Odiyan » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ അങ്ങനെ ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം ഒടിയൻ മാണിക്യൻ കേരളത്തിലെത്തി. പക്ഷേ, ഒന്നര വർഷത്തെ പ്രേക്ഷകരുടെ കാത്തിരിപ്പിനും സംവിധായകൻ ശ്രീകുമാർ മേനോന്റെ തള്ളലിനും അർത്ഥമുണ്ടായോ..
■ ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വി.എ. ശ്രീകുമാർ മേനോൻ സംവിധാനം നിർവ്വഹിച്ച മിസ്റ്ററിക് ഫാന്റസി ത്രില്ലർ മലയാള ചിത്രമാണ് ഒടിയൻ. ഹരികൃഷ്ണനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഒടിയനിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. സാം സി.എസ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നു.
✍sʏɴᴏᴘsɪs
■ പതിറ്റാണ്ടുകൾക്ക് മുൻപ്, അഥവാ വൈദ്യുതിയുടെ പ്രചാരത്തിന് മുൻപ് മധ്യ കേരളത്തിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ഒരു അതിമാനുഷിക വിദ്യയാണ് ഒടി മറിയൽ. തനിക്ക് ഇഷ്ടപ്പെട്ട ഏത് മൃഗത്തിന്റെയും രൂപത്തിലേക്ക് മാറി തന്റെ ശത്രുക്കളെ നിഷ്കരുണം വധിച്ചിരുന്നു ഒടിയനായി മാറാൻ കഴിയുന്ന മനുഷ്യന് എന്ന് വിശ്വസിക്കപ്പെട്ടിരുന്നു. ആ മിത്തിന് പിന്നാലെയാണ് ഒടിയനെന്ന ലാലേട്ടൻ ചിത്രത്തിൻറെ സഞ്ചാരം. പതിനഞ്ച് വർഷത്തിന് ശേഷം തേങ്കുറിശ്ശിയിലേക്ക് മടങ്ങി വരുന്ന മാണിക്യൻ. മാണിക്യൻ എന്തിന് തേങ്കുറിശ്ശി വിട്ടു എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് ചിത്രത്തെ നയിക്കുന്നത്. അയാൾ മടങ്ങി വരാനും ചില കാരണങ്ങളുണ്ടായിരുന്നു. ഒടിയൻ മാണിക്യന്റെ രണ്ട് കാലഘട്ടത്തിലുള്ള കഥകൾ മാറി മാറി തിരശ്ശീലയിലെത്തുന്നു. പക്ഷേ അത് മിശ്രണം ചെയ്യുന്നതിൽ സംവിധായകന് എവിടെയൊക്കെയോ പാളിച്ച പറ്റിയിട്ടുണ്ടെന്നാണ് വിശ്വാസം..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രം ലാലേട്ടന്റെ കൈയ്യിൽ ഭദ്രമായിരുന്നു. മാണിക്യന്റെ രണ്ട് കാലഘട്ടത്തിലുള്ള രൂപാന്തരം ലാലേട്ടൻ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, ലാലേട്ടന്റെ മാസ്സ് പ്രതീക്ഷിച്ചു പോകുന്നവർ തിയേറ്ററിന് പുറത്ത് നിൽക്കുന്നതായിരിക്കും അഭികാമ്യം. മഞ്ജു വാര്യർ അവതരിപ്പിച്ച നായികാ കഥാപാത്രം പ്രഭയും തരക്കേടില്ലായിരുന്നു. പ്രകാശ് രാജ് അവതരിപ്പിച്ച രാവുണ്ണിയും സിദ്ദീഖ് അവതരിപ്പിച്ച ദാമോദരൻ നായരുമാണ് എടുത്ത് പറയാൻ തക്കതായുള്ള വേറെ കഥാപാത്രങ്ങൾ. ഇന്നസെന്റ് (ഗോപി മാഷ്), മനോജ് ജോഷി (മുത്തപ്പൻ), നന്ദു (എഴുത്തച്ഛൻ), നരെയ്ൻ (പ്രകാശൻ), കൈലാഷ് (രവി), സന അൽത്താഫ് (മീനാക്ഷി), സന്തോഷ് കീഴാറ്റൂർ (വാസുദേവൻ) തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ ഒടിയൻ മാണിക്യന്റെ അവതരണത്തിനായി കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന പ്രേക്ഷകരെ തീർത്തും നിരാശപ്പെടുത്തുന്നതാണ് ഒടിയൻ. സംവിധായകൻ ശ്രീകുമാർ മേനോൻ കൊടുത്ത ഓവർ എക്സ്പെക്റ്ററേഷനും ഒടിയന് തിരിച്ചടിയായി. കഥയുടെ ഒഴുക്കിന് തടസ്സമാവുന്നതായിരുന്നു ജയചന്ദ്രൻ സംഗീതം ചെയ്ത പാട്ടുകൾ പോലും. മാനം തുടുക്കണ് എന്ന പാട്ട് മാത്രമേ കേൾക്കാനും ഒരു ഇമ്പമുണ്ടായിരുന്നുള്ളൂ. പീറ്റർ ഹെയ്ൻ എന്ന വിശ്വവിഖ്യാത സംഘട്ടന സംവിധായകന്റെ മേൽനോട്ടത്തിലുള്ള ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും ശരാശരിയിൽ ഒതുങ്ങുന്നതായിരുന്നു. നിരാശപ്പെടുത്തുന്ന ആദ്യ പകുതിയും ലോകോത്തരം എന്ന് സംവിധായകൻ വിശേഷിപ്പിച്ച ഗ്രാഫിക്സിന്റെ നിലവാരമില്ലാഴ്മയും ഒടിയനെ തളർത്തി എന്ന് ഒറ്റ വാക്കിൽ പറയാം.
Rating . 2.5/5
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ