The Song Of Sparrows » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ കഴിഞ്ഞ കുറച്ചു നാളുകളായി മാജിദ് മജീദി എന്ന സംവിധായകപ്രതിഭയ്ക്ക് പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സിനിമകൾ മനസ്സിനെ അത്രമാത്രം കീഴ്പ്പെടുത്തുന്നവയാണ്. മരുഭൂമി നിറഞ്ഞൊരു രാജ്യം മാത്രമാണ് ഇറാൻ എന്ന എന്റെ തെറ്റിദ്ധാരണയെ മാറ്റിമറിച്ചത് അദ്ദേഹത്തിന്റെ സിനിമകളാണ്. ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളെ തുറന്ന് കാണിക്കുന്നവയാണ് അദ്ദേഹത്തിന്റെ പല സിനിമകളും. പ്രമേയങ്ങൾ വളരെ സിംപിളാണ്. പക്ഷേ, പവർഫുൾ. പ്രകൃതിയുടെ മനോഹാരിതയും ജീവിതത്തിന്റെ സുഖങ്ങളും ഒട്ടുമറിയാതെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു കുടുംബനാഥന്റെ കഠിനാദ്ധ്വാനമേറിയ ജീവിതത്തിന്റെ കഥ പറയുകയാണ് മാജിദ് മജീദി ഇവിടെ. അയാളിൽ നമുക്ക് നമ്മുടെ പിതാവിനെ കാണാം, അല്ലെങ്കിൽ നമ്മളെ തന്നെ അനുഭവിക്കാം..
■ മാജിദ് മജീദി സംവിധാനം നിർവഹിച്ചിരിക്കുന്ന ഫാമിലി ഡ്രാമാ പേർഷ്യൻ ചിത്രമായ ദി സൗണ്ട് ഓഫ് സ്പാരോസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദിയും മെഹ്‌റാൻ കഷാനിയും ചേർന്നാണ്. തുറാജ് മൻസൂരി ഛായാഗ്രഹണവും ഹസ്സൻ ഹസ്സൻഡൂസ്ത് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഹുസൈൻ അലിസാദയാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്.
■ തന്റെ ഭാര്യ നർഗീസിനും മൂന്ന് മക്കൾക്കുമൊപ്പം ടെഹ്റാനിനടുത്തുള്ള ഒരു കൊച്ചുഗ്രാമത്തിൽ സന്തോഷത്തോടെ ജീവിച്ചുപോരുന്ന ഒരു ഗൃഹനാഥനായിരുന്നു കരീം. ഒരു ഒട്ടകപക്ഷി ഫാമിലെ ജീവനക്കാരനായിരുന്ന കരീമിന്റെ ജോലി അവിടന്ന് ഒരു ഒട്ടകപക്ഷി ഓടിപ്പോവുന്നതോടുകൂടി നഷ്ടമാകുന്നു. ഓടിപ്പോയ ഒട്ടകപ്പക്ഷിയെ കരീം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. തന്റെ ഭാര്യയേയും മക്കളെയും പോറ്റാൻ ഇനിയെന്ത് ചെയ്യണമെന്നറിയാതെ അന്തിച്ചു നിൽക്കുന്ന കരീം ഒരു ദിവസം തന്റെ ബധിരയായ മൂത്തമകൾ ഹനിയയുടെ ഹിയറിങ് എയ്ഡ് റിപ്പയർ ചെയ്യാൻ വേണ്ടി ടെഹ്‌റാൻ നഗരത്തിലെത്തുന്നു. അവിടെ അപ്രതീക്ഷിതമായി തന്റെ ബൈക്ക് ഒരു ടാക്സിയായി ഓടിക്കേണ്ടി വന്ന അയാൾ അത് ജീവിതമാർഗമാക്കി മാറ്റുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ കരീം എന്ന ഗൃഹനാഥന്റെ വേഷം അവിസ്മരണീയമാക്കിയിരിക്കുകയാണ് റേസാ നജി. കരീമിന്റെ ഭാര്യ നർഗീസായി അഭിനയിച്ചിരിക്കുന്നത് മറിയം അക്ബരിയാണ്. കരീമിന്റെ മകൻ ഹുസൈനായി ഹാമിദ് അഗാസിയും മൂത്തമകൾ ഹനിയയായി ശബ്നം അഖ്ലാഖിയും ചെറിയ മകൾ സാറയായി നെഷാത് നസരിയും അഭിനയിച്ചിരിക്കുന്നു. കമ്രാൻ ദേഹ്ഗൺ (അബ്ബാസ്), ഹസ്സൻ റേസ (റംസാൻ), പൊന്യ സലേഹി (പൊന്യ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ ധാരാളം ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള പുരസ്കാരങ്ങളുൾപ്പെടെ വാരിക്കൂട്ടിയ ചിത്രമായിരുന്നു ദി സോങ് ഓഫ് സ്പാരോസ്. 2009ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്‌കാരത്തിന് ഇറാന്റെ ഔദ്യോഗിക നോമിനിയായിരുന്നു ഈ ചിത്രം.
7.9/10 . IMDb
98% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ