട്ടില്ല. ഹ്യേ ജ്യോങ് കാങ്ങിന് മികച്ച സഹനടിക്കുള്ള ബ്ലൂ ഡ്രാഗൺ പുരസ്കാരവും ഗ്രാൻഡ്‌ബെൽ പുരസ്കാരവും നേടിക്കൊടുത്തിരുന്നു ഈ ചിത്രം.
7.8/10 . IMDb
86% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ