Inception » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ കോബ്ര എന്ന മലയാള സിനിമയിൽ സലിംകുമാർ അവതരിപ്പിച്ച ഗോപാലൻ എന്ന കഥാപാത്രം നല്ല വെള്ളമടിച്ചുകൊണ്ട് പറയുന്നൊരു ഡയലോഗുണ്ട്. "ഈയിരിക്കണ ഞാനില്ലേ. അത് ഞാനല്ല. ഞാൻ എവിടെയോ ആണ്. നല്ല സുന്ദരക്കുട്ടപ്പനായിട്ട് ഇങ്ങനെ ജീവിക്കാണ്." അതാണ് ഇൻസെപ്‌ഷൻ എന്ന സിനിമ കണ്ടു തീർത്തപ്പോൾ എനിക്ക് ഓർമ്മ വന്നത്. ഇപ്പോൾ റിവ്യൂ എഴുതിക്കൊണ്ടിരുന്നത് എന്റെ വെറും സ്വപ്നമാണെങ്കിലോ? ചാർലിയിൽ ദുൽഖർ പറയുംപോലെ "താനും ഞാനുമൊക്കെ ആരുടെയെങ്കിലുമൊക്കെ തോന്നലാണെങ്കിലോ?" ഇൻസെപ്‌ഷൻറെ റെഫറൻസുകളിൽ ചിലത് മാത്രമാണിത്. ലൂസിഡ് ഡ്രീംമിങിന്റെ അനന്തസാധ്യതകളുടെ ചിറകിലേറി ക്രിസ്റ്റഫർ നോളൻ സമ്മാനിച്ച അത്ഭുതമാണ് ഇൻസെപ്‌ഷൻ എന്ന സിനിമ. നമ്മൾ സ്വപ്നത്തിലാണ് എന്ന് നമുക്ക് തന്നെ ബോധ്യമുണ്ടായാൽ ആ സ്വപ്നത്തെ നമുക്ക് നിയന്ത്രിക്കാനാവും എന്നതാണ് ലൂസിഡ് ഡ്രീമിങ്ങിന്റെ പ്രത്യേകത. ഈയൊരു ആശയമാണ് നോളനെ ഡ്രീം സ്റ്റീലേഴ്‌സ് എന്നൊരു തിരക്കഥയിലേക്ക് കൊണ്ടെത്തിച്ചത്. 2002ൽ ഇൻസോംനിയ എന്ന തന്റെ രണ്ടാമത്തെ സിനിമ പൂർത്തിയാക്കിയ ശേഷം 80 പേജുള്ള ഡ്രീം സ്റ്റീലേഴ്‌സ് എന്ന ആശയം അദ്ദേഹം വാർണർ ബ്രോസ് നവിതരണ കമ്പനിക്ക് മുന്നിൽ സമർപ്പിച്ചു. പക്ഷേ, കമ്പനി അത് വലിയ പരിശോധനകൾക്ക് ശേഷം നിർമ്മാണം ഏറ്റെടുത്തത് 2009ലാണ്. അതിനിടയ്ക്ക് നോളൻ തന്റെ തിരക്കഥയിൽ ഒരുപാട് മാറ്റം വരുത്തിയിരുന്നു. ബാറ്റ്മാൻ ട്രയോളജിയടക്കം വലിയ പ്രോജക്റ്റുകൾ ചെയ്ത് വിജയിപ്പിച്ചതായിരിക്കാം നോളനിൽ വാർണർ ബ്രോസ് വിശ്വാസമർപ്പിക്കാൻ കാരണം. അങ്ങനെ നോളൻ തന്റെ "സ്വപ്ന" സിനിമയിലേക്ക് ചുവടുവെച്ചു.
■ ക്രിസ്റ്റഫർ നോളൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച സൈക്കോളജിക്കൽ സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് ഇൻസെപ്‌ഷൻ. വാലി ഫിസ്റ്റർ ഛായാഗ്രഹണവും ലീ സ്മിത്ത് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. നഗര സൗന്ദര്യം ഇത്ര മനോഹരമായി പകർത്തിയ മറ്റൊരു സിനിമയുണ്ടോ എന്ന് തന്നെ സംശയം. ജപ്പാൻ, മൊറോക്കോ, ഫ്രാൻസ്, ഇംഗ്ലണ്ട്, കാനഡ, അമേരിക്ക എന്നിങ്ങനെ ആറു രാജ്യങ്ങളിലായിട്ടായിരുന്നു ഇൻസെപ്‌ഷൻ ചിത്രീകരിച്ചത്. ഹാൻസ് സിമ്മറാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അതിമനോഹരം എന്ന് തന്നെ പറയാം Time.
✍sʏɴᴏᴘsɪs
■ ഡൊമിനിക് കോബും ആർതറും കോർപ്പറേറ്റുകൾക്ക് വേണ്ടി ചാരപ്പണി നടത്തുന്ന നല്ല പഠിച്ച കള്ളന്മാരായിരുന്നു. മറ്റുള്ളവരുടെ ഉപബോധ മനസ്സുകളിൽ, അല്ലെങ്കിൽ സ്വപ്നങ്ങളിൽ കടന്നുകയറി അവരുടെയുള്ളിൽ രഹസ്യമായി സൂക്ഷിച്ച വിവരങ്ങൾ വരെ അടിച്ചു മാറ്റി അവരുടെ എതിരാളികൾക്ക് വിറ്റ് കാശുണ്ടാക്കുന്നവർ അഥവാ സ്വപ്ന മോഷ്ടാക്കളായിരുന്നു അവർ. സൈന്യം പരീക്ഷണാടിസ്ഥാനത്തിൽ മാത്രം ഉപയോഗിക്കുന്ന ടെക്‌നോളജി ഉപയോഗിച്ചായിരുന്നു അവർ മറ്റുള്ളവരുടെ സ്വപ്നങ്ങളിൽ കടന്നു കയറിയിരുന്നത്. അവരുടെ ഏറ്റവും പുതിയ ഇരയായിരുന്നു ജാപ്പനീസ് ബിസിനെസ്സുകാരനായിരുന്ന സൈറ്റോ. ആ മിഷന് ശേഷമാണ് അവർ അറിയുന്നത് അവരെ ഒന്ന് പരീക്ഷിക്കാൻ സൈറ്റോ തന്നെയൊരുക്കിയ മിഷനായിരുന്നു അതെന്ന്. കാരണം അയാൾക്ക് അസാധ്യമെന്നു കരുതിയൊരു ജോലി അവരെക്കൊണ്ട് ചെയ്യിക്കേണ്ടതുണ്ടായിരുന്നു. സ്വന്തം ആശയം മറ്റൊരാളുടെ സ്വപ്നത്തിൽ കടന്നു കയറി അയാളുടെ മനസ്സിൽ വിജയകരമായി സ്ഥാപിക്കണം. ഇതിനെയാണ് ഇവിടെ ഇൻസെപ്‌ഷൻ എന്ന് വിളിക്കുന്നത്. അതായത് താൻ വിചാരിച്ച കാര്യം അപരൻ അയാളുടെ മനസ്സിൽ തോന്നി ചെയ്യണം. സൈറ്റോയുടെ ബിസിനസ്സ് എതിരാളിയായിരുന്നു മൗറിസ് ഫിഷർ. പ്രായാധിക്യം കാരണം മരണത്തിന്റെ വക്കിലായിരുന്നു അയാൾ. അയാൾ മരിച്ചാൽ സൈറ്റോക്ക് ബിസിനസ്സിൽ എതിരാളികളില്ലാതാവും. പക്ഷേ, അതിന് മൗറിസിന്റെ മകൻ റോബർട്ട് ഫിഷർ അച്ഛന്റെ ബിസിനെസ്സ് ഒരിക്കലും ഏറ്റെടുക്കാൻ പാടില്ല. മൗറിസ് മരിച്ചാൽ സാധാരണ നിലയ്ക്ക് റോബർട്ട് ബിസിനെസ്സിലിറങ്ങും എന്നത് ഉറപ്പാണ്. റോബെർട്ടിന്റെ സ്വപ്നത്തിൽ കടന്നു കയറി അയാളുടെ മനസ്സ് മാറ്റുക എന്നതായിരുന്നു സൈറ്റോ കോബിനേയേൽപ്പിച്ച ദൗത്യം. അതിനായി സൈറ്റോ നൽകാമെന്നേറ്റ പ്രതിഫലം കോബിന് തന്റെ ജന്മനാടായ അമേരിക്കയിലേക്ക് മടങ്ങാൻ തടസ്സമായി നിൽക്കുന്ന ക്രിമിനൽ കേസ് തന്റെ സ്വാധീനം ഉപയോഗിച്ച് ഒഴിവാക്കിത്തരാം എന്നായിരുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ലിയനാർഡോ ഡികാപ്രിയോയാണ് ഡൊമിനിക് കോബെന്ന വേഷത്തിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുന്നത്. മരിച്ചു പോയ തന്റെ ഭാര്യ, ജന്മനാട്ടിലേക്ക് തിരിച്ചു പോവാൻ കഴിയാത്തതുകൊണ്ട് ഇനിയൊരിക്കലും അവരുടെ മുഖംകാണാൻ കഴിയില്ലെന്നുറപ്പിച്ച തന്റെ രണ്ട് ഓമനമക്കൾ. വിഷാദമുറങ്ങുന്ന ഒരു മനസ്സിനുടമയായിരുന്ന കോബ് ആയി ഡികാപ്രിയോ ജീവിക്കുകയായിരുന്നു. എന്തൊരു ക്ലീഷേയാണിത്. ഈ മനുഷ്യന് നാണമാവില്ലേ. കോബിന്റെ ഭാര്യ മാൾ കോബായി അഭിനയിച്ച മരിയൻ കോട്ടിലാർഡും ഇമോഷൻസ് കൈകാര്യം ചെയ്യുന്നതിൽ രാഞ്ജിയായിരുന്നു. ആർക്കിറ്റെക്റ്റ് വിദ്യാർത്ഥിനി അരിയാഡ്നിയായി അഭിനയിച്ച എലൻ പേജും തന്റെ വേഷം അതിഗംഭീരമാക്കി. സിലിയൻ മർഫിയാണ് റോബർട്ട് ഫിഷറായി വേഷമിട്ടിരിക്കുന്നത്. ജോസഫ് ഗോർഡൻ-ലെവിറ്റ് (ആർതർ), കെൻ വറ്റനാബെ (സൈറ്റോ), ടോം ഹാർഡി (ഈംസ്), ദിലീപ് റാവു (യൂസഫ്), ടോം ബെറഞ്ചർ (പീറ്റർ ബ്രൗണിങ്), മൈക്കൽ കെയ്ൻ (പ്രൊ. സ്റ്റീഫൻ മൈൽസ്), പീറ്റ് പോസിൽഫെയ്ത് (മൗറിസ് ഫിഷർ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ മികച്ച ഛായാഗ്രഹണം, മികച്ച ശബ്ദമിശ്രണം, മികച്ച സൗണ്ട് എഡിറ്റിംഗ്, മികച്ച വിഷ്വൽ എഫക്ട്സ് എന്നിവക്കുള്ള ഓസ്കാർ പുരസ്കാരങ്ങൾ നേടിയിരുന്നു. കൂടാതെ മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച സംഗീതം, മികച്ച കലാസംവിധാനം എന്നിവയ്ക്കുള്ള ഓസ്കാർ നാമ നിർദ്ദേശങ്ങളും ലഭിച്ചിരുന്നു ഇൻസെപ്ഷന്. വാർണർ ബ്രദേഴ്‌സ് കമ്പനി ഇൻസെപ്ഷൻ 3Dയിൽ എടുക്കാമെന്ന നിർദ്ദേശവുമായി നോളനെ സമീപിച്ചിരുന്നെങ്കിലും തന്റെ കഥാവതരണത്തെ അത് നശിപ്പിക്കും എന്ന് പറഞ്ഞുകൊണ്ട് അത് തള്ളിക്കളയുകയായിരുന്നു. കോബിന് വേണ്ടി ഡികാപ്രിയോ എന്ന ഒരാളെയേ നോളൻ കണ്ടിരുന്നുള്ളൂ. അതൊരു ജിന്നാണ് ബഹൻ.
8.8/10 . IMDb
87% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ