The Willow Tree » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ദൈവം നമുക്ക് തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് കാഴ്ച്ചശക്തി. അല്ല എന്ന് കാഴ്ച്ചയുള്ളവർ ചിലപ്പോൾ പറഞ്ഞേക്കാം, പക്ഷേ കാഴ്ച്ചയില്ലാത്തവർ ഒരിക്കലും അത് പറയില്ല. വർഷങ്ങളായി കാഴ്ച്ചയില്ലാതിരുന്ന ഒരാൾക്ക് പെട്ടെന്നൊരു ദിവസം അത് തിരിച്ചുകിട്ടിയാൽ അയാളുടെ പ്രതികരണമെന്തായിരിക്കും? ജനിച്ചപ്പോൾ തന്നെ കേൾവി ശക്തിയില്ലാതിരുന്ന നിഷാദിന് കോമഡി ഉത്സവത്തിന്റെ വേദിയിൽ വെച്ച് ഹിയറിങ് എയ്ഡ് വെച്ച് കേൾക്കാൻ സാധിച്ചപ്പോൾ അയാൾക്കും അയാളുടെ കുടുംബത്തിനുമുണ്ടായ സന്തോഷം എല്ലാ മലയാളികളും നേരിട്ട് അനുഭവിച്ചതാണല്ലോ. ദി വില്ലോ ട്രീ പറയുന്നത് ഒരു അന്ധന്റെ കഥയാണ്. ജീവിതയാത്രയുടെ മദ്ധ്യേ കാഴ്ച്ചയെന്ന അനുഗ്രഹത്തെ അനുഭവിക്കാൻ കഴിഞ്ഞ ഒരു മധ്യവയസ്കന്റെ കഥ..
■ മാജിദ് മജീദി സംവിധാനം നിർവ്വഹിച്ച ഫാമിലി ഡ്രാമാ പേർഷ്യൻ ചിത്രമാണ് ദി വില്ലോ ട്രീ. മാജിദ് മജീദി, ഫുവാദ് നഹാസ്, നാസർ ഹാഷിംസാദ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മഹമൂദ് കലാരി, ബഹ്റാം ബദക്ഷനി, മുഹമ്മദ് ദാവൂദി എന്നിവർ ഛായാഗ്രഹണവും ഹസ്സൻ ഹസ്സൻഡൂസ്ത് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. അഹ്‌മദ് പെജ്‌മാനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ തന്റെ എട്ടാംവയസ്സിൽ ഒരു വെടിക്കെട്ടപകടത്തിൽ പെട്ട് കാഴ്ച്ച നഷ്ടപ്പെട്ടയാളായിരുന്നു യൂസഫ്. കാഴ്ച്ച ഇല്ലാതിരുന്നിട്ടും അയാൾ കഠിനാദ്ധ്വാനത്തിലൂടെ ഒരു സർവകലാശാലാ പ്രൊഫസർ വരെയായി. എങ്കിലും കാഴ്ച്ചയെന്ന അനുഗ്രഹത്തെ തനിക്ക് നിഷേധിച്ച ദൈവത്തെ അയാൾ പലപ്പോഴും പഴിച്ചുകൊണ്ടിരുന്നു. കാഴ്ച്ചയില്ലെങ്കിലും തന്റെ ഭാര്യ റോയയ്ക്കും മകൾക്കുമൊപ്പം സന്തോഷകരമായ ജീവിതമായിരുന്നു അയാളുടേത്. റോയ ഒരു മാതാവിനെപ്പോലെ തന്റെ ഭർത്താവിനെ പരിചരിച്ചു. പക്ഷേ, അയാളെ ദൗർഭാഗ്യം പിന്നെയും പിന്തുടരുകയായിരുന്നു. കണ്ണിനുള്ളിൽ ട്യൂമർ വന്ന് കണ്ണ് നീക്കം ചെയ്യേണ്ട അവസ്ഥയിൽ യൂസുഫ് എത്തി. കാഴ്ച്ച നിഷേധിച്ചിട്ടും തന്നെ പരീക്ഷിച്ചുകൊണ്ടിരുന്ന ദൈവത്തെ വീണ്ടും അയാൾ പഴിച്ചു. കണ്ണിന് ശസ്ത്രക്രിയ നടത്താൻ പാരീസിലെ പ്രശസ്തമായ ഹോസ്പിറ്റലിലേക്ക് അയാൾ പുറപ്പെട്ടു. അവിടെ വെച്ചാണ് അയാൾ മറ്റൊരു ഇറാനുകാരനായ മുർത്താസയെ പരിചയപ്പെടുന്നത്. അതേ ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് വന്നതായിരുന്നു അയാളും. വില്ലോ മരം ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിച്ചിരുന്ന മുർത്താസ, യൂസുഫിനെയും കൊണ്ട് വില്ലോമരങ്ങൾ തിങ്ങിനിറഞ്ഞ ആശുപത്രി പരിസരങ്ങളിലൂടെ കളിയും കാര്യവും പറഞ്ഞു സമയം ചിലവഴിച്ചു. യൂസുഫിന്റെ കണ്ണിലെ ട്യൂമർ നീക്കിയ ഡോക്ടർമാർ കോർണിയ മാറ്റിവെച്ചാൽ യൂസുഫിന് കാഴ്ച്ച തിരിച്ചുകിട്ടാൻ സാധ്യതയുണ്ടെന്ന് വിധിക്കുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ പർവേസ് പരഷ്ത്തൂവാണ് പ്രൊഫസർ യൂസുഫായി ഞെട്ടിക്കുന്ന പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നത്. യൂസഫിന്റെ ഭാര്യ റോയയായി റോയ തൈമൂറിയൻ വേഷമിട്ടിരിക്കുന്നു. അഫറിൻ ഒബീസി (മാതാവ്), റേസ നജി (മുർത്താസ), മെലിക ഇസ്‌ലാഫി (മറിയം), ലൈല ഒറ്റാഡി (പരി), മഹ്‌മൂദ് ബെഹ്‌റസ്നിയ (മഹ്‌മൂദ്), ഇബ്രാഹിം ഒറ്റാഡി (മെഹ്ദി), ഫുവാദ് നഹാസ് (ഡോ. റോക്), അഹ്‌മദ് ഗവാഹരി (കഷാനി), ദൗലത് ആസാദി (പുയ) തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ ദി വില്ലോ ട്രീയിലെ അഭിനയത്തിലൂടെ പർവേസ് പരഷ്ത്തൂ ഫജ്ർ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. മാജിദ് മജീദിയുടെ ദി വില്ലോ ട്രീ ഒരു ഓർമ്മപ്പെടുത്തലാണ്. തമസോമാ ജ്യോതിർഗമയാ എന്ന് നമ്മൾ പലപ്പോഴും ദൈവത്തോട് പ്രാർത്ഥിക്കും. "ഇരുട്ടിൽ നിന്നും ഞങ്ങളെ വെളിച്ചത്തിലേക്ക് നയിക്കേണമേ" എന്ന്. പക്ഷേ, വെളിച്ചത്ത് നിൽക്കുന്നവന് ഒരിക്കലും വെളിച്ചമെന്ന അനുഗ്രഹത്തെ അനുഭവിക്കാൻ സാധിക്കുന്നില്ല..
7.5/10 . IMDb
88% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ