The Prestige » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ലോകത്തിലെ ഏറ്റവും മികച്ച പത്ത് സംവിധായകരുടെ പേര് പറയുകയാണെങ്കിൽ അതിലൊരാൾ തീർച്ചയായിട്ടും ക്രിസ്റ്റഫർ നോളനായിരിക്കും. രണ്ട് പതിറ്റാണ്ടായിട്ടുള്ള സംവിധായക ജീവിതത്തിൽ നോളൻ ചെയ്തത് വെറും പത്ത് സിനിമകളായിരുന്നെങ്കിലും അതെല്ലാം നിരൂപക പ്രശംസ നേടിയവയായിരുന്നു. 1998ൽ ഫോളോവിങ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ നോളൻ മെമെന്റോ എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. ബാറ്റ്മാൻ ട്രയോളജിയിലൂടെ ഡിസിയ്ക്ക് ഏറ്റവും മികച്ച സിനിമകൾ സമ്മാനിച്ച നോളൻ ട്രയോളജിയിലെ ആദ്യ ചിത്രമായ ബാറ്റ്മാൻ ബിഗിൻസിന് ശേഷം സംവിധാനം നിർവഹിച്ച സിനിമയായിരുന്നു ലണ്ടനിലെ രണ്ട് മജീഷ്യന്മാരുടെ കഥ ദി പ്രസ്റ്റീജ്. വർഷങ്ങൾക്ക് മുൻപിറങ്ങിയ ഒരു ആമിർ ഖാൻ ചിത്രത്തിന് ദി പ്രെസ്റ്റീജിന്റെ അകക്കാമ്പുമായി സാമ്യം തോന്നിയത് യാദൃശ്ചികമാവില്ല. ദി പ്രെസ്റ്റീജിന്റെ നട്ടെല്ല് അതായത്കൊണ്ട് മാത്രം ആ സിനിമയേതെന്ന് വെളിപ്പെടുത്തുന്നില്ല.
■ ക്രിസ്റ്റഫർ പ്രീസ്റ്റിന്റെ ദി പ്രെസ്റ്റീജ് എന്ന പേരിൽത്തന്നെയുള്ള നോവലിനെ ആസ്പദമാക്കി സംവിധായകൻ ക്രിസ്റ്റഫർ നോളനും അദ്ദേഹത്തിന്റെ സഹോദരൻ ജോനാഥൻ നോളനും ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. വാലി ഫിസ്റ്റർ ഛായാഗ്രഹണവും ലീ സ്മിത്ത് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഡേവിഡ് ജൂലിയനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ ലണ്ടനിലെ ഒരു മജീഷ്യന്റെ സഹായികളായിരുന്നു റോബർട്ട് ആംഗ്യറും ആൽഫ്രെഡ് ബോർഡനും. കാണികൾക്കിടയിലുള്ളവരായി ചമഞ്ഞു സ്റ്റേജിലെത്തി മജീഷ്യന്റെ സഹായിയായ ജൂലിയയെ വാട്ടർ ടാങ്ക് എസ്‌കേപ്പ് മാജിക്കിന് മുൻപ് കൈയ്യും കാലും തന്ത്രപരമായി ബന്ധിക്കുക എന്നതായിരുന്നു ഇരുവരുടെയും മുഖ്യ ജോലി. ജൂലിയ ആംഗ്യറിന്റെ ഭാര്യ കൂടിയായിരുന്നു. ഒരു ട്രിക്കിനിടയിൽ ബോർഡൻ ജൂലിയയുടെ കൈയ്യിൽ അപകടകരമാംവിധത്തിൽ ഇരട്ടക്കുരുക്കിട്ടതിനാൽ ജൂലിയക്ക് കുരുക്കഴിക്കാൻ കഴിയാതെ വരികയും തൽഫലമായി ജൂലിയ വാട്ടർടാങ്കിൽ കിടന്ന് മുങ്ങി ശ്വാസംമുട്ടി മരിക്കുകയും ചെയ്തു. തന്റെ ഭാര്യ ജൂലിയയെ ബോർഡൻ മനഃപൂർവ്വം കൊന്നതാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ആംഗ്യറും ബോർഡനും തമ്മിൽ തീർത്താൽ തീരാത്ത ശത്രുത ഉടലെടുക്കുന്നു. പിന്നീട് സ്വതന്ത്ര മജീഷ്യന്മാരായി തീരുന്ന ഇരുവരും തമ്മിൽ ജോലിയിലും കിടമത്സരവും പകപോക്കലും നിത്യസംഭവമായി മാറുന്നു. അതിനിടയിൽ ആംഗ്യറുടെ സഹായിയായെത്തുന്ന ഒലീവിയയെ ബോർഡന്റെ മാജിക്കിലെ മുഖ്യ ആകർഷണമായിരുന്ന "ട്രാൻസ്പോർട്ടഡ് മാനി"ന്റെ പിന്നിലെ രഹസ്യം കണ്ടെത്താൻ ചാരയായി ആംഗ്യർ അയക്കുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ഹ്യൂഗ് ജാക്ക്മാൻ അവതരിപ്പിച്ച ദി ഗ്രേറ്റ് ഡാന്റനെന്ന റോബർട്ട് ആംഗ്യറും ക്രിസ്റ്റ്യൻ ബെയ്ൽ അവതരിപ്പിച്ച ദി പ്രൊഫസർ എന്ന ആൽഫ്രെഡ് ബോർഡനും തന്നെയായിരുന്നു ദി പ്രെസ്റ്റീജിന്റെ മുഖ്യ ആകർഷണം. രണ്ടുപേരിൽ ആരായിരുന്നു കേമൻ എന്നതിന് എനിക്കിതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ഷാർലറ്റ് ജോഹാൻസൺ, ഒലിവിയ വെൻസ്‌കോമ്പായി വേഷമിട്ടിരിക്കുന്നു. ബോർഡന്റെ ഭാര്യ സാറയായി റെബേക്ക ഹാളും ആംഗ്യറുടെ ഭാര്യ ജൂലിയയായി പൈപ്പർ പെരാബൊയുമാണ് അഭിനയിച്ചിരിക്കുന്നത്. സാമന്ത മഹുറൈൻ (ജെസ്), മൈക്കൽ കെയ്ൻ (ജോൺ കട്ടർ), ഡേവിഡ് ബൊവി (നിക്കോള ടെസ്‌ല), ആൻഡി സെർകിസ് (മി. അലെയ്), റിക്കി ജേ (മജീഷ്യൻ മിൽട്ടൺ), റോജർ റീസ് (ഓവൻസ്), മോർഗൻ ഷെപ്പാഡ് (മെറിറ്റ്), ഡാനിയേൽ ഡേവിസ് (ജഡ്ജ്), ആന്തണി ഡി. മാർകോ (ആൺകുട്ടി), ചുങ് ലിങ് സൂ (ചാവോ ലിചി), ജോഡി ബിയാൻക വൈസ് (ആംഗ്യറുടെ സഹായി പെൺകുട്ടി) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ മികച്ച ഛായാഗ്രഹണത്തിനും കലാസംവിധാനത്തിനുമുള്ള ഓസ്കാർ പുരസ്‌കാരത്തിന് നാമനിർദേശം ലഭിച്ചിരുന്നു. ബാറ്റ്മാൻ ട്രയോളജിയിലെ ആദ്യ സിനിമയായ ബാറ്റ്മാൻ ബിഗിൻസിന് ശേഷം ക്രിസ്റ്റ്യൻ ബെയ്‌ലും നോളനും ആദ്യമായി ഒന്നിക്കുന്ന സിനിമയായിരുന്നു ദി പ്രസ്റ്റീജ്. ജോൺ കട്ടറായി അഭിനയിച്ച മൈക്കൽ കെയ്‌നും ബാറ്റ്മാനിൽ ഒരു മുഖ്യവേഷം (ആൽഫ്രഡ് പെന്നിവർത്) ചെയ്തിട്ടുണ്ട്. 2006ൽ മജീഷ്യന്മാർ മുഖ്യകഥാപാത്രമായി മൂന്ന് ഹോളിവുഡ് സിനിമകളായിരുന്നു ഇറങ്ങിയത്. ദി ഇല്ല്യൂഷനിസ്റ്റ്, സ്‌കൂപ്പ് എന്നിവയാണ് മറ്റു രണ്ടെണ്ണം. സ്കൂപ്പിൽ ഹ്യൂഗ് ജാക്ക്മാനും ഷാർലെറ്റ് ജോഹാൻസണും തന്നെയായിരുന്നു മുഖ്യ കഥാപാത്രങ്ങൾ..
8.5/10 . IMDb
75% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ