The God Must Be Crazy » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ലോകത്ത് ഏറ്റവും അപടകരം എന്ന് കുപ്രസിദ്ധിയാർജ്ജിച്ച ഒരു ദ്വീപുണ്ട്. അത് നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാഗമാണ്. നമ്മുടെ ആന്തമാൻ നിക്കോബാർ ദ്വീപുസമൂഹത്തിൽ ഉൾപ്പെടുന്ന നോർത്ത് സെന്റിനൽ ദ്വീപ്. അവിടുത്തെ പ്രത്യേകത, പുറംലോകവുമായി യാധൊരു ബന്ധവുമില്ലാത്ത സെന്റിനലുകൾ എന്ന ആദിമ ഗോത്രവർഗ്ഗമാണവിടെ താമസിക്കുന്നത്. ഈയടുത്ത കാലത്താണ് മതപ്രചാരണത്തിന് പോയ ഒരു യുവ മിഷനറിയായ അമേരിക്കൻ സ്വദേശി ജോൺ അല്ലൻ അവിടെ കൊല്ലപ്പെട്ടത്. സെന്റിനൽ ദ്വീപുകൾ ശരിക്കും നിരോധിത മേഖലയാണ്, ഇന്ത്യൻ പൗരത്വമുള്ളവർ പോലും പ്രവേശിക്കുന്നത് നിഷിദ്ധമാക്കിയ പ്രദേശം. ഇപ്പോഴും തീ പോലും അവിടെ കണ്ടെത്തിയിട്ടില്ലെന്നാണ് പലരും പറയുന്നത്. പുറംലോകവുമായി യാധൊരു ബന്ധവുമില്ലാതെ ജീവിച്ച ബുഷ്മാൻ എന്ന ആഫ്രിക്കൻ ആദിമ ഗോത്രവിഭാഗത്തെക്കുറിച്ച് വളരേ സരസമായി അവതരിപ്പിച്ച ഒരു സിനിമയാണ് ദി ഗോഡ് മസ്റ്റ് ബി ക്രേസി. പക്ഷേ ഇവർ സെന്റിനലുകളെപ്പോലെ പ്രശ്നക്കാരല്ല കേട്ടോ..
■ ജാമി ഉയ്‌സ് സംവിധാനം നിർവഹിച്ച ദക്ഷിണാഫ്രിക്കൻ കോമഡി ചിത്രമാണ് ദി ഗോഡ് മസ്റ്റ് ബി ക്രേസി. ജാമി ഉയ്‌സും മോണ്ടി റമോടുമോയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ബസ്റ്റർ റെയ്നോൾഡ്സ്, റോബർട്ട് ലെവിസ് എന്നിവർ ഛായാഗ്രഹണവും സ്റ്റാൻഫോർഡ് C.അല്ലൻ, ജാമി ഉയ്‌സ് എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജോൺ ബൊഷോഫിന്റേതാണ് പശ്ചാത്തല സംഗീതം.
✍sʏɴᴏᴘsɪs
■ ദക്ഷിണാഫ്രിക്കയിലും നമീബിയയിലും ബോട്ട്സ്വാനയിലുമായി വ്യാപിച്ചുകിടക്കുന്ന കാലഹരി മരുഭൂമി. അവിടെയാണ് ബുഷ്മെൻ എന്ന ആദിമ ഗോത്രസമൂഹം ജീവിക്കുന്നത്. പുറംലോകവുമായി യാധൊരു ബന്ധവുമില്ലാതെ അവർ ജീവിച്ചു. അതുകൊണ്ട് തന്നെ വെറുപ്പ്, അസൂയ, അഹങ്കാരം, സ്വാർത്ഥത തുടങ്ങിയ പരിഷ്‌കൃത സമൂഹത്തിന്റെ ഒരു ദുഃസ്വഭാവവുമില്ലാതെ അവർ സന്തോഷത്തോടെയും സമാധാനത്തോടെയും ഐക്യത്തോടെയും അവിടെ ജീവിച്ചു പോന്നു. അവരുടെ നേതാവായ ക്‌സിയിലൂടെയാണ് കഥ പറഞ്ഞുപോവുന്നത്. ഒരു ദിവസം കാലഹരി മരുഭൂമിക്ക് മുകളിലൂടെ പറന്ന എയറോപ്ലെയ്നിൽ നിന്നും അതിന്റെ പൈലറ്റ് അശ്രദ്ധമായി വലിച്ചെറിഞ്ഞ ഒരു കൊക്കോകോള കുപ്പി പൊട്ടാതെ ബുഷ്‌മെനിന്റെ വാസസ്ഥലത്ത് വീഴുന്നു. ആകാശത്ത് നിന്നും ദൈവം അവർക്കായി അയച്ച സമ്മാനമാണെന്ന് കരുതി ക്സി അത് എടുത്ത് മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുന്നു. ആഹാരസാധനങ്ങൾ മുറിക്കാനും മറ്റും വെറും മരക്കഷ്ണങ്ങളും കമ്പും മാത്രം ഉപയോഗിച്ചിരുന്ന അവർക്ക് അത് പല ഉപയോഗങ്ങൾക്കുമുള്ളൊരു ആയുധമായി മാറുന്നു. ചിലരത് സംഗീത ഉപകാരമാക്കി. അങ്ങനെ അതിന് ഒരേ സമയം ഒരുപാട് പേർ ആവശ്യക്കാരായി എത്തുന്നതോടെ സമാധാനത്തോടെയും ഐക്യത്തോടെയും ജീവിച്ച അവർക്കിടയിൽ ആദ്യമായി സ്വാർത്ഥതയും അസൂയയുമെല്ലാം വളർന്ന് അവർ പരസ്പരം വഴക്കടിക്കുന്നിടത്തേക്ക് കാര്യങ്ങളെത്തുന്നു. അങ്ങനെ ആ നശിച്ച വസ്തു എങ്ങനെയെങ്കിലും ഉപേക്ഷിക്കണമെന്ന് ഉറപ്പിച്ച ക്സി അതൊരിടത്ത് കുഴിച്ചിടുന്നു. പക്ഷേ, പിറ്റേന്ന് അതെങ്ങനെയോ കുട്ടികളുടെ കൈയ്യിലെത്തി വീണ്ടും പരസ്പരമുള്ള പോരാട്ടത്തിൽ കലാശിക്കുന്നു. വിദ്വേഷം ജനിപ്പിക്കുന്ന, മനസ്സമാധാനം തകർക്കുന്ന ആ വസ്തു ബുഷ്‌മെൻ സമൂഹത്തിന് അപ്രാപ്യമായ എവിടെയെങ്കിലും ഉപേക്ഷിക്കണം ; ക്സി ചിന്തിച്ചു. ലോകത്തിന്റെ അറ്റത്ത് കൊണ്ടുപോയി ഉപേക്ഷിക്കാം. പക്ഷേ, ലോകത്തിന്റെ അറ്റം എവിടെ? ഒരു ഇരുപത് ദിവസമെങ്കിലും യാത്രയുണ്ടാകും. എന്നാലും പോവുക തന്നെ. അങ്ങനെ ക്സി ആ നശിച്ച വസ്തു ഉപേക്ഷിക്കാനായി ലോകത്തിന്റെ അറ്റം തേടി യാത്രപുറപ്പെടുകയാണ്..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ നിക്‌സോ ടോമാ എന്ന നമീബിയൻ നടനാണ് ക്സി എന്ന ബുഷ്മാനായി അഭിനയിച്ചിരിക്കുന്നത്. നമീബിയയുടെ ഏറ്റവും പ്രശസ്തനായ നടൻ. മാരിയസ് വെയേഴ്‌സാണ് ആൻഡ്രൂ സ്റ്റെയ്ൻ എന്ന മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത്. സാന്ദ്ര പ്രിൻസ്ലൂ കെയ്റ്റ് തോംസൺ എന്നൊരു അധ്യാപികയുടെ വേഷത്തിലെത്തിയിരിക്കുന്നു. മൈക്കൽ തൈസ് (എമ്പുടി), ലൂ വെർവീ (സാം ബോഗ), നിക്ക് ഡി ജാഗർ (ജാക്ക് ഹിന്ദ്), ബ്രയാൻ ഓഷോൻസി മി. തോംസൺ), കെൻ ഗാമ്പു (പ്രസിഡന്റ്) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ ദി ഗോഡ് മസ്റ്റ് ബി ക്രേസി സീരീസിലെ ആദ്യത്തെ ചിത്രമാണിത്. ഒഫീഷ്യലായി ആകെ രണ്ട് ഭാഗങ്ങളും അൺഒഫീഷ്യലായി വേറെ മൂന്ന് ഭാഗങ്ങളുമുണ്ട് ദി ഗോഡ് മസ്റ്റ് ബി ക്രേസിക്ക്. വർണ്ണവെറിയാണെന്നാരോപിച്ച് ട്രിനിഡാഡ് & ടൊബാഗോയിൽ ദി ഗോഡ് മസ്റ്റ് ബി ക്രേസി നിരോധിച്ചിരുന്നു. അമേരിക്കൻ ബോക്സ് ഓഫീസിലല്ലാതെ വമ്പൻ ഹിറ്റ് നേടുന്ന ആദ്യ ചിത്രമായിരുന്നു ഇത്. നൂറ് മില്യൺ ഡോളറോളം വേർഡ് വൈഡ് കളക്ഷൻ നേടിയ ഈ സിനിമ പക്ഷേ, മുഖ്യ നടനായ നിക്‌സോക്ക് വെറും രണ്ടായിരം ഡോളറെ ശമ്പളം കൊടുത്തുള്ളൂ എന്നതിന് ദുഷ്പ്പേര് കേട്ടു. സംവിധായകനും നിർമ്മാതാവുമായ ജാമി ഉയ്‌സ് മുഖ്യ നടനായ നിക്സോ മരിക്കുന്നതിന് മുൻപ് ഇരുപതിനായിരം ഡോളറും മാസാമാസം ഒരു നിശ്ചിത തുകയും നൽകിയാണ് ആ ദുഷ്പ്പേര് മായ്ച്ചത്.
7.3/10 . IMDb
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ