Blood Diamond » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ലോകത്ത് എവിടെയൊക്കെ അമൂല്യ ധാതു സമ്പത്ത് കണ്ടെത്തിയിട്ടുണ്ടോ അതൊക്കെ പ്രദേശവാസികൾക്ക് സമ്മാനിച്ചത് ദൗർഭാഗ്യവും ദുരിതവും മാത്രമായിരുന്നു. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ആഴത്തിലുള്ള സ്വർണ്ണ ഖനിയായിരുന്ന കോലാർ ഗോൾഡ് ഫീൽഡ്‌സിനെ ആസ്പദമാക്കി കഴിഞ്ഞ വർഷം കന്നഡ ഭാഷയിൽ ഇറങ്ങിയ കെജിഎഫ് സിനിമ ഏറെക്കുറെ ഫാന്റസി ജോണറായിരുന്നെങ്കിലും അതിൽ പ്രതിപാദിച്ച അടിമ ജോലികളിൽ എത്രമാത്രം സത്യമുണ്ടായിരുന്നെന്നു ഒരു പിടിയുമില്ല. അമൂല്യധാതു സമ്പത്ത് കൊണ്ട് സമൃദ്ധമായത് ആഫ്രിക്കൻ ഭൂഖണ്ഡമാണ്. അതുകൊണ്ട് തന്നെ അടിമത്തം, ആഭ്യന്തര യുദ്ധങ്ങൾ, ദാരിദ്ര്യം തുടങ്ങിയവ കൊണ്ട്. ആഫ്രിക്കക്കാർ ഒരുപാട് അനുഭവിച്ചു. അവരുടെ ഭൂമിയിൽ പൊന്നും രത്നങ്ങളും വിളഞ്ഞപ്പോഴും അവർക്ക് വിശപ്പടക്കാൻ നിവൃത്തിയില്ലായിരുന്നു. നിരന്തരമായ ആഭ്യന്തര യുദ്ധങ്ങൾ കാരണം അസ്ഥിരമായ ഭരണകൂടങ്ങൾ മാത്രമുണ്ടായിരുന്ന രാജ്യങ്ങളിൽ നിന്നും ചുളുവിലയ്ക്ക് കള്ളക്കടത്ത് നടത്തി വിദേശങ്ങളിലെത്തുന്ന വജ്രക്കല്ലുകളെ സായിപ്പന്മാർ ബ്ലഡ് ഡയമൻഡ്‌സ് എന്ന് വിളിച്ചു. ആഫ്രിക്കൻ ജനതയുടെ ചോര പുരണ്ട അവയെ വേറെ എന്ത് പേരിട്ട് വിളിക്കാൻ. ഈ സിനിമ പറയുന്നതും ആ ചോരപുരണ്ട തിളക്കമുള്ള കല്ലുകളെക്കുറിച്ചു തന്നെയാണ്. ഒപ്പം ആ നിർഭാഗ്യ ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടങ്ങളുടെ കഥയും.
■ എഡ്വേഡ് സ്വിക്ക് സംവിധാനം നിർവഹിച്ച പൊളിറ്റിക്കൽ വാർ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് ബ്ലഡ് ഡയമണ്ട്. ചാൾസ് ലീവിറ്റാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എഡ്വേഡോ സെറ ഛായാഗ്രഹണവും സ്റ്റീവൻ റോസൻബ്ലം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജെയിംസ് ന്യൂട്ടൺ ഹൊവാഡ് ഒരുക്കിയ പശ്ചാത്തല സംഗീതം അതിഗംഭീരമായിരുന്നു.
✍sʏɴᴏᴘsɪs
■ തെക്ക് ലൈബീരിയയുമായും വടക്കും പടിഞ്ഞാറും ഗിനിയയുമായും അതിർത്തി പങ്കിടുന്ന ഉത്തര പൂർവ്വ ആഫ്രിക്കയിലെ ആഭ്യന്തര യുദ്ധം കൊണ്ട് കലാപകലുഷിതമായ സിയറ ലിയോണാണ് കഥാപശ്ചാത്തലം. വിമത വിഭാഗമായ റിവൊല്യൂഷനറി യുണൈറ്റഡ് ഫ്രണ്ട് എന്ന RUF സർക്കാരിനെതിരെ സായുധ കലാപം നടത്തിക്കൊണ്ടിരിക്കുന്നു. യുദ്ധത്തിനാവശ്യമായ ആയുധങ്ങളും മറ്റും വാങ്ങാനുള്ള പണത്തിന് വേണ്ടി ആദ്യം അവർ അവിടെയുള്ള വജ്ര ഖനികളുടെ നിയന്ത്രണം പിടിച്ചെടുത്തു. ഖനികളിൽ ജോലിചെയ്യാൻ സിയറ ലിയോണിലെ പാവപ്പെട്ട പൗരന്മാരെ അവർ അടിമകളാക്കി ഉപയോഗിച്ചു. അങ്ങനെയാണ് ഒരു മുക്കുവനായ സോളമൻ വാന്റീ അവരുടെ പിടിയിലകപ്പെടുന്നത്. തന്റെ ഭാര്യയുമായും മകനുമായും വേർപിരിക്കപ്പെടുന്ന സോളമൻ അവിടെ നിന്ന് രക്ഷപ്പെടാൻ പല ശ്രമങ്ങളും നടത്തുന്നു. നഗ്നമായ കൈകൾ കൊണ്ട് പോലും കോരിയെടുക്കാൻ പറ്റുന്ന അമൂല്യ വജ്രശേഖരം കൊണ്ട് സമ്പന്നമായ നദി. അവിടെ നിന്നാണ് വാന്റിക്ക് ഒരു വലിയ റോസ് നിറത്തിലുള്ള കോടികൾ വിലമതിക്കുന്നൊരു വജ്രം കിട്ടിയത്. വാന്റിയത് വിമതരുടെ ക്യാപ്റ്റന്റെ കണ്ണിൽപ്പെടാതെ ഒളിപ്പിക്കുന്നു. പക്ഷേ എന്നിട്ടും അയാളത് കണ്ടുപിടിക്കുന്നു. പക്ഷേ വാന്റിയുടെ ഭാഗ്യമാണോ നിർഭാഗ്യമാണോ എന്നറിയില്ല, ഗവണ്മെന്റ് പട്ടാളം അവിടം റൈഡ് ചെയ്യുന്നു. അങ്ങനെ വാന്റിയും വിമതരുമടക്കം ജയിലിലാകുന്നു. അതേ സമയം ലൈബീരിയയിലേക്ക് വജ്രം കള്ളക്കടത്ത് നടത്തിയതിന് പിടിയിലായ റൊഡേഷ്യൻ സ്വദേശിയായ ഡാനി ആർച്ചറും ഇതേ ജയിലിലുണ്ടായിരുന്നു. വിമത ക്യാപ്റ്റന്റെ സംഭാഷണത്തിൽ നിന്നും സോളമന്റെ പക്കൽ അമൂല്യമായൊരു വജ്രമുണ്ടെന്നു ഡാനി മനസ്സിലാക്കുന്നു. പിന്നീടത് എങ്ങനെയെങ്കിലും കൈക്കലാക്കാനായിരുന്നു ആർച്ചറുടെ ശ്രമം.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ഏത് കഥാപാത്രമായി വന്നാലും ഗംഭീര പ്രകടനം നടത്തി മറ്റു അഭിനേതാക്കളെ നിഷ്പ്രഭമാക്കുന്ന ഒരു വല്ലാത്ത ജാതി മനുഷ്യനാണ് ലിയനാർഡോ ഡികാപ്രിയോ. അദ്ദേഹമാണ് ഡാനി ആർച്ചർ എന്ന കള്ളക്കടത്തുകാരന്റെ വേഷത്തിലെത്തിയിരിക്കുന്നത്. പക്ഷേ, സോളമൻ വാന്റിയെ അവതരിപ്പിച്ച ജിമോൻ ഹോൻസു അക്ഷരാർത്ഥത്തിൽ ഡികാപ്രിയോയോട് കട്ടയ്ക്ക് മുട്ടി നിന്നു. ഇവരിൽ ആരായിരുന്നു കൂടുതൽ കേമൻ എന്ന് കണ്ടുപിടിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഡേവിഡ് ഹെയർവുഡ് അവതരിപ്പിച്ച വിമതരുടെ നേതാവ് ക്യാപ്റ്റൻ പോയ്സണും അർണോൾഡ് വോൾസൂ അവതരിപ്പിച്ച കേണൽ കോറ്റ്സിയും ഗംഭീര വില്ലന്മാർ തന്നെയായിരുന്നു. ജെന്നിഫർ കോനെല്ലി, മാഡി ബൊവെൻ എന്നൊരു മാധ്യമപ്രവർത്തകയായി എത്തിയിരിക്കുന്നു. കാഗിസോ കുയ്പ്പേഴ്‌സ് (ഡിയ വാന്റീ), ജെസ്സി വാന്റീ (ബെനു മബേന), ആന്റണി കോൾമാൻ (കോർഡൽ ബ്രൗൺ), അന്റോയിൻ ലുക്കോല (എൻയാന്റ വാന്റീ), അറ്റൊ എസൻഡോ (ക്യാപ്റ്റൻ റാംബോ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ ബ്ലഡ് ഡയമണ്ടിൽ മത്സരിച്ചഭിനയിച്ച ഡികാപ്രിയോക്കും ജിമോൻ ഹുൻസുവിനും യഥാക്രമം മികച്ച നടനും മികച്ച സഹനടനുമുള്ള ഓസ്കാർ നോമിനേഷനുകൾ ലഭിച്ചിരുന്നു. പക്ഷേ മികച്ച നടനുള്ള പുരസ്കാരം ദി ലാസ്റ്റ് കിങ് ഓഫ് സ്കോട്ലാന്റ് എന്ന ചിത്രത്തിൽ ഈദി അമീനായി വേഷമിട്ട ഫോറെസ്റ്റ് വിറ്റേക്കറും മികച്ച സഹനടനുള്ള പുരസ്കാരം ലിറ്റിൽ മിസ്സ് സൺഷൈൻ എന്ന ചിത്രത്തിൽ എഡ്വിൻ ഹൂവറായി വേഷമിട്ട അലൻ അർക്കിനും സ്വന്തമാക്കി. കൂടാതെ മികച്ച എഡിറ്റിംഗ്, മികച്ച ശബ്ദ മിശ്രണം, മികച്ച സൗണ്ട് എഡിറ്റിംഗ് എന്നിവയ്ക്കും ഓസ്കാർ നോമിനേഷനുകൾ ലഭിച്ചിരുന്നു. റസൽ ക്രോ ആയിരുന്നു ഡാനി ആർച്ചർ എന്ന കഥാപാത്രത്തിന് വേണ്ടി സംവിധായകൻ എഡ്വേഡ് സ്വിക്ക് കണ്ട രണ്ടാമത്തെ ഓപ്ഷൻ.
8/10 . IMDb
63% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ