Irupathiyonnam Noottandu » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലും സുരേഷ് ഗോപിയുമൊന്നിച്ച കഴിഞ്ഞ നൂറ്റാണ്ടിലെ സൂപ്പർഹിറ്റ് മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു കെ. മധുവിന്റെ സംവിധാനത്തിൽ 1987ൽ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട്. മോഹൻലാലിന്റെ നായക കഥാപാത്രം സാഗർ ഏല്യാസ് ജാക്കിയും വില്ലനായി വന്ന സുരേഷ് ഗോപിയുടെ ശേഖരൻകുട്ടിയും മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളാണ്. ഇരുപതാംനൂറ്റാണ്ട് കടന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കെത്തുമ്പോൾ നായകനായി ലാലേട്ടന്റെ മകൻ പ്രണവും സുരേഷ് ഗോപിയുടെ മകൻ ഗോകുലമാവുമ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു. മാത്രവുമല്ല, പ്രണവിന്റെ ആദ്യ ചിത്രം ആദി ഒരു സൂപ്പർഹിറ്റ് കൂടിയാവുമ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രതീക്ഷക്കൊത്തുയർന്നോ എന്ന് നമുക്കൊന്ന് പരിശോധിക്കാം.
■ രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അരുൺ ഗോപി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ആക്ഷൻ അഡ്വഞ്ചർ മലയാള ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. പാട്ടുകൾ ഒന്നുപോലും ഓർത്തുവെക്കാനുള്ളതില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രമായതുകൊണ്ട് തന്നെ ഇതിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫർമാരായ പീറ്റർ ഹെയ്നെയും സുപ്രീം സുന്ദറേയും സ്മരിക്കാൻ മറക്കുന്നില്ല. ആക്ഷന് അഞ്ചിൽ നാല് മാർക്ക് നൽകുന്നു. ട്രെയിനിന് ഉള്ളിൽ വെച്ചുള്ള അടിയിൽ മുഴുവനും സ്‌കോർ ചെയ്ത പ്രണവ് ട്രെയിനിന് പുറത്തുപോയി അടിച്ചപ്പോഴാണ് ഒരു മാർക്ക് നഷ്ടപ്പെട്ടത്.
✍sʏɴᴏᴘsɪs
■ ഗോവൻ പശ്ചാത്തലത്തിലൊരുങ്ങിയ ഇരുപതാം നൂറ്റാണ്ടിലെ രംഗങ്ങൾ അഭിനന്ദൻ രാമാനുജം അതിമനോഹരമായി ക്യാമറയിൽ പകർത്തിയിട്ടുണ്ട്, പ്രത്യേകിച്ച് ഗോവയുടെ ദൃശ്യഭംഗി. ഗോവയിൽ ഒരു പുതുവത്സര ആഘോഷത്തിൽ നിന്നും സിനിമ തുടങ്ങുന്നു. കാശിന്റെ ബുദ്ധിമുട്ടിൽ നട്ടം തിരിയുന്ന മക്രോണി എന്ന മൈക്കൽ റോണി. അവന്റെ കൂട്ടുകാരൻ, ഗോവയിൽ ജീവിക്കുന്ന അപ്പുവിന്റെയും കുടുംബത്തിന്റെയും ജീവിതത്തിലേക്ക് ക്യാമറ തിരിയുന്നു. പുതുവത്സരാഘോഷത്തിന്റെ തുടർച്ചയിൽ അപ്പുവിന്റെ ജീവിതത്തിലേക്ക് സായ എന്നൊരു പെൺകുട്ടി കടന്നുവരുന്നു. അവർ തമ്മിലുള്ള പ്രണയമാണ് പിന്നീട് സിനിമയെ നയിക്കുന്നത്. ഗോവയിലെ മുൻ ഗുണ്ടാസംഘാംഗമായിരുന്നു അപ്പുവിന്റെ അച്ഛൻ ബാബ. ആദ്യപകുതിയിൽ അപ്പുവിന്റെയും സായയുടെയും പ്രണയവും അപ്പുവിന്റെ സർഫിങ്ങുമൊക്കെയായി വളരെ സാവധാനം നീങ്ങുന്ന സിനിമ രണ്ടാം പകുതിയിൽ നന്നാവുമെന്ന് ഞാൻ കരുതി, ആ പ്രതീക്ഷയെ പിന്തുണയ്ക്കുന്നതായിരുന്നു ചിത്രത്തിൻറെ ഇന്റർവെൽ ബ്രേക്കിട്ടു നിർത്തിയത്. പക്ഷേ രണ്ടാം പകുതി ആദ്യ പകുതിയേക്കാൾ വേഗത്തിലായോ എന്ന് ചോദിച്ചാൽ സ്പീഡ് ഗവർണർ ഘടിപ്പിച്ച വണ്ടിയുടെ ആക്‌സിലേറ്ററിൽ എത്ര അമർത്തി ചവിട്ടിയാലും വല്ല കാര്യോണ്ടോ. ത്രസിപ്പിക്കുന്ന ഒരു നിമിഷം പോലും സമ്മാനിക്കാൻ ചിത്രത്തിന് സാധിച്ചില്ല എന്ന് പറയേണ്ടി വരും സത്യസന്ധമായി പറയുകയാണെങ്കിൽ..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ പ്രണവ് മോഹൻലാൽ അപ്പുവെന്ന കഥാപാത്രത്തോട് നീതിപൂർവ്വമാണോ പെരുമാറിയത് എന്നതിന്റെ ഉത്തരം ഇല്ല എന്ന് തന്നെയാണ്. പ്രണവിലെ ആക്ഷൻ ഹീറോ കൊള്ളാം. ട്രെയിനിലുള്ളിലെ ആക്ഷൻ സീക്വൻസ് ഒക്കെ കിടിലം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം പക്ഷേ, ഡയലോഗ് ഡെലിവറിയിൽ പ്രണവിനെ "എങ്കെ വിട്ടെയോ അങ്കേ താൻ നിക്കിറെ." വോയ്‌സ് മോഡുലേഷനിൽ ആദിയിലേതിനേക്കാൾ ശോകമാണ് പ്രണവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ. സായയായി വന്ന പുതുമുഖം റേച്ചൽ ഡേവിഡ് തരക്കേടില്ലാത്ത പ്രകടനമായിരുന്നു. അപ്പുവിന്റെ സുഹൃത്ത് മക്രോണിയായി വേഷമിട്ട അഭിരവ് ജനനും മോശമില്ലാത്ത പ്രകടനമായിരുന്നു. മനോജ് കെ. ജയൻ അവതരിപ്പിച്ച ബാബയും കലാഭവൻ ഷാജോൺ അവതരിപ്പിച്ച അബൂസിയും ലുക്കിൽ കിടിലമായിരുന്നെങ്കിൽ പ്രകടനം ശരാശരിയായിരുന്നു. "ലുക്കിലല്ലല്ലോ.. വർക്കിലല്ലേ കാര്യം." പടം ഇറങ്ങുന്നതിന് മുൻപ് വൻ ഹൈപ്പിൽ പറഞ്ഞിരുന്ന ഗോകുൽ സുരേഷിന്റെ കഥാപാത്രം ഫ്രാൻസിസ് കാമിയോ റോളിൽ ഒതുങ്ങി. ധർമജൻ ബോൾഗാട്ടി (ഗോഡ്‌വിൻ), ടിനി ടോം (എ.സി.പി. മജീദലി), മേഘ തോമസ് (എലിസബത്ത്), മാല പാർവതി, ബിജുക്കുട്ടൻ, സിദ്ദീഖ്, ഇന്നസെന്റ്, ആന്റണി പെരുമ്പാവൂർ, ശ്രീധന്യ, വിനോദ് കെടാമംഗലം, അഭിഷേക് രവീന്ദ്രൻ, ഹരീഷ് രാജ്, നെൽസൻ ശൂരനാട്, ഷാജു, ജി. സുരേഷ് കുമാർ തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവിന്റെ അപ്പു പറയുന്നൊരു ഡയലോഗുണ്ട്. അതിനെ സ്മരിക്കുന്നു. "അപ്പന്റെ ചരിത്രം അപ്പന്.." എന്തെന്നാൽ, അച്ഛൻ ആനപ്പാപ്പാനാണെന്ന് കരുതി മകന്റെ പിന്നാമ്പുറത്ത് തഴമ്പുണ്ടായിക്കൊള്ളണമെന്നില്ലല്ലോ. അപ്പന്റെ റെയ്ബാൻ ഗ്ലാസ്സ് വെച്ചാൽ മകൻ ആടുതോമയാവില്ല. ആ അപ്പന്റെ ചരിത്രം ആവർത്തിക്കണമെങ്കിൽ ഈ മകൻ ഒരുപാട് വിയർക്കേണ്ടി വരും..
2.25/5 . MyRating
Riγαs Ρυliκκαl
നന്ദി മച്ചൂ. കാണണമെന്ന് കരുതിയതാണ് .ഇനിയില്ല. "ആ കാശ് & സമയം ലാഭമായി".😆
മറുപടിഇല്ലാതാക്കൂ