Hell Or High Water » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ സമ്പൽ സമൃദ്ധിയുടെ വിളനിലമെന്ന് നാം വിശ്വസിക്കുന്ന ഹൈടെക് സിറ്റികളുടെ തെരുവോരത്ത് കുടിൽകെട്ടി പാർക്കുന്നവരെ ഒരിക്കലെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ നിന്നും ഫാസ്റ്റ് ഫുഡ് കടകളിലും നിന്നും നാം ആയിരങ്ങൾ ചിലവാക്കി പിസ്സയും ബർഗറും കെഎഫ്‌സിയുമൊക്കെ ഭക്ഷിക്കുമ്പോൾ ഒരു നേരത്തേ ആഹാരത്തിന് പത്ത് രൂപ പോലും ഇല്ലാത്ത പാവങ്ങൾ അങ്ങനെയായിത്തീർന്നതിൽ നമ്മൾ പോലുമറിയാതെ നമുക്ക് പങ്കുണ്ടെന്നറിയുക. കോർപ്പറേറ്റ് കുത്തകകൾ ലാഭം കൊയ്യുന്ന സമയത്ത് അവർ സൃഷ്ടിച്ച അസന്തുലിത സാമൂഹിക വ്യവസ്ഥയാണ് ഒരു തരത്തിൽ അവരെ പാമരരാക്കിയത്. ധനികർ അതിസമ്പന്നന്മാരും ദരിദ്രർ പരമദരിദ്രരുമാകുന്ന അവസ്ഥ കേരളത്തിൽ ജീവിക്കുന്നവർ ഒരുപക്ഷേ കണ്ടിട്ടില്ലായിരിക്കുമെങ്കിലും കേരളമെന്ന ഇട്ടാവട്ടത്തിന്റെ അതിർത്തിവിട്ടാൽ പുല്ല് പോലെ കാണാൻ സാധിക്കും. ഞാൻ ജീവിക്കുന്ന മൈസൂർ എന്ന ഹൈടെക് സിറ്റിയോടടുത്തായതിനാൽ അതിന്റെ നേർ ചിത്രം എന്റെ കണ്മുൻപിലുണ്ട്. ധനികർക്ക് കൊട്ടാരസദൃശ്യമായ വീടുകളുണ്ടെങ്കിലും ശരാശരിക്കാരായ മധ്യവർഗം പോലും സ്വന്തമായൊരു വീട് സ്വപ്നങ്ങൾക്കപ്പുറത്ത് പ്രതിഷ്ഠിച്ച മട്ടാണ്. സാമൂഹിക അസന്തുലിതാവസ്ഥ നിലനിൽക്കുന്നിടത്താണ് മോഷണവും കൊള്ളയും പ്രത്യക്ഷപ്പെടുന്നത്. അവിടെയാണ് കായംകുളം കൊച്ചുണ്ണിമാരും റോബിൻ ഹുഡുമാരും പലരുടെയും ഹീറോസ് ആയി മാറുന്നത്. നമ്മൾ ഭയപ്പാടോടെ വായിച്ച തമിഴ്‌നാട്ടിലെ തിരുട്ടു ഗ്രാമക്കാർ ഒരു ജനതയുടെ ഹീറോസാണെന്നറിയുക. ആയിരക്കണക്കിന് കോടികൾ തട്ടിയെടുത്ത് വിദേശത്തേക്ക് മുങ്ങിയ മല്ല്യമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ മടിച്ചുനിൽക്കുന്ന കോർപ്പറേറ്റ് ബാങ്കുകൾ പാവങ്ങളെടുത്ത പതിനായിരങ്ങൾക്കും ലക്ഷങ്ങൾക്കും തിരിച്ചടവ് തെറ്റിയാൽ അവരുടെ സ്വത്തുവകകൾ തൂത്തുവാരിക്കൊണ്ടുപോവാൻ ഒരു മടിയും കാണിക്കാത്തവരാണ് എന്നത് നമ്മൾ ദൈനംദിനം കാണുന്നതാണ്. നിലനിൽപ്പിനു വേണ്ടി മോഷ്ടാക്കളാവേണ്ടി വന്ന രണ്ട് സഹോദരൻമാരുടെ കഥയാണ് ഹെൽ ഓർ ഹൈ വാട്ടർ പറയുന്നത്.
■ ഡേവിഡ് മക്കെൻസി സംവിധാനം നിർവഹിച്ച നിയോ വെസ്റ്റേൺ ക്രൈം ത്രില്ലർ ഹോളിവുഡ് ചിത്രമാണ് ഹെൽ ഓർ ഹൈ വാട്ടർ. ടെയ്‌ലർ ഷെരിഡാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗെയ്ൽസ് നട്ട്ഗൻസ് ഛായാഗ്രഹണവും ജെയ്ക് റോബെർട്സ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. നിക്ക് കേവും വാറൻ എല്ലിസുമാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്..
✍sʏɴᴏᴘsɪs
■ വെസ്റ്റ് ടെക്‌സാസിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. അമേരിക്കൻ അരികുവൽക്കരണത്തിന്റെ നേർക്കാഴ്ച്ച പകർത്താൻ തന്നെയാവണം ഈ കഥ പറയാൻ വെസ്റ്റ് ടെക്‌സാസ് തന്നെ തെരഞ്ഞെടുത്തത്. ടോബി ഹൊവാർഡും ടാന്നേർ ഹൊവാർഡും സഹോദരങ്ങളായിരുന്നു. അധികൃതർക്ക് ഒരു തെളിവുപോലും ബാക്കി വെക്കാതെ അതിരാവിലെ അവർ ടെക്‌സാസ് മിഡ്‌ലാൻഡ്‌സ് ബാങ്ക് ശാഖകളിൽ മുഖം മൂടി ധരിച്ചുകൊണ്ട് അവർ കൊള്ളനടത്തുന്നു. തോക്ക് ചൂണ്ടിക്കൊണ്ടുള്ള കവർച്ച കഴിഞ്ഞ് അവർ അവരുടെ കാറുകളിൽ രക്ഷപ്പെടാറാണ് പതിവുരീതി. അങ്ങനെ രണ്ട് ബാങ്കുകൾ വിജയകരമായി കവർച്ച നടത്തിയതിനു ശേഷം അവർ ആകെയുണ്ടായിരുന്ന തെളിവ് നശിപ്പിക്കാൻ കവർച്ചയ്ക്കുപയോഗിച്ച കാർ അവരുടെ പറമ്പിൽ ജെസിബി ഉപയോഗിച്ച് കുഴി കുത്തി മൂടുന്നു. അന്വേഷണോദ്യോഗസ്ഥരായ മാർക്കസ് ഹാമിൽട്ടണും ആൽബെർട്ടോ പാർക്കറിനും പുതിയ ബാങ്ക് കവർച്ചക്കാർ തലവേദനയാകുന്നു. ഒരു ദിവസം രാവിലെ രണ്ട് സഹോദരന്മാരും പ്രഭാതഭക്ഷണത്തിനായി ഒരു റെസ്റ്ററന്റിൽ കയറുന്നു. പക്ഷേ, മോഷണത്തിന് മുൻപ് ജയിലിൽ കിടന്നിട്ടുള്ള മൂത്ത സഹോദരൻ ടാന്നേർ ഇളയവൻ ടോബിയെ അറിയിക്കാതെ റെസ്റ്ററന്റിന് മുൻപിലുള്ള ബാങ്ക് കൊള്ളയടിക്കുന്നു. അതുവരെ തെളിവുകൾ അവശേഷിപ്പിക്കാത്തവരുടെ ആദ്യത്തെ പിഴവ് അന്വേഷണോദ്യോഗസ്ഥർക്ക് പിടിവള്ളിയാവുമോ..?
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ക്രിസ് പൈനും ബെൻ ഫോസ്‌റ്ററുമാണ് ഹൊവാഡ് സഹോദരങ്ങളായ ടോബിയുടെയും ടാന്നേറിന്റെയും വേഷങ്ങൾ യഥാക്രമം അവതരിപ്പിച്ചിരിക്കുന്നത്. പൊതുവേ ശാന്തനായ ടോബിയുടെ വേഷം ക്രിസ് പൈനിന്റെ കൈകളിൽ ഭദ്രമായിരുന്നു. എടുത്തുചാട്ടക്കാരനായ ടാന്നേറിന്റെ കഥാപാത്രം വളരെ രസകരമായി തന്നെ ബെൻ ഫോസ്റ്റർ അവതരിപ്പിച്ചിട്ടുണ്ട്. ജെഫ് ബ്രിഡ്ജസാണ് അഭിനയപ്രാധാന്യമുള്ള വിരമിക്കാറായ പോലീസുദ്യോഗസ്ഥൻ മാർക്കസ് ഹാമിൽട്ടന്റെY വേഷം ചെയ്തിരിക്കുന്നത്. മാർക്കസിന്റെ പാർട്ട്ണറും ഇന്ത്യൻ വംശജനുമായ ആൽബർട്ടോ പാർക്കർ എന്ന പോലീസുദ്യോഗസ്ഥന്റെ വേഷം ചെയ്തിരിക്കുന്നത് ഗിൽ ബെർമിംഗ്ഹാമാണ്. മറിൻ അയർലണ്ട് (ഡെബ്ബി ഹൊവാഡ്, ടോബിയുടെ മുൻഭാര്യ), കാറ്റി മിക്സൺ (ജെന്നി ആൻ, വെയ്ട്രസ്സ്), ഡെയ്ൽ ഡിക്കി (എൽസി, ബാങ്കുദ്യോഗസ്ഥ), മെലാനി പപാല്യ (ഹുക്കർ), കെവിൻ റാങ്കിൻ (ബില്ലി റെയ്ബൺ), ആംബർ മിഡ്തണ്ടർ (വെർനോൺ ടെല്ലർ, ബാങ്ക് കാഷ്യർ), അൽമ സിസ്നെറോസ് (കാസിനോ ക്ലർക്), ജോൺ പോൾ ഹൊവാഡ് (ജസ്റ്റിൻ ഹൊവാഡ്, ടോബിയുടെ മൂത്തമകൻ), ക്രിസ്റ്റഫർ W.ഗാർഷ്യ (റാന്റി ഹൊവാഡ്, ടോബിയുടെ ഇളയമകൻ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ മികച്ച ചിത്രം, മികച്ച സഹനടൻ (ജെഫ് ബ്രിഡ്ജസ്), മികച്ച തിരക്കഥ (ടെയ്‌ലർ ഷെറിഡാൻ), മികച്ച എഡിറ്റിംഗ് (ജെയ്ക് റോബെർട്സ്) എന്നിവയ്ക്കുള്ള ഓസ്കാർ നാമനിർദേശങ്ങൾ ലഭിച്ചിരുന്നു. ടെക്‌സാസിന്റെ പശ്ചാത്തലത്തിലാണ് സിനിമയെങ്കിലും ഒരൊറ്റ സീൻ പോലും അവിടെ വെച്ച് ചിത്രീകരിച്ചിട്ടില്ല, ന്യൂമെക്സിക്കോയിൽ ടെക്‌സാസിന്റെ സെറ്റിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഇളയസഹോദരനായി അഭിനയിച്ച ക്രിസ് പൈൻ മൂത്തസഹോദരനായി അഭിനയിച്ച ബെൻ ഫോസ്റ്ററേക്കാൾ രണ്ടുമാസം പ്രായക്കൂടുതലുള്ളയാളായിരുന്നു എന്നതും കൗതുകകരമായ വസ്തുതയാണ്.
7.6/10 . IMDb
99% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ