Njan Prakashan » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളത്തിന്റെ "പ്രകൃതി നടൻ" എന്ന വിശേഷണം കരസ്ഥമാക്കിയ നായകനടനാണ് ഫഹദ് ഫാസിൽ. കൈയ്യെത്തും ദൂരത്ത് എന്ന പടത്തിലെ ദുരന്ത അഭിനയത്തിന് ശേഷം വെള്ളിത്തിരയിൽ നിന്നും പിൻവലിഞ്ഞ ഫഹദിന്റെ രണ്ടാംവരവ് പലരെയും ഞെട്ടിപ്പിച്ചുകൊണ്ടായിരുന്നു. ചാപ്പാകുരിശ്, 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്‌ലേസ്.. അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിലെ അത്യുഗ്രൻ പ്രകടനങ്ങൾ. ഫാസിൽ എന്ന ചലച്ചിത്രകാരൻ മലയാളസിനിമയ്ക്ക് നൽകിയ ഏറ്റവും വലിയ വാഗ്ദാനം മോഹൻലാൽ എന്ന നടനെയല്ല, അത് ഫഹദ് ഫാസിൽ എന്ന മകനെ മലയാളസിനിമയ്ക്ക് സമ്മാനിച്ചതാണെന്ന് കുറഞ്ഞ നാളുകൾ കൊണ്ട് ഫഹദ് തിരുത്തിപ്പറയിച്ചു. ഫഹദിന്റെ പ്രകൃതി നടൻ എന്ന പട്ടത്തിലേക്കുള്ള വഴി തുടങ്ങുന്നത് ദിലീഷ് പോത്തൻ സംവിധാനം നിർവഹിച്ച മഹേഷിന്റെ പ്രതികാരമായിരുന്നെങ്കിലും സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച ഒരു ഇന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർത്ഥൻ എന്ന യുവരാഷ്ട്രീയ നേതാവ് ഫഹദിന്റെ സ്വാഭാവികാഭിനയ പാടവത്തിലെ നാഴികക്കല്ലായിരുന്ന കഥാപാത്രമായിരുന്നെന്ന് തന്നെ പറയാം. ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം സത്യൻ അന്തിക്കാടും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ കുറച്ചൊന്നുമായിരിക്കില്ലല്ലോ. അതുല്യ ചലച്ചിത്രകാരൻ ശ്രീനിവാസന്റെ തിരക്കഥ കൂടിയാവുമ്പോഴോ? ഞാൻ പ്രകാശൻ പ്രതീക്ഷക്കൊത്തുയർന്നോ എന്ന് നമുക്കൊന്ന് നോക്കാം..
■ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച കോമഡി ഡ്രാമ മലയാള ചിത്രമാണ് ഞാൻ പ്രകാശൻ. എസ്. കുമാർ ഛായാഗ്രഹണവും കെ. രാജഗോപാൽ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഷാൻ റഹ്‌മാനാണ് ഞാൻ പ്രകാശനിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. പാട്ടുകൾ ഒന്നും മോശം എന്ന് പറയാനുള്ള തരത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും പഴയ സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ മനോഹര ഗാനങ്ങളുടെ നിലവാരത്തിലെത്തിയോ എന്നത് സംശയമാണ്. മനസ്സിൽ തങ്ങി നിൽക്കാനുള്ള ശക്തി ഞാൻ പ്രകാശനിലെ ഗാനങ്ങൾക്കുണ്ടായിരുന്നില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷേ പാട്ടുകളൊന്നും സിനിമയുടെ ഒഴുക്കിന് യാധൊരു തടസ്സവും ഉണ്ടാക്കിയില്ല.
✍sʏɴᴏᴘsɪs
■ ഞാൻ പ്രകാശൻ, പ്രകാശൻ എന്ന നാട്ടിൻപുറത്തുകാരന്റെ മാത്രം കഥയാണ്. സിനിമ സഞ്ചരിക്കുന്നത് അയാളോടൊപ്പമാണ്. അയാളോടൊപ്പം മാത്രമാണ്. ചില്ലറ ഉഡായിപ്പുകളും ഒരു തനി നാട്ടിൻപുറത്തുകാരന്റെ അസൂയയും കുശുമ്പും വേണ്ടുവോളമുള്ളൊരു കഥാപാത്രമാണ് പ്രകാശൻ. നാട്ടിൽ "ബെസർപ്പിന്റെ" അസുഖമുള്ള മലയാളികൾ പ്രവാസത്തിൽ ചെന്നാൽ പട്ടിയെ പോലെ പണിയെടുക്കും എന്ന് പറഞ്ഞതുപോലെയുള്ള ഒരു ടിപ്പിക്കൽ മലയാളി തന്നെയാണ് പ്രകാശനും. ഒരു മെയിൽ നഴ്‌സായ പ്രകാശന് എല്ലാ ശരാശരി നാട്ടിൻപുറത്തെ ചെറുപ്പക്കാരെയും പോലെ വിദേശത്ത് ജോലി ചെയ്ത് കാശുകാരനാവണം എന്നത് തന്നെയായിരുന്നു മോഹം. തന്റെ പ്രകാശൻ എന്ന പഴഞ്ചൻ പേര് ഇഷ്ടപ്പെടാത്തതുകൊണ്ട് P.R.ആകാശ് എന്ന സ്വത്വം സ്വീകരിക്കുന്നു പ്രകാശൻ. ആശുപത്രിയിൽ നഴ്സായുള്ള തന്റെ ജോലിക്കിടയിൽ ഒരു പെൺകുട്ടിയെ ശുശ്രൂഷിക്കേണ്ടി വരുന്നത് പ്രകാശന്റെ ജീവിതത്തെ മാറ്റിമറിക്കുകയാണ്..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ പ്രകാശൻ എന്ന തനി നാട്ടിൻപുറത്തുകാരനെ ഗംഭീരമായി അവതരിപ്പിച്ചു ഫഹദ് ഫാസിൽ തന്റെ "പ്രകൃതി നടൻ" പട്ടം കാത്തുസൂക്ഷിച്ചിട്ടുണ്ട്. തൊണ്ണൂറുകളിലെ ലാലേട്ടനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഫഹദിന്റെ മാനറിസങ്ങൾ. തിയറ്റർ വിട്ടുപോരുമ്പോൾ പ്രകാശനും കൂടെപ്പോരും എന്നത് തീർച്ച. ശ്രീനിവാസന്റെ ഗോപാൽജിയുടെ നർമ്മങ്ങൾ സ്വതസിദ്ധമായ ചിരിപടർത്തും. ആദ്യാന്ത്യം പ്രകാശന്റെ കഥയായതുകൊണ്ട് തന്നെ നായികാപ്രാധാന്യം പറയാൻ തക്കതില്ല. നിഖില വിമൽ (സലോമി), അഞ്ചു കുര്യൻ (ശ്രുതി) എന്നിവരാണ് പ്രധാന നായികമാർ. മീനൂട്ടിയെ അവതരിപ്പിച്ച പുതുമുഖ നടിയുടെ പേരോർമ്മയില്ല (ദേവിക സഞ്ജയ് ആണോ) KPAC ലളിത (പോളി), അനീഷ് ജി. മേനോൻ, മഞ്ജു സുനിജൻ, സബിത ആനന്ദ്, വീണ നായർ, ജയശങ്കർ, മഞ്ജുള, മഞ്ജുഷ, മുൻഷി ദിലീപ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ നാട്ടിൻപുറത്തെ നന്മനിറഞ്ഞ മനസ്സുകളും സ്ഥിരം സന്ദേശം നൽകുന്ന ക്ലൈമാക്‌സും ഉള്ള തനി സത്യൻ അന്തിക്കാട് ചിത്രം തന്നെയാണ് ഞാൻ പ്രകാശനും. പ്രേക്ഷകർ ഒരു സത്യൻ അന്തിക്കാട് സിനിമയിൽ നിന്നും എന്ത് പ്രതീക്ഷിക്കുന്നുവോ അത് കൃത്യനായി നൽകാൻ സത്യേട്ടന് ഇവിടെയും സാധിച്ചിട്ടുണ്ട്. ഒട്ടും ബോറടിപ്പിക്കാതെ പറഞ്ഞുപോകുന്ന ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ. ടിക്കറ്റ് പൈസ മുതലായി എന്ന് മനസ്സ് നിറഞ്ഞുകൊണ്ട് പ്രേക്ഷകന് തിയറ്റർ വിടാം..
Rating . 4/5
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ