The Father » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ "ആയിരം പോറ്റുമ്മ വന്നാൽ സ്വന്തം പെറ്റുമ്മയായിടുമോ". ഒരു മാപ്പിളപ്പാട്ടിന്റെ വരികളാണിത്. എത്ര അർത്ഥവത്തായ വരികളാണത്. പിതാവിന്റെ കാര്യത്തിലും ഇതേ തത്വം തന്നെയാണ് പിന്തുടരുന്നത്. സ്നേഹം എത്രത്തോളം വാരിക്കോരി കൊടുത്താലും ഒരു രണ്ടാനച്ഛനും ഒരു കുട്ടിയുടെ യഥാർത്ഥ അച്ഛനാവാൻ ഒരിക്കലും സാധിക്കാറില്ല. രക്തബന്ധം എന്നുള്ളത് ബന്ധനമല്ല, ആത്മാവുകൾ തമ്മിലുള്ള ഇഴയടുപ്പം കൂടിയാണ്. റിയലിസ്റ്റിക് സിനിമകളുടെ ചക്രവർത്തിയായ മാജിദ് മജീദി ഇവിടെയും ഇതൾ വിരിയിച്ചിരിക്കുന്നത് ഒരു മായാജാലമാണ്. ചിലപ്പോൾ നമുക്കിത് യഥാർത്ഥ ജീവിതമാണെന്ന് തോന്നിയേക്കാം. ചിലർക്കിത് സ്വന്തം ജീവിതമെന്നു വരെ തോന്നിയേക്കാം.
■ മാജിദ് മജീദി അണിയിച്ചൊരുക്കിയ പേർഷ്യൻ ഫാമിലി ഡ്രാമ ചിത്രമാണ് ദി ഫാദർ. മാജിദ് മജീദിയും സെയ്ദ് മെഹ്ദി ഷൊജായിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മുഹ്സിൻ സൊലെൻവാർ ഛായാഗ്രഹണവും ഹസ്സൻ ഹസ്സൻഡൂസ്ത് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മുഹമ്മദ് റേസ അലിഖോലിയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ പതിനാല് വയസ്സുകാരനായ മെഹ്റുള്ളയ്ക്ക് ഒരു വാഹനാപകടത്തിൽ, തന്റെ പിതാവിനെ നഷ്ടപ്പെടുന്നതോടെ വളരെ ചെറുപ്പത്തിൽ തന്നെ തന്റെ കുടുംബഭാരം ചുമലിലേറ്റേണ്ടി വരുന്നു. മെഹ്റുള്ളയ്ക്ക് താഴെ രണ്ട് ചെറിയ പെൺകുട്ടികളായിരുന്നു ഉണ്ടായിരുന്നത്. സ്വന്തം ഉമ്മയെയും സഹോദരിമാരെയും പോറ്റാൻ വേണ്ടി അവൻ വീടുവിട്ട് വിദൂരത്തുള്ള ഇറാന്റെ ദക്ഷിണ ഭാഗത്തുള്ളൊരു പട്ടണത്തിൽ ജോലിക്ക് പോവുന്നു. അങ്ങനെ വളരെ നാളത്തെ ജോലിക്ക് ശേഷം ലഭിച്ച കുറച്ച് പണവും സഹോദരിമാർക്കും ഉമ്മയ്ക്കുമുള്ള സമ്മാനങ്ങളുമായി ഒരു ദിവസം സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുകയാണ് മെഹ്‌റുള്ള. വീട്ടിലേക്കുള്ള വഴിയിൽ വെച്ച് അവൻ അവന്റെ കളിക്കൂട്ടുകാരനായ ലത്തീഫിൽ നിന്നും ആ സത്യം മനസ്സിലാക്കുന്നു. അവന്റെ ഉമ്മ ഒരു പോലീസുകാരനെ വിവാഹം കഴിച്ചിരുന്നു. തന്റെ ഉമ്മയും സഹോദരിമാരും അയാളുടെ വീട്ടിലാണ് താമസിക്കുന്നത്. പോലീസുകാരൻ വളരെ സ്നേഹനിധിയായിരുന്നെങ്കിലും അയാളെ തന്റെ രണ്ടാനച്ഛനായി അംഗീകരിക്കാൻ മെഹറുള്ള കൂട്ടാക്കുന്നില്ല..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ഹസ്സൻ സദേഖിയാണ് മെഹറുള്ള എന്ന പതിനാല് വയസ്സുകാരന്റെ വേഷം ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നത്. മെഹ്റുല്ലായുടെ രണ്ടാനച്ഛനായ പോലീസുകാരന്റെ വേഷം ഉജ്വലമാക്കിയിരിക്കുന്നത് മുഹമ്മദ് കസേബിയാണ്. മെഹ്‌റുള്ളയുടെ ഉമ്മയായി അഭിനയിച്ചിരിക്കുന്നത് പരിവാഷ് നസ്റിയയും കൂട്ടുകാരൻ ലത്തീഫായി അഭിനയിച്ചിരിക്കുന്നത് ഹുസൈൻ അബെദേനിയുമാണ്. മുഹ്സിൻ റൗസ്ബഹാനി, ഷമീം ഖസാരി, നെദ ഇബ്രാഹിംസാദേ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ പല ഫിലിം ഫെസ്റ്റിവലുകളിലും മികച്ച സിനിമ, മികച്ച നടൻ, മികച്ച സഹനടി, മികച്ച സംവിധായകൻ എന്നിവയ്ക്കുള്ളതടക്കമുള്ള പുരസ്കാരങ്ങൾ വാരിക്കൂട്ടിയിരുന്നു മാജിദ് മജീദിയുടെ ദി ഫാദർ. മാജിദ് മജീദിയുടെ രണ്ടാമത്തെ സിനിമയാണ് ദി ഫാദർ.
7.6/10 · IMDb
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ