The Hunt » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ കുട്ടികൾ നിഷ്കളങ്കരാണ്. 'പിള്ള മനസ്സിൽ കള്ളമില്ല' എന്നാണ് പല മാതാപിതാക്കളുടെയും ധാരണ. പക്ഷേ, കുട്ടികൾ മുതിർന്നവരെ വെല്ലുന്ന വിധത്തിൽ കളവ് പറയും എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. നാളുകൾക്ക് മുൻപ് കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ ഉണ്ടായി എന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണങ്ങൾ ഉണ്ടായപ്പോൾ പോലീസ് അന്വേഷണമാരംഭിച്ചു. പല കുട്ടികളും തങ്ങൾ തട്ടിക്കൊണ്ടുപോകപ്പെട്ടു, അതിൽ നിന്നും രക്ഷപ്പെട്ടതാണ് എന്നൊക്കെ പറഞ്ഞപ്പോൾ എല്ലാവരും അത് വിശ്വസിച്ചിരുന്നു. പക്ഷേ പോലീസ് അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകൽ കേസുകളിൽ പലതും കുട്ടികളുടെ ഭാവനകളാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് വെളിപ്പെട്ടത്. കുട്ടികൾക്കും സ്ത്രീകൾക്കുമായി ശക്തിയേറിയ നിയമങ്ങളാണ് നമ്മുടെ രാജ്യത്തടക്കം ഉള്ളത്. ഇവിടെയെല്ലാം അവരുടെ മൊഴികളാണ് ആധികാരികം, അവർ ചൂണ്ടിക്കാണിക്കുന്നവരാണ് പ്രതി. ഒരു ദൃക്‌സാക്ഷിയുടെ ആവശ്യം പോലുമില്ല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനുണ്ടാക്കിയ ശക്തമായ ഇതുപോലെയുള്ള പല നിയമങ്ങളും പലതരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നതാണ് സത്യം. ഈ സിനിമയുടെ ഇതിവൃത്തവും അതുതന്നെയാണ്. ചെറിയൊരു ഇതിവൃത്തത്തെ അതിശക്തമായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. പേര് പോലെ തന്നെ ഈ സിനിമ നിങ്ങളെ വേട്ടയാടും..
■ തോമസ് വിന്റർബെർഗ് സംവിധാനം നിർവഹിച്ച മിസ്റ്ററി ഡ്രാമ ഡാനിഷ് ചിത്രമാണ് ദി ഹണ്ട്. സംവിധായകൻ വിന്റർബെർഗും തോബിയാസ് ലിന്തോമുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷാർലറ്റ് ബ്രൂസ് ക്രിസ്റ്റൻസൺ ഛായാഗ്രഹണവും ആനി ഓസ്റ്ററോഡ്, ജാനുസ് ബില്ലെസ്കോവ് ജാൻസൺ എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. നിക്കോലാജ് എഗെലുണ്ടിന്റെ വിസ്മയിപ്പിക്കുന്ന പശ്ചാത്തല സംഗീതം കൊണ്ട് സമ്പന്നമാണ് സിനിമയിലെ പല സീനുകളും.
✍sʏɴᴏᴘsɪs
■ ഡെന്മാർക്കിലെ ചെറിയൊരു ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം. ലൂക്കാസ് ഒരു കിൻഡർഗാർട്ടൻ സ്കൂളിലെ അദ്യാപകനാണ്. വിദ്യാർത്ഥികളായ കൊച്ചുകുട്ടികൾക്കും അദ്യാപകർക്കും ഒരുപോലെ പ്രിയപ്പെട്ടവൻ. തന്റെ ഭാര്യയുമായി വിവാഹമോചനം കഴിഞ്ഞ ശേഷം ഗ്രാമത്തിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നു. പക്ഷേ അയാളുടെ കൗമാരക്കാരനായ മകൻ മാർക്കസിന് അച്ഛനൊപ്പം താമസിക്കാനായിരുന്നു ഇഷ്ടം. ലൂക്കാസിന്റെ ഉറ്റസുഹൃത്ത് തിയോയുടെ അഞ്ചുവയസ്സുകാരിയായ മകൾ ക്ലാര പഠിക്കുന്നത് ലൂക്കാസ് പഠിപ്പിക്കുന്ന സ്‌കൂളിലായിരുന്നു. മാതാപിതാക്കൾ തമ്മിൽ വാഗ്വാദമുണ്ടാകുമ്പോഴും അവർ തിരക്കിലായിരിക്കുമ്പോഴുമൊക്കെ ലൂക്കാസായിരുന്നു ക്ലാരയെ സ്‌കൂളിലേക്ക് കൊണ്ടുപോയിരുന്നത്. ഇതുകൊണ്ട് തന്നെ ക്ലാരയുടെ കൊച്ചുമനസ്സിൽ ലൂക്കാസിനോടൊരു പ്രേമം മൊട്ടിട്ടു. അവൾ ഒരു ദിവസം ഹൃദയത്തിന്റെ ആകൃതിയിലൊരു ആഭരണം ലൂക്കാസ് അറിയാതെ അയാളുടെ കോട്ടിന്റെ പോക്കറ്റിലിട്ടു, ചുണ്ടിലൊരു മുത്തവും. പക്ഷേ, ലൂക്കാസ് അച്ഛനമ്മമാർക്ക് മാത്രമേ ചുണ്ടിൽ മുത്തം കൊടുക്കാൻ പാടുള്ളൂ എന്ന് ക്ലാരയെ ഉപദേശിച്ചു. ഇതിൽ പ്രകോപിതയായ ക്ലാര ലൂക്കാസിനെക്കുറിച്ച് ഒരു കൊച്ചു കളവ് പറഞ്ഞു കിൻഡർഗാർട്ടൻ ഡയറക്ടർ ഗ്രെത്തെയോട്. ലൂക്കാസിന്റെ ജീവിതം തന്നെ തകർത്തൊരു കളവ്.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ മാഡ്‌സ് മിക്കൽസനാണ് ലൂക്കാസായി അഭ്രപാളികളിത്തിയിരിക്കുന്നത്. പല രംഗങ്ങളിലും മാഡ്‌സ് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ക്ലൈമാക്സിൽ മാഡ്‌സിന്റെ ഒരു തിരിഞ്ഞുനോട്ടം പോലും അയാളിലെ അഭിനേതാവിന്റെ മികവിനെ അടയാളപ്പെടുത്തും. അന്നിക വെഡ്‌ഡർകോപ്പാണ് കൊച്ചു ക്ലാരയായി വേഷമിട്ടിരിക്കുന്നത്. നിഷ്കളങ്കത തുളുമ്പുന്ന അനികയുടെ അഭിനയം പലപ്പോഴും പ്രേക്ഷകരെ "ആ സാധനത്തിനെയെടുത്ത് വെള്ളത്തിൽ മുക്കാൻ" തോന്നിപ്പിക്കും, എജ്ജാതി. അലെക്‌സാന്ദ്ര റപ്പപോർട് (നഡ്‌ജെ, ലൂക്കാസിന്റെ കാമുകി), തോമസ് ബ്രോ ലാർസൺ (തിയോ), ലാസേ ഫോഗിൾസ്ട്രോം (മാർക്കസ്), സൂസെ വേൾഡ് (ഗ്രെത്തെ), ലാർസ് റാന്തേ (ബ്രൂൺ), ആനി ലൂയിസ് ഹാസിങ് (ആഗ്നസ്, തിയോയുടെ ഭാര്യ), ജാർനെ ഹെൻറിക്സൺ (ഓലെ), ഓലെ ഡ്യൂപോണ്ട് (വക്കീൽ), സെബാസ്റ്റ്യൻ ബുൾ സാർണിങ് (ടോർസ്റ്റൻ), ഡാനിയേൽ എങ്സ്ട്രപ് (ജൊഹാൻ), ജോസെഫിൻ ഗ്രബോൾ (കിന്റർഗാർട്ടൻ അദ്യാപിക), നിക്കോളായ് ദഹിൽ ഹാമിൽട്ടൺ (സൂപ്പർമാർക്കറ്റ് ഉടമ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നാമനിർദേശം ലഭിച്ചിരുന്നു. IMDbയുടെ മികച്ച 250 ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് ദി ഹണ്ട്. കെയ്ൻസ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കപ്പെട്ടപ്പോൾ മാഡ്‌സ് മിക്കൽസണ് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
8.3/10 . IMDb
94% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ