American History X » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ വർത്തമാനകാലത്ത് ലോകം നേരിടുന്ന പ്രധാന പ്രശ്നം എന്താണ്? വർത്തമാനകാലത്ത് മാത്രമല്ല ഭൂതകാലത്തും ഇനി വരുന്ന ഭാവികാലത്തുമൊക്കെ ലോകം നേരിടുന്ന പ്രധാനപ്രശ്നം മനുഷ്യർ; ജാതി, മതം, വർണ്ണം, രാഷ്ട്രീയം, സംഘടന തുടങ്ങിയവയുടെ പേരും പറഞ്ഞ് പരസ്പരം പോരടിക്കുന്നത് തന്നെയാണ്. വർണ്ണവെറിയുടെ രാഷ്ട്രീയം ലോകത്തെ പല രാജ്യങ്ങളെയും ചോരക്കളങ്ങളാക്കിയിട്ടുണ്ട്. അഡോൾഫ് ഹിറ്റ്‌ലർ ദശലക്ഷക്കണക്കിന് ജൂതന്മാരെയായിരുന്നു തന്റെ സ്വേച്ഛാധിപത്യകാലത്ത് കാലപുരിയിലേക്ക് അയച്ചത്. അമേരിക്കയിലെന്നു വേണ്ട ലോകത്തെ പല രാജ്യങ്ങളിലും കറുത്തവരും വെളുത്തവരും തമ്മിലുള്ള വിദ്വേഷം ആഭ്യന്തര യുദ്ധങ്ങളായി പരിണമിച്ചിട്ടുണ്ട്. വർഷം തോറും വർണ്ണവെറിയുടെ ഇരകളായി കൊല്ലപ്പെടുന്ന ആഫ്രിക്കൻ അമേരിക്കക്കാരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് ന്യൂസ് റിപ്പോർട്ട്. പോലീസ് വെടിവെയ്പ്പ് തന്നെ തൊലിനിറം നോക്കിയാണെന്ന ആരോപണം ഒരുകാലത്ത് അമേരിക്കയെ അലട്ടിയിരുന്നു. അങ്ങനെ ഇനിയെത്ര കാലം കഴിഞ്ഞാലും കാലികപ്രസക്തി നഷ്ടപ്പെടാത്ത പ്രമേയം അവതരിപ്പിച്ച സിനിമയാണ് അമേരിക്കൻ ഹിസ്റ്ററി X.
■ ടോണി കെയെ സംവിധാനം നിർവഹിച്ച ക്രൈം ഡ്രാമാ ഹോളിവുഡ് ചിത്രമാണ് അമേരിക്കൻ ഹിസ്റ്ററി X. ഡേവിഡ് മക്കെന്നയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംവിധായകൻ ടോണി കെയെ തന്നെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ജെറി ഗ്രീൻബെർഗും അലൻ ഹെയ്‌മും ചേർന്നാണ്. അന്നെ ഡൂഡ്ലിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്..
✍sʏɴᴏᴘsɪs
■ അഡോൾഫ് ഹിറ്റ്ലറെന്ന ജർമ്മൻ സ്വേച്ഛാധിപതിയെ റോൾ മോഡലായി കാണുന്ന യുവാവായിരുന്നു ഡെറിക് വിൻയാർഡ്. കറുത്ത വർഗക്കാരെയും അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത മറ്റു വംശജരെയും അങ്ങേയറ്റം വെറുത്തിരുന്ന ഡെറിക്കിന്റെ കാർ ഒരു ദിവസം അർദ്ധരാത്രി കുറച്ച് കറുത്തവംശജർ തകർക്കുന്നു. കാര്യമറിഞ്ഞു ക്രുദ്ധനായി വീടിന് വെളിയിൽ വന്ന ഡെറിക് രണ്ട് കറുത്തവംശജരെ തൽസ്ഥലത്ത് വെച്ച് നിഷ്ടൂരമായി കൊലചെയ്യുന്നു. തുടർന്ന് വർഷങ്ങളോളം തടവിന് വിധിക്കപ്പെടുന്ന ഡെറിക് മൂന്ന് വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനാവുന്നു. പക്ഷേ, ജ്യേഷ്ഠനെ റോൾ മോഡലായി കാണുന്ന അനിയൻ ഡാനി വിൻയാർഡും തന്റെ അതേ പാത പിന്തുടരുന്നു എന്നറിയുന്ന ഡെറിക് ആകെ തകരുന്നു. ജയിൽ ജീവിതം അയാളുടെ ജീവിതത്തോടുള്ള കാഴ്ച്ചപ്പാട് ഒരുപാട് മാറ്റിയിരുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ഡെറിക് വിൻയാർഡായി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നത് എഡ്വേഡ് നോർട്ടനാണ്. ഡെറിക്കിന്റെ അനിയൻ ഡാനി വിൻയാർഡിന്റെ വേഷത്തിലെത്തിയ എഡ്വേഡ് ഫുർലോങ്ങും മോശമാക്കിയില്ല. ബെവേർലി D.എയ്ഞ്ചലോ (ഡോറിസ് വിൻയാർഡ്), ജെന്നിഫർ ലിയൻ (ഡേവീന വിൻയാർഡ്), ഏതൻ സുപ്ലീ (സേത് റയാൻ), ഫൈറൂസ ബൽഖ് (സ്റ്റേസി), ആവെറി ബ്രൂക്ക്സ് (ഡോ. ബോബ് സ്വീനി), എലിയട്ട് ഗൗൾഡ് (മുറേ), സ്റ്റേസി കീച്ച് (കാമെറോൺ അലക്സാണ്ടർ), വില്യം റൂസ് (ഡെന്നിസ് വിൻയാർഡ്), ഗയ് ടോറി (ലാമോണ്ട്), ജോസഫ് കോർട്ടീസ് (റാസ്മുസ്സൻ), അന്റോണിയോ ഡേവിഡ് ലിയോൺസ് (ലോറൻസ്), കെരാം മാലികി സാഞ്ചസ് (ക്രിസ്), ഗിസപ്പി ആൻഡ്രൂസ് (ജെയ്‌സൺ), ക്രിസ്റ്റഫർ മാസ്റ്റേഴ്സൺ (ഡാരിൽ ഡൗസൺ), പോൾ ലീമാറ്റ് (മക്മഹൻ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ എഡ്വേഡ് നോർട്ടന് മികച്ച നടനുള്ള ഓസ്കാർ നാമനിർദേശം നേടിക്കൊടുത്തിരുന്നു അമേരിക്കൻ ഹിസ്റ്ററി X. സേവിങ് പ്രൈവറ്റ് റയാൻ എന്ന ചിത്രത്തിലെ വേഷം ത്യജിച്ചിട്ടായിരുന്നു എഡ്വേഡ് നോർട്ടൻ ഈ സിനിമയിൽ അഭിനയിച്ചത്. തീവ്ര വെളുത്തവർഗ്ഗ പോരാളിയായിരുന്ന ഫ്രാങ്ക് മീൻകിന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നിർമ്മിച്ച കഥാപാത്രമായിരുന്നു ഡെറിക് വിൻയാർഡ്. തന്റെ പതിനേഴാം വയസ്സിൽ വർണ്ണവെറി കാരണം ഒരാളെ കൊലചെയ്‌തു മൂന്ന് വർഷം തടവുശിക്ഷ അനുഭവിച്ച ഫ്രാങ്ക് ഇപ്പോൾ വർണ്ണവെറിക്കെതിരെയുള്ള പ്രചാരണരംഗത്ത് മുൻപന്തിയിലുണ്ട്. ഈ സിനിമയിലെ പല രംഗങ്ങളും ഫ്രാങ്കിന്റെ ജീവിതത്തിൽ സംഭവിച്ചതാണ്.
8.6/10 . IMDb
83% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ