Oru Yamandan Premakadha » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ മലയാള സിനിമയിലെ ഏറ്റവും ക്രൗഡ് പുള്ളറായ യുവതാരം ആര് എന്നുള്ളതിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അത് ദുൽഖർ സൽമാൻ എന്നാണ്. അഭിനയ മികവ് അല്ല ഉദ്ദേശ്യം. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായിരുന്നിട്ടുകൂടി സ്വപ്രയത്നം കൊണ്ട് മാത്രം ഉയർന്നു വന്ന താരമാണ് അദ്ദേഹം. ദുൽഖർ മലയാള സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായിട്ട് വർഷം ഒന്നര കഴിഞ്ഞു. തമിഴും തെലുങ്കും കടന്ന് ബോളിവുഡിൽ വരെയെത്തിയ ദുൽഖറിന്റേതായി അവസാനമായി പുറത്തിറങ്ങിയ മലയാള സിനിമ സോളോ ആയിരുന്നു. ഏറെ പ്രതീക്ഷ തന്ന ആന്തോളജി ചിത്രമായ സോളോ ബോക്സ് ഓഫീസിൽ ഒരു പരാജയമായതോടെ മലയാളത്തിൽ നിന്നും നാടുവിട്ട ദുൽഖർ തിരിച്ചു വരികയാണ് ഒരു യമണ്ടൻ പ്രേമ കഥയിലൂടെ. ഒരു യമണ്ടൻ പ്രേമകഥ സംവിധാനം നിർവ്വഹിക്കുന്നത് ബി.സി. നൗഫൽ എന്ന പുതുമുഖ സംവിധായകനാണെങ്കിലും തിരക്കഥ രചിച്ചിരിക്കുന്നത് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും ആണെന്നതാണ് ഈ സിനിമ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകൾ നൽകുന്നത്. വിഷ്ണുവും ബിബിനും ഇതിന് മുൻപ് തിരക്കഥ എഴുതി നാദിർഷ സംവിധാനം നിർവഹിച്ച അമർ അക്ബർ അന്തോണിയും കട്ടപ്പനയിലെ ഹൃതിക് റോഷനും സൂപ്പർഹിറ്റുകളായിരുന്നു. ഇരുവരുടെയും മികച്ച തിരക്കഥയുടെ പിൻബലമില്ലാഞ്ഞതാണ് നാദിർഷയുടെ മൂന്നാമത്തെ ചിത്രമായ മേരാ നാം ഷാജി തിയറ്ററിൽ പരാജയം രുചിച്ചത് എന്ന് പലരും അടക്കം പറയുന്നുണ്ട്. നാദിർഷ തന്നെയാണ് ഇതിലെ പാട്ടുകൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത്. ജാസി ഗിഫ്റ്റ് പാടിയ ഡപ്പാംകൂത്ത് ടച്ചുള്ള "മുറ്റത്തെ കൊമ്പിലെ പെണ്ണേ" എന്ന് തുടങ്ങുന്ന പാട്ടിലെ ഫ്രയിമുകൾ വളരെ നന്നായി ഇഷ്ടപ്പെട്ടെങ്കിലും വരികളും പാട്ടും ഒട്ടും ഇഷ്ടപ്പെട്ടില്ല. വിദ്യാധരൻ മാസ്റ്റർ പാടിയ ഭക്തി ഗാനം "വന്ദിപ്പിൻ മാളോരേ"വല്ല്യ തരക്കേടില്ലായിരുന്നു. പി. സുകുമാർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
✍sʏɴᴏᴘsɪs
■ ഒരു യമണ്ടൻ പ്രേമകഥ എന്ന യമണ്ടൻ പേരും ഒന്നിൽ കൂടുതൽ നായികമാരുടെ സാനിധ്യവും കാരണം നിവിൻ പോളി ചിത്രം പ്രേമം പോലൊരു സിനിമയായിരിക്കും എന്നൊരു തെറ്റിദ്ധാരണയുണ്ടായിരുന്നു. ജീവിതത്തിൽ ഇന്നേവരെ പ്രണയിക്കാത്ത ലല്ലു എന്ന ചെറുപ്പക്കാരൻ. അവൻ പത്രത്തിൽ ഒരു പെൺകുട്ടിയെ കാണ്മാനില്ല എന്നൊരു വാർത്ത കാണാൻ ഇട വരുന്നു. അവളെ ഒറ്റ നോട്ടത്തിൽ ഇഷ്ടമാവുന്ന ലല്ലു അവളെ തേടി ഒരു യാത്ര പുറപ്പെടുന്നു. പിന്നീടുള്ള അവളുടെ മരണവും അതിന് പിന്നിലെ കാരണങ്ങൾ തേടിയുള്ള ലല്ലുവിന്റെ അന്വേഷണങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ലല്ലു എന്ന ചോക്ലേറ്റ് ബോയ് ഇമേജുള്ള നായക കഥാപാത്രമായി ഗംഭീര പ്രകടനം തന്നെയായിരുന്നു ദുൽഖർ സൽമാൻ കാഴ്ച്ച വെച്ചത്. അപാര സ്ക്രീൻ പ്രെസെൻസ് തന്നെയായിരുന്നു ദുൽഖറിന്റേത്. വിഷ്ണു ഉണ്ണികൃഷ്ണന്റെ ടെന്നി സെബാസ്റ്റ്യനും സലിംകുമാറിന്റെ പാഞ്ചിക്കുട്ടൻ മേസ്തിരിയും കുറച്ചധികം ചിരിപ്പിച്ചു. ജെസ്‌നയായി വേഷമിട്ട സംയുക്ത മേനോനും നിഖില വിമലുമാണ് നായികമാർ. നായികയുടെ അച്ഛൻ ഫ്രാൻസിസായി അഭിനയിച്ച സുരാജ് വെഞ്ഞാറമൂട് തന്റെ കഥാപാത്രം ഗംഭീരമാക്കി. അരുൺ കുര്യൻ (പാപ്പി), ധർമ്മജൻ ബോൾഗാട്ടി (ടിങ്കു), ഹരീഷ് കണാരൻ (ഫ്രഡറിക്), രഞ്ജിപണിക്കർ, ദിലീഷ് പോത്തൻ (എസ്.ഐ. അഭിലാഷ് കരിക്കൻ), ബൈജു (എസ്.ഐ. പവൻ കല്യാൺ), സുനിൽ സുഖദ (ഫാദർ നെട്ടൂരാൻ), മോളി കണ്ണമാലി (വാവത്താത്തി), അശോകൻ (കുശുമ്പൻ ജോണി), പ്രദീപ് കോട്ടയം (സെബാസ്റ്റ്യൻ), ബിബിൻ ജോർജ്ജ് (ഡേവിഡ്) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ ഒരു യമണ്ടൻ പ്രേമകഥയ്ക്ക് മാർക്കിടുന്നതിന്റെ മുൻപ് പറയാൻ ആഗ്രഹിക്കുന്നത്, ട്രെൻഡാവാൻ പോകുന്നത് ഇതിലെ പാട്ടുകളോ ഡയലോഗുകളോ ഒന്നുമായിരിക്കില്ല, അത് ദുൽഖറിന്റെ കോസ്റ്റ്യൂം തന്നെയായിരിക്കും. ഇനി സിനിമയിലേക്ക്. വിഷ്ണു ഉണ്ണികൃഷ്ണന്റെയും സലിംകുമാറിന്റെയും കോമഡികളുടെ അകമ്പടിയോടെ ഫസ്റ്റ് ഹാഫ് തരക്കേടില്ലാതെ പോയെങ്കിലും ശരാശരി എന്നേ പറയാൻ പറ്റൂ. ചില കോമഡി നമ്പറുകളൊന്നും അത്രയ്ക്കങ്ങട് ഏശിയില്ല. രണ്ടാമത്തെ പകുതി ആദ്യ പകുതിയേക്കാൾ നിരാശപ്പെടുത്തി എന്ന് തന്നെ പറയാം. നല്ലൊരു തിരക്കഥയുടെ അഭാവം അത്രകണ്ട് ഈ സിനിമയിൽ പ്രകടമായിരുന്നു. ആദ്യാവസാനം ശരാശരിയിലൊതുങ്ങുന്ന സിനിമ. വൺ ടൈം വാച്ചബിൾ.
2.75/5. MyRating
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ