Mirage » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ പ്രീഡെസ്റ്റിനേഷൻ, X-മെൻ Days Of Future Past, സ്റ്റാർ ട്രെക്ക്, ദെജാവു, ബാക്ക് ടു ദി ഫ്യൂച്ചർ, ഡോണി ഡാർക്കോ, 12 മങ്കീസ്, 24, ഇൻട്രു നേട്രൂ നാളൈ എന്നിങ്ങനെ ഒരുപാട് ടൈം ട്രാവൽ മൂവീസ് കണ്ടിട്ടുണ്ടെങ്കിലും ടൈം ട്രാവൽ ഒരു അത്ഭുതമായി തോന്നിയത് ഈ സിനിമ കണ്ടപ്പോഴാണ്. കാരണം ഇതിലെ കഥാപാത്രങ്ങളൊന്നും അവർ ജീവിക്കുന്ന ടൈം ലൈനിനപ്പുറത്തേക്ക് യാത്ര ചെയ്യുന്നേയില്ല. പിന്നെ ഇതിനൊരു ടൈം ട്രാവൽ മൂവിയാവും എന്നായിരിക്കും നിങ്ങളിപ്പോൾ ചിന്തിക്കുന്നത്. പ്രശസ്ത സ്പാനിഷ് ചലച്ചിത്രകാരൻ ഒറിയോൾ പൗലോ സംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ മാത്രം സിനിമ. 2012ൽ ദി ബോഡി എന്ന സസ്പെൻസ് ത്രില്ലർ സിനിമയും കൊണ്ട് സംവിധാന രംഗത്തേക്ക് വന്ന ഒറിയോൾ പൗലോ എന്തുകൊണ്ട് ഇത്ര വർഷമായിട്ടും മൂന്നാമത്തെ സിനിമയിലേക്ക് മാത്രം എത്തി നിൽക്കുന്നു എന്നതിന്റെ ഉത്തരമാണ് കഴിഞ്ഞ രണ്ട് സിനിമകളിലെയും പോലെ തന്നെ ഈ സിനിമയിലും അദ്ദേഹം ചെയ്തിരിക്കുന്ന ക്രാഫ്റ്റ്. സസ്പെൻസ് ത്രില്ലർ വിട്ട് ടൈം ട്രാവലിംഗിലേക്ക് കടക്കുമ്പോഴും അത്ഭുതങ്ങൾ അവശേഷിപ്പിച്ചു വെക്കാൻ ഒറിയോൾ പൗലോ മറന്നിട്ടില്ല.
■ ലാറ സെന്റിമും ഒറിയോൾ പൗലോയുമാണ് മിറേജിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സാവി ഗിമെനേസ് ഛായാഗ്രഹണവും ജൗമേ മാർട്ടി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഫെർണാണ്ടോ വെലാസ്‌ക്വേസാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഡേവിഡ് ഓർട്ടിസും ഡോക്ടറായിരുന്ന വേര ഓർട്ടിസും ഭാര്യാഭർത്താക്കന്മാർ ആയിരുന്നു. അവർ അവരുടെ ഒരേയൊരു മകൾ ഗ്ലോറിയയുടെ കൂടെ നഗരത്തിലെ ഒരു വീട്ടിൽ താമസിക്കുന്നു. ഒരിക്കൽ അവർക്ക് അവരുടെ വീട്ടിലൊരിടത്ത് നിന്നും ഒരു പഴയ ടിവി ലഭിക്കുന്നു. ഒരു പഴയ വീഡിയോ ക്യാമറയുമായി ബന്ധിപ്പിച്ചിട്ടുള്ളതായിരുന്നു ആ ടിവി. അതിൽ കാസറ്റ് ഇട്ടപ്പോൾ ഒരു പന്ത്രണ്ടു വയസ്സുകാരൻ ബാലൻ ഗിറ്റാർ വായിക്കുന്നൊരു വീഡിയോ അവർ കണ്ടു. ഇതിനെക്കുറിച്ച് അവർ അവരുടെ അയൽക്കാരനും ഡേവിഡിന്റെ ആത്മാർത്ഥ സുഹൃത്തുമായ അൽറ്റോർ മെദീനയോടും അയാളുടെ അമ്മ ക്ലാര മെദീനയോടും സംസാരിക്കുന്നു. നിക്കോ ലസാർട്ടേ എന്നൊരു കളിക്കൂട്ടുകാരൻ തനിക്കുണ്ടായിരുന്നെന്നും 25 വർഷം മുൻപ് അവനൊരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്നും അയൽക്കാരനായിരുന്ന ഏംഗൽ പ്രീറ്റോ അയാളുടെ ഭാര്യ ഹിൽഡ വീസിനെ കൊലപ്പെടുത്തുന്നത് കണ്ട് ഭയന്നോടുന്നതിനിടയിലാണ് അത് സംഭവിച്ചതെന്നും അൽറ്റോർ അവരോട് വെളിപ്പെടുത്തുന്നു. നിക്കോയും അമ്മയും താമസിച്ചിരുന്ന വീടാണ് ഡേവിഡിന്റേയും വേരയുടേതുമെന്നും അവർ പറയുന്നു. ഒരു കൊടുങ്കാറ്റിന്റെ മുന്നറിയിപ്പോടെ ഇരുട്ട് മൂടിക്കെട്ടിയിരിക്കുന്ന അന്തരീക്ഷം. 25 വർഷങ്ങൾക്ക് മുൻപും ഇതേയൊരു കാലാവസ്ഥ പ്രകടമായിരുന്നു. വേര ആ പഴയ ടിവി ഒരിക്കൽക്കൂടി പരിശോധിക്കുന്നതിനിടെ കാസറ്റ് ഒന്നും ഇല്ലാതെ തന്നെ നിക്കോ ലസാർട്ടേ എന്ന ബാലൻ ടിവിയിൽ പ്രത്യക്ഷപ്പെടുന്നു. 25 വർഷം മുൻപത്തെ ടിവി സിഗ്നലായിരുന്നു അത്. 25 വർഷം മുൻപ് ടിവി കണ്ടുകൊണ്ടിരുന്ന നിക്കോയ്ക്ക് ടിവിയിൽ വേരയെയും കാണാൻ സാധിക്കുന്നു. അയൽവീട്ടിൽ നിന്നും എന്തോ ശബ്ദം കേൾക്കുന്നെന്നും പറഞ്ഞ് എഴുന്നേറ്റ് പോവാൻ തുനിയുന്ന നിക്കോയെ വേര തടയുന്നു. പുറത്തുപോയാൽ നിക്കോ കൊല്ലപ്പെടും എന്നുറപ്പുള്ള വേര അവനെ തടയുന്നതിലൂടെ നിക്കോയുടെ ഭാവി തന്നെ മാറുന്നു. പക്ഷേ, നിക്കോയെ രക്ഷിച്ചതിലൂടെ വേരയ്ക്ക് നഷ്ടപ്പെട്ടത് തന്റെ സ്വന്തം കുഞ്ഞ് ഗ്ലോറിയയെ തന്നെയായിരുന്നു. ഗ്ലോറിയയെ തിരിച്ചു കിട്ടാൻ വേരയ്ക്ക് ജീവന്മരണ പോരാട്ടം തന്നെ നടത്തേണ്ടി വരുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ വേരയായി അത്ഭുത പ്രകടനം നടത്തിയിരിക്കുന്നത് അഡ്രിയാന ഉഗാർത്തെയാണ്. ഡേവിഡ് ഓർട്ടിസായി അൽവാരോ മോർട്ടെയും വേഷമിട്ടിരിക്കുന്നു. മറ്റൊരു പ്രധാന കഥാപാത്രമായ ഇൻസ്‌പെക്ടർ ലൈറയായി ചിനോ ഡാരിനാണ് അഭിനയിച്ചിരിക്കുന്നത്. നിക്കോ ലസാർട്ടെ എന്ന ബാലന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത് ജൂലിയോ ബൊഹിഗാസ് കൗട്ടോയാണ്. ജാവിയർ ഗുട്ടിറെസ് (ഏംഗൽ പ്രീറ്റോ), നോറ നവാസ് (ക്ലാര മെദീന), മിഗ്വേൽ ഫെർണാണ്ടസ് (അയ്റ്റോർ മെദീന), ക്ലാര സെഗൂറ (ഹിൽഡ വെയ്‌സ്), മിമ റീറ (മരിയ ലസാർട്ടെ), ഐന ക്ലോട്ടേ (ഉർസുല), ആൽബർട്ട് പെരെസ് (റോമൻ), ഫ്രാൻസെസ്‌ക് ഒറെല്ല (ഡോ. ഫെൽ), അന വാഗ്നർ (ഇൻസ്‌പെക്ടർ ദിമാസ്), സിൽവിയ അലോൺസോ (മോണിക്ക), ബെലെൻ റുവേഡാ (ഡ്രാ. സർദോൻ), ലൂണ ഫുൾജൻസിയോ (ഗ്ലോറിയ ഓർട്ടിസ്) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ നിക്കോ ആദ്യമായി അയൽക്കാരുടെ വീട്ടിൽ കയറുമ്പോൾ അവിടെയൊരു എയര്കണ്ടീഷൻ ഫാൻ കാണാം. പക്ഷേ അക്കാലത്ത് അത്തരത്തിലുള്ള A/C കണ്ടുപിടിച്ചിട്ടില്ലായിരുന്നു. വേര വീട്ടിൽ പ്രവേശിക്കുമ്പോൾ ചുവരിൽ 2017 ഓഗസ്റ്റ് ഡേറ്റിലൊരു കലണ്ടറും കാണാമായിരുന്നു. 1989നും 2014നും ഇടയിലായിരുന്നല്ലോ സിനിമയുടെ കഥാപശ്ചാത്തലം. ഒരു മാസ്റ്റർപീസിന് കണ്ണ് തട്ടാതിരിക്കാൻ ഒന്നുരണ്ടു മിസ്റ്റേക്കുകളൊക്കെ നല്ലതല്ലേ..
7.5/10 . IMDb
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ