ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Muhammad: The Messenger Of God


Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ.


■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ മുഹമ്മദ്‌ നബിയുടെ അമ്മാവനും ഇസ്‌ലാമിന്റെ നാലാം ഖലീഫ അലിയുടെ പിതാവുമായ അബൂ ത്വാലിബിന്റെ മനസ്സംഘർഷങ്ങളിലൂടെയാണ് ചിത്രത്തിൻറെ പ്രയാണം. തന്റെ പ്രപിതാമഹന്മാർ അതുവരെ ആരാധിച്ച ദൈവങ്ങളുടെ കൂടെ നിൽക്കണോ അതോ തന്റെ പിതാവ് പൊന്നുപോലെ സംരക്ഷിക്കണമെന്ന് പറഞ്ഞേൽപ്പിച്ച തന്റെ സഹോദരപുത്രൻ മുഹമ്മദിന്റെ ദൈവത്തിനൊപ്പം നിൽക്കണോ എന്ന ആശയക്കുഴപ്പം അബൂസുഫ്യാനടക്കമുള്ള ഖുറൈശി പ്രമുഖരുമായുള്ള ചർച്ചയ്ക്കിടയിൽ അബൂ ത്വാലിബിനെ വല്ലാതെ കുഴക്കുന്നു. വൈകാതെ മുഹമ്മദ്‌ നബിയുടെ ഗൃഹം സന്ദർശിക്കാൻ പോകുന്ന അബൂത്വാലിബിന് മുഹമ്മദ്‌ നബി ഖുർആൻ പാരായണം ചെയ്യുന്നതായിരുന്നു കേൾക്കാൻ സാധിക്കുന്നത്. അൽ-ഫീൽ സൂറത്തായിരുന്നു മുഹമ്മദ്‌ നബി ഓതിക്കൊണ്ടിരുന്നത്. ആ സൂറത്ത് അബൂ ത്വാലിബിനെ മുഹമ്മദ്‌ നബി പിറക്കുന്നതിന്റെ ഒരു മാസം മുൻപ് കഅബ തകർക്കാൻ പടുകൂറ്റൻ സൈന്യവും ആനകളുമായി മക്കയെ ലക്ഷ്യമാക്കി വന്ന ഹബഷയുടെ ചക്രവർത്തി അബ്റഹത്തിന്റെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. അബ്റഹത്തിന്റെ ചരിത്ര സംഭവം കഴിഞ്ഞുള്ള മുഹമ്മദ്‌ നബിയുടെ ജനനം മുതൽ ഏതാണ്ട് പതിമൂന്നാം വയസ്സ് വരെയുള്ള ചരിത്രസംഭവങ്ങളുടെ ആകെത്തുകയാണ് സിനിമ പ്രതിപാദിക്കുന്നത്.


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ മഹ്ദി പക്‌ദേൽ (അബൂ ത്വാലിബ്), അലിറേസ ഷോജ നൗറി (അബ്ദുൽ മുത്തലിബ്), മുഹ്സിൻ തനബന്ദെ (സാമുവേൽ), സാറാ ബയാത് (ഹലീമ), മിനാ സാദാത്തി (ആമിന), ദാര്യസ് ഫർഹാങ് (അബൂ സുഫ്യാൻ), റാണ അസദിവാർ (ഉമ്മു ജമീൽ), ഹിദായത് ഹാഷിമി (ഹനാത്തി), സദേഖ് ഹാത്തിഫി (ബഹീറ), നെഗർ അബ്ദി (ഹനാത്തിയുടെ ഭാര്യ), ഹമീദ് റേസ താജ്ദൗലത് (ഹംസ), മുഹമ്മദ്‌ അസ്ഗരി (അബൂ ലഹബ്), പാന്റി മെഹദന്യ (ഫാത്തിമ), ജാഫർ ഗസെമി (ഹാരിത്), അറാഷ് ഫലഹ പിഷേ (അബ്റഹത്), നസ്രിൻ നുസ്രതി (ബെർക), ബഹാറെ സലേന്യ (തുവൈബ, അബൂ ലഹബിന്റെ ഭാര്യ) തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ ഇറാനിലെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നു മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡ്. മുഹമ്മദ്‌ നബിയോടുള്ള ആദരം കാരണവും ഇസ്ലാമിക ചരിത്രത്തിൽ വ്യക്തിപൂജയ്ക്ക് ഇടവരുത്തരുതെന്ന ഉദ്ദേശത്തോടെ മുഹമ്മദ്‌ നബിയുടെ മുഖം എവിടെയും വെളിപ്പെടുത്താത്തതുകൊണ്ടും മുഹമ്മദ്‌ നബിയുടെ കഥാപാത്രത്തിന്റെ മുഖം ചിത്രത്തിൽ ഒരു സ്ഥലത്തും കാണിച്ചിട്ടില്ല. എന്നിട്ടും ഈ സിനിമ പല വിവാദങ്ങൾക്കും ഇരയായി. ഈജിപ്തിലെ അൽഅസ്ഹർ സർവകലാശാല ഈ സിനിമ നിരോധിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടു. സൗദി ഗ്രാൻഡ് മുഫ്തിയും ഈ സിനിമയ്‌ക്കെതിരെ പ്രസ്താവന നടത്തി. ഇന്ത്യയിൽ തന്നെ റാസ അക്കാദമി സംവിധായകൻ മാജിദ് മജീദിക്കും സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനുമെതിരെ ഫത്‌വ പുറപ്പെടുവിച്ചു. ഈ സിനിമ  ഇന്ത്യയിൽ വിലക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു..



7.7/10 · IMDb




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...