Roma » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ റോമാ എന്ന് കേട്ടപ്പോൾ ആദ്യം വിചാരിച്ചത് 27 ബി.സി മുതൽ പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യം വരെ യൂറോപ്പും പൂർവ്വേഷ്യയും ഉത്തര ആഫ്രിക്കയും അടക്കിവാണ റോമാ സാമ്രാജ്യത്തിന്റെ ചരിത്രമാവുമെന്നാണ്. പക്ഷേ, അൽഫോൻസോ കുറോൺ എന്ന മെക്സിക്കൻ സംവിധായക പ്രതിഭ നമ്മോട് പറയുന്നത് മെക്സിക്കോ സിറ്റിക്കടുത്തുള്ള റോമാ കോളനിയിലെ 1970കളിലെ കഥയാണ്. പക്ഷേ അത് ചരിത്രമല്ല, പച്ചയായ ജീവിതത്തിന്റെ ദൃശ്യാവിഷ്കാരമാണ്. പൂർണ്ണമായും ബ്ലാക്ക് & വൈറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് റോമ.
■ അൽഫോൻസോ കുറോൺ തന്നെയാണ് റോമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. മെക്സിക്കൻ സിനിമാ ഇൻഡസ്ട്രിയിലെ ബാലചന്ദ്രമേനോൻ എന്നോ സന്തോഷ് പണ്ഡിറ്റെന്നോ വിശേഷിപ്പിക്കാം കുറോനെ. ഛായാഗ്രഹണം, എഡിറ്റിംഗ്, നിർമ്മാണം എന്നിങ്ങനെ ഈ സിനിമയുടെ സമസ്ത മേഖലകളിലും കുറോന്റെ സാന്നിധ്യമുണ്ട്. ആദം ഗൗഗാണ് കുറോനെ എഡിറ്റിംഗിൽ സഹായിച്ചിരുന്നത്. ഒരു ബ്ലാക്ക് & വൈറ്റ് സിനിമയായിരുന്നിട്ടുകൂടി റോമയുടെ ദൃശ്യഭംഗി ഒട്ടും ചോരാതെ തന്നെ കുറോൺ പകർത്തിയെടുത്തിട്ടുണ്ട്. സ്വന്തമായി ഒരു ഒറിജിനൽ മ്യൂസിക്കിനോ പശ്ചാത്തല സംഗീതത്തിനോ പകരമായി 1970കളിലെ പ്രശസ്ത ലാറ്റിൻ-മെക്സിക്കൻ പോപ്പ്, റോക്ക് ഗായകരുടെ ഗാനങ്ങൾ മിശ്രണം ചെയ്ത് അവതരിപ്പിക്കുകയായിരുന്നു. ലിൻ ഫെയ്ഞ്ചിൻ, ഗെറിറ്റ് കിങ്കൽ, കാലെബ് ടൗൺസെന്റ് എന്നിവർക്കായിരുന്നു മ്യൂസിക് ഡിപ്പാർട്ട്മെന്റിന്റെ ചുമതല. എഴുപതുകളിലേക്ക് തിരിച്ചുകൊണ്ടുപോവാൻ ഈ സംഗീതമിശ്രണം ചിത്രത്തെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എഴുപതുകളിലെ റോമാ കോളനിയുടെ സെറ്റ് അതിഗംഭീരമായി ചെയ്യാൻ ആർട്ട് ഡിപ്പാർട്മെന്റിനും സാധിച്ചിട്ടുണ്ട്.
✍sʏɴᴏᴘsɪs
■ ഡോക്ടറായ അന്റോണിയോയുടെയും ഭാര്യ സോഫിയയുടെയും വീട്ടിലെ പരിചാരകരായിരുന്നു ക്ലിയോയും അഡെലെയും. അന്റോണിയോയുടെയും സോഫിയയുടെയും നാല് കുട്ടികളും അവരുടെ മുത്തശ്ശിയുമായിരുന്നു വീട്ടിലെ മറ്റു അംഗങ്ങൾ. ഒരിക്കൽ ക്ലിയോയും അഡെലെയും അവരുടെ കാമുകന്മാരായ ഫെർമിന്റെയും റാമോണിന്റെയും കൂടെ സിനിമയ്ക്ക് പോകുന്നു. പക്ഷേ, ക്ലിയോയും ഫെർമിനും സിനിമയ്ക്ക് കയറുന്നതിനു പകരമൊരു ഹോട്ടലിൽ റൂമെടുക്കുന്നു. പിന്നീട് ഒരു ദിവസം തിയറ്ററിൽ വെച്ച് ക്ലിയോ താൻ ഗർഭിണിയാണെന്ന് അറിയിക്കുന്നതോടെ അവളുടെ കാമുകൻ ഫെർമിൻ അവളെ ഉപേക്ഷിച്ചു പോകുന്നു. ആ ഒരു നിമിഷം തകർന്നുപോകുന്ന ക്ലിയോ പക്ഷേ തന്റെ കുഞ്ഞിനെ പ്രസവിക്കാൻ തന്നെ തീരുമാനിക്കുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ക്ലിയോഡിഗാരിയ ഗുട്ടിറെസ് എന്ന ക്ലിയോ ആയി യാലിറ്റ്‌സ അപാരിഷിയോ ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. സോഫിയയായി വേഷമിട്ട മറീന ഡി ടവേരയും മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. നാൻസി ഗാർഷ്യ (അഡെലെ), ഫെർണാണ്ടോ ഗ്രിഡിയാഗ (അന്റോണിയോ), ജോർജ്ജ് അന്റോണിയോ ഗുറെറോ (ഫെർമിൻ), ഹോസെ മാനുവൽ ഗുറെറോ മെൻഡോസ (റാമോൺ), വെറോണിക്ക ഗാർഷ്യ (തെരേസ, സോഫിയയുടെ അമ്മ), മാർക്കോ ഗ്രാഫ് (പെപെ), ഡാനിയേല ഡമേസ (സോഫി), ഡീഗോ കോർട്ടിന ഒട്രി (ടോണോ), കാർലോസ് പെറാൾട്ട (പാകോ), സറേല ലിസ്ബത് (ഡോ. വെലെസ്), ക്ലെമെന്റിന ഗ്വാഡ്രാമ (ബെനീറ്റ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ മികച്ച ചിത്രം, മികച്ച വിദേശഭാഷാ ചിത്രം, മികച്ച സംവിധായകൻ (അൽഫോൻസോ കുറോൺ), മികച്ച നടി (യാലിറ്റ്‌സ അപാരിസിയോ), മികച്ച സഹനടി (മറീന ഡി ടവേര), മികച്ച ഛായാഗ്രഹണം (അൽഫോൻസോ കുറോൺ) തുടങ്ങി പത്തോളം കാറ്റഗറിയിലായി ഓസ്കാർ നാമനിർദേശം ലഭിച്ച ചിത്രമാണ് റോമ. ഹോളിവുഡിൽ നിന്നല്ലാത്ത ഒമ്പതോളം സിനിമകൾ മികച്ച ചിത്രത്തിനായുള്ള പുരസ്കാരപട്ടികയിൽ എത്തിയിട്ടുണ്ടെങ്കിലും അവയ്‌ക്കൊക്കെ അപ്രാപ്യമായത് റോമ നേടും എന്ന് തന്നെയാണ് എന്റെ വിശ്വാസം. മികച്ച ചിത്രത്തിനുള്ള ഓസ്കാർ റോമയ്ക്കാണെങ്കിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരം ജപ്പാൻ ചിത്രമായ ഷോപ്പ്ലിഫ്റ്റേഴ്‌സ് സ്വന്തമാക്കിയേക്കും. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം റോമയ്ക്ക് കിട്ടിയിട്ടില്ലെങ്കിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരം ഉറപ്പാണ്. മികച്ച സംവിധായകൻ, മികച്ച നടി, മികച്ച ഛായാഗ്രഹണം, മികച്ച കലാസംവിധാനം, സൗണ്ട് മിക്സിങ് എന്നീ വിഭാഗങ്ങളിലുള്ള പുരസ്കാരങ്ങൾ റോമ വാരാൻ തന്നെയാണ് സാധ്യത.
7.9/10 . IMDb
96% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ